്ഇടുക്കിയില്‍ 315 ഏക്കര്‍ കൈയേറ്റഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു
സ്വന്തം ലേഖകന്‍
തൊടുപുഴ: 315 ഏക്കര്‍ കൈയേറ്റ ഭൂമി ഇടുക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. കൊന്നത്തടി വില്ലേജില്‍ ഉള്‍പ്പെടുന്ന മുനിയറ കരിമല മലമുകളില കൈയേറ്റ ഭൂമിയാണ് കലക്ടര്‍ എച്ച്.ദിനേശന്റെ നേതൃത്വത്തില്‍ റവന്യൂസംഘം ഏറ്റെടുത്തത്. സ്വകാര്യ വ്യക്തി കൈയേറി നിര്‍മിച്ച കെട്ടിടവും ഏറ്റെടുത്ത് സീല്‍ ചെയ്തു.
ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ബ്ലോക്ക് നമ്പര്‍ 29ല്‍പ്പെട്ട സര്‍വേ നമ്പര്‍ 11, 1771ല്‍പ്പെട്ട 315 ഏക്കര്‍ പാറക്കെട്ടായ ഭൂമിയാണ് മാഫിയാ സംഘം കൈയേറിയത്. ഇതില്‍ 191 ഏക്കര്‍ സ്ഥലം രാജാക്കാട് സ്വദേശി ജിമ്മിയുടെ നേതൃത്വത്തിലാണ് കൈക്കലാക്കിയത്. 33ഓളം പേര്‍ ചേര്‍ന്ന് ഈ ഭൂമി പ്ലോട്ടുകളായി തിരിച്ച് സ്വന്തമാക്കി. രാജക്കാട് സ്ലീവ പള്ളി സ്ഥാപിച്ചിട്ടുള്ള കുരിശിന്റെ മറവിലാണ് കൈയേറ്റം ഊര്‍ജിതമായത്. മലമുകളിലേക്ക് കോണ്‍ക്രീറ്റ് റോഡും റിസോര്‍ട്ടിന് സമാനമായ വന്‍ കെട്ടിടവും നിര്‍മിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ നിന്ന് അനധികൃതമായി കെട്ടിട നമ്പര്‍ വാങ്ങി ലൈന്‍ വലിച്ച് വൈദ്യുതിയും സംഘടിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വഴി അടച്ചതോടെ പരാതിയുമായി പ്രദേശവാസികള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തില്‍ 1977ന് മുന്‍പ് പുറമ്പോക്കായി തിരിച്ചിട്ടിരുന്ന ഭൂമിയാണിതെന്ന് ബോധ്യപ്പെട്ടു. എന്നാല്‍, 2018ല്‍ ജിമ്മി ഇതിനെതിരേ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തതതിനെത്തുടര്‍ന്ന് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍വേ ഡയരക്ടറുടെ അന്വേഷണത്തില്‍ ഭൂമി പുറമ്പോക്ക് തന്നെയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
കൊന്നത്തടി വില്ലേജ് ഓഫിസര്‍ എം.ബി ഗോപാലകൃഷ്ണന്‍ നായരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്. പൊന്‍മുടി ഡാമിന്റെ അതീവ സുരക്ഷാ മേഖലയില്‍പ്പെടുന്ന നാടുകാണിപ്പാറ കൈയേറി പന്നിയാര്‍കുട്ടി പള്ളി അധികൃതര്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരുന്ന കപ്പേള കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഏതാനും മാസം മുന്‍പ് പൊളിച്ചുനീക്കിയിരുന്നു. കലക്ടറുടെ സ്റ്റേപ്പ് മേമ്മോ പോലും അവഗണിച്ചാണ് നിര്‍മാണം നടത്തിയിരുന്നത്. വൈദ്യുതി വകുപ്പിന്റെ മൗനാനുവാദത്തോടെ അതുവഴി കടന്നുപോകുന്ന ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഏറ്റെടുത്ത ഭൂമി വേലിയിട്ട് തിരിച്ച് വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."