വംശീയ ദുരഭിമാനം സാമൂഹിക ജീര്‍ണത
yസുരക്ഷിതമായ സാമൂഹികജീവിതം സര്‍വപ്രധാനമാണ്. അതിനു വിള്ളലേല്‍ക്കാതിരിക്കാന്‍ ചെറുതും വലുതുമായ കാര്യങ്ങള്‍ സൂക്ഷിച്ചുപോരേണ്ടത് അനിവാര്യമാണ്. ഗോത്രം, വംശം, സമ്പത്ത്, നിറം, ഭാഷ തുടങ്ങിയ കാര്യങ്ങള്‍ ദുരഭിമാനത്തിനു നിമിത്തമാക്കിയ സാമൂഹികാന്തരീക്ഷമാണ് പ്രവാചകന്റെ കാലത്തു വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ഹജ്ജതുല്‍ വിദാഇലെ മനുഷ്യാവകാശ പ്രഖ്യാപനത്തോടെ ഈ സാമൂഹികജീര്‍ണത പ്രവാചകന് അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
വംശീയ ഉന്മൂലന സിദ്ധാന്തം ആധുനികയുഗത്തിലും കോമാളിത്തം കാണിക്കുന്നു. നാസി ജര്‍മനിയിലെ ഹിറ്റ്‌ലറെ ഓര്‍മിപ്പിക്കുന്ന പ്രഖ്യാപനം അമേരിക്കയില്‍ പ്രസിഡന്റ് ട്രംപില്‍നിന്നു ലോകം കേട്ടുകൊണ്ടിരിക്കുന്നു. അന്ത്യകാഹളമെന്നാണ് ട്രംപിന്റെ അര്‍ഥം. പേരും പ്രഖ്യാപനവും ഒത്തുവന്നതു യാദൃശ്ചികമാകാം. ഇന്ത്യയില്‍ സംഘികള്‍ മുഴക്കുന്നതും ഗുജറാത്തില്‍ നടപ്പാക്കിയതും ട്രംപിനും ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിക്കും ഇന്ത്യയില്‍ പുതിയ ജന്മം നല്‍കുകയാണെന്ന ആശങ്ക അസ്ഥാനത്തല്ല.
വംശീയ ദുരഭിമാനം നിരര്‍ഥകമാക്കിയ ഒരു വ്യവസ്ഥിതിയാണ് മുഹമ്മദ് നബി(സ്വ) നടപ്പാക്കിയത്. ബാലനായ സൈദുബ്‌നു ഹാരിസ്(റ) തന്റെ പത്‌നി ഖദീജയുടെ അടിമയായിരുന്നു. അവര്‍ ഭര്‍ത്താവിന് ഭൃത്യനായി കുട്ടിയെ നല്‍കി. തന്റെ കീഴില്‍ അടിമയായി ആ ബാലന്‍ തുടരുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടില്ല. പ്രവാചകന്‍ ആ ബാലനെ മോചിപ്പിച്ചു. സൈദാവട്ടെ തന്റെ കുടുംബത്തിലേക്ക് പോകാന്‍ ഇഷ്ടപ്പെട്ടില്ല. പ്രവാചകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. അവിടുത്തെ പരിലാളനയില്‍ സൈദ് വളര്‍ന്നു. പോറ്റുമകനായ സൈദിനെ മുഹമ്മദിന്റെ മകനാണെന്നായിരുന്നു ഖുറൈശികള്‍ വിളിച്ചിരുന്നത്.
അടിമകളായവര്‍ക്ക് കുലീനരായ സ്ത്രീകളെ വിവാഹം ചെയ്തുകൊടുക്കാന്‍ അറബികളുടെ ദുരഭിമാനം അനുവദിച്ചിരുന്നില്ല. മോചിതനായ അടിമയെന്ന വിശേഷണം സൈദിനുണ്ടായിരുന്നു. സൈദ് യൗവനത്തിലെത്തിയപ്പോള്‍ വിവാഹം നടത്തണമെന്ന് നബി(സ്വ) ചിന്തിച്ചു. കുലീനകുടുംബമായ അബ്ദുല്‍ മുത്വലിബിന്റെ തറവാട്ടില്‍നിന്ന് തന്റെ പിതൃസഹോദരിയുടെ മകള്‍ സൈനബയെയാണ് ഭാര്യയായി കണ്ടെത്തിയത്. ഈ വിവാഹത്തിന് നബി(സ്വ) മുന്‍കൈയെടുത്തു.
അറബികള്‍ക്കിടയിലുള്ള വംശീയവാദവും ജാതിസമ്പ്രദായവും ഇല്ലായ്മ ചെയ്യുകയായിരുന്നു പ്രവാചകന്റെ ലക്ഷ്യം. വിശ്വാസികള്‍ സഹോദരന്മാരാണെന്ന ആശയം പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരാന്‍ അവിടുന്നാഗ്രഹിച്ചു. ഇതിന് തന്റെ കുടുംബത്തില്‍ നിന്നുതന്നെ മാതൃക കാണിക്കാനായിരുന്നു നബി(സ്വ)യുടെ നിര്‍ബന്ധം.
സൈനബക്കും സഹോദരന്‍ അല്ലാഹിബ്‌നു ജഹ്ശിന്നും ഇതു തീരേ ഇഷ്ടപ്പെട്ടില്ല. കുലീനയായ സൈനബയെ അടിമയായ സൈദിന് വിവാഹം ചെയ്തുകൊടുക്കുന്നത് അവര്‍ക്ക് വിചാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഈ നിലപാടുതിരുത്താന്‍ ഖുര്‍ആനിലെ 33 ാം അധ്യായത്തില്‍ അല്ലാഹു ആവശ്യപ്പെട്ടു.
''അല്ലാഹുവും അവന്റെ പ്രവാചകനും ഒരു കാര്യത്തില്‍ തീരുമാനമെടുത്താല്‍ സത്യവിശ്വാസിയായ ആണിനോ പെണ്ണിനോ തങ്ങളുടെ കാര്യത്തെപ്പറ്റി സ്വന്തമായ അഭിപ്രായം ഉണ്ടാക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ പിഴച്ചുപോയിരിക്കുന്നു ''(33:36).
അല്ലാഹുവിന്റെയും പ്രവാചകന്റെയും ഹിതം കണക്കിലെടുത്തു മാത്രമാണ് സൈനബയുടെ കുടുംബം വിവാഹത്തിനു സമ്മതിച്ചത്. എന്നാല്‍, ഈ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. സൈദ് വിവാഹമോചനം നടത്തി. എന്നാലും ഈ വിവാഹം അതിവിപ്ലവകരമായിരുന്നു. സാമൂഹിക മാറ്റത്തിനും ഗോത്രദുരഭിമാനം ഇല്ലാതാക്കാനും ഇതു കാരണമായി. പൊരുത്തപ്പെട്ടു മുന്നോട്ടുപോകാന്‍ പറ്റാത്ത പരിതസ്ഥിതിയില്‍ ഈ ബന്ധം ബന്ധനമായി അവശേഷിക്കാന്‍ പാടില്ലാത്തതാണ്. അതില്‍നിന്നുള്ള മോചനമായിരുന്നു ഈ വിവാഹമോചനം.
ദത്തുപുത്രന്റെ ഭാര്യയെ വളര്‍ത്തച്ഛന്‍ വിവാഹം ചെയ്യാന്‍ പാടില്ലെന്ന ആചാരം കീഴ്‌വഴക്കമായി അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. വളര്‍ത്തുപുത്രനെ സ്വന്തം മകനെപ്പോലെ കരുതുകയും അവകാശാധികാരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതു മാറ്റിയെടുക്കാന്‍ പ്രവാചകന്‍ വിധവയായ സൈനബയെ വിവാഹം ചെയ്തു. വളര്‍ത്തുപുത്രന് സ്വന്തം പുത്രനെപ്പോലെ അവകാശങ്ങളൊന്നുമില്ലെന്ന ഇസ്്‌ലാമിക വ്യവസ്ഥ അറബികളെ ബോധ്യപ്പെടുത്താന്‍ കൈക്കൊണ്ടതാണ് ഈ നടപടി.
പിതൃബന്ധത്തിന്റെ യാതൊരു മാനവും ദത്തുപുത്രനില്ലെന്നതാണ് ഇസ്‌ലാമിക നിയമം. വളര്‍ത്തുപിതാവ് യഥാര്‍ഥ പിതാവല്ല. സൈദിനെ മുഹമ്മദിന്റെ മകനെന്നു സംബോധനം ചെയ്യരുതെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കുന്ന ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്മാരാക്കിയിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുപറയുന്ന വാക്കുമാത്രം. അല്ലാഹു സത്യം ചെയ്യുന്നു. നിങ്ങള്‍ ദത്തുപുത്രന്‍മാരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വമായിട്ടുള്ളത്. ഇനി പിതാക്കളെ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാണ്.''(33:45)
മകന്റെ ഭാര്യയെ പിതാവ് കല്യാണം കഴിച്ചുവെന്നാണ് ഈ വളര്‍ത്തുമകന്റെ വിവാഹത്തെ സംബന്ധിച്ച് ശത്രുക്കളുടെ ദുഷ് പ്രചാരണം. ഖുര്‍ആന്‍ പറഞ്ഞു: ''മുഹമ്മദ് നിങ്ങളില്‍ ഒരാണിന്റെയും പിതാവല്ല. അതെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. അന്ത്യപ്രവാചകനുമാണ്.'' (33:40). ഈ പുതിയ നടപടിയിലൂടെ പുതിയൊരു സാമൂഹിക മാറ്റമാണ് പ്രവാചകന്‍ (സ്വ) സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."