യമനില്‍ സഊദി വ്യോമാക്രമണം; നിരവധി മരണം
സന്‍ആ: യമനിലെ സംഘര്‍ഷപ്രദേശത്ത് കഴിഞ്ഞ ദിവസം സഊദി യുദ്ധവിമാനം തകര്‍ന്നുവീണതിനു പിന്നാലെ, ഹൂതി വിമതര്‍ക്കുനേരെ സഊദി വ്യോമാക്രമണം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ മുപ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍ പറയുന്നു. സഊദി-യു.എ.ഇ സഖ്യസൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസമാണ് യമനിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ സഊദിയുടെ യുദ്ധവിമാനം തകര്‍ന്നുവീണിരുന്നത്. ഇത് തങ്ങള്‍ വെടിവച്ചിട്ടതാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടിരുന്നെങ്കിലും അവരുടെ അവകാശവാദം തള്ളി സഊദി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സഊദി ആക്രമണം നടത്തിയതെന്നതിനാല്‍, വിമാനം ഹൂതികള്‍ വെടിവച്ചിട്ടതായിരുന്നെന്ന സംശയം ബലപ്പെടുകയാണ്.
ഇന്നലെ സഊദി നടത്തിയ ആക്രമണത്തില്‍ 31 യമന്‍ പൗരന്മാര് കൊല്ലപ്പെടുകയും 12 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. അല്‍ ജൗഫ് ഗവര്ണറേറ്റിനു കീഴിവുള്ള അല്‍ മസ്ലൂബ് ജില്ലയിലെ അല്‍ ഹയാജിലായിരുന്നു സഊദി ആക്രമണം നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് ഹൂതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം തങ്ങളുടെ യുദ്ധവിമാനം തകര്‍ന്നുവീണത് സമ്മതിച്ച സഊദി അധികൃതര്‍, സംഭവത്തില്‍ ആളപായമുണ്ടായതായോ തകര്‍ന്നുവീണതിന്റെ കാരണം എന്തെന്നു വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.
യമനില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി യു.എന്‍ ഹ്യൂമാനിറ്റേറിയന്‍ കോഡിനേറ്ററും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."