പ്രകാശ വര്‍ണങ്ങള്‍
പ്രകീര്‍ണനം
ഒരു സമന്വിത പ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍പിരിയുന്ന പ്രതിഭാസമാണ് പ്രകീര്‍ണനം. രണ്ടോ അതിലധികമോ വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സമന്വിത പ്രകാശം. പ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍പിരിയുന്നതാണ് പ്രകാശ പ്രകീര്‍ണനം.
വിസരണം
സൂര്യപ്രകാശം അന്തരീക്ഷത്തിലെ കണികകളില്‍ത്തട്ടി ചിതറുന്നതാണ് വിസരണം. പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം കുറയുന്നതിനനുസരിച്ച് വിസരണം കൂടുന്നു.
പൂരക വര്‍ണങ്ങള്‍
ഒരു പ്രാഥമിക വര്‍ണവും ഒരു ദ്വിതീയ വര്‍ണവും പരസ്പരം കൂടിച്ചേരുമ്പോള്‍ ധവള പ്രകാശം ലഭിക്കുന്നുവെങ്കില്‍ ആ രണ്ട് വര്‍ണങ്ങളും പരസ്പരം പൂരക വര്‍ണങ്ങളാണെന്നു പറയാം
ചക്രവാളത്തിന് ചുവപ്പു നിറം
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും തരംഗ ദൈര്‍ഘ്യം കുറഞ്ഞ വര്‍ണങ്ങള്‍ വിസരണത്തിന് വിധേയമാകുന്നതിനാലാണ് തരംഗ ദൈര്‍ഘ്യം കൂടിയ ചുവപ്പ് ചക്രവാളത്തിനു ലഭിക്കുന്നത്.
ടിന്റല്‍ എഫക്റ്റ്
കൊളോയിഡല്‍ ദ്രാവത്തിലൂടേയോ സസ്‌പെന്‍ഷനിലൂടെയോ പ്രകാശ കിരണങ്ങള്‍ കടന്നു പോകുമ്പോള്‍ അവയ്ക്കു സംഭവിക്കുന്ന വിസരണം മൂലം സഞ്ചാരപാത ദൃശ്യമാകാറുണ്ട്. ഈ പ്രതിഭാസമാണ് ടിന്റല്‍ എഫക്റ്റ്.
അര്‍ധചാലകങ്ങള്‍
ഓരോ പദാര്‍ഥങ്ങളേയും അവയുടെ ചാലകതയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍, സെമികണ്ടക്ടര്‍, ഇന്‍സുലേറ്റര്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. പദാര്‍ഥങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളുടെ സഹായത്താല്‍ വൈദ്യുതിപ്രവാഹം എളുപ്പമാക്കുന്നവയാണ് കണ്ടക്ടര്‍.
എന്നാല്‍ സ്വതന്ത്ര ഇലക്ട്രോണുകളുടെ അഭാവം മൂലം വൈദ്യുതി പ്രവാഹത്തെ തടയുന്നവയാണ് ഇന്‍സുലേറ്റര്‍. ഒരേ സമയം ഇന്‍സുലേറ്ററിന്റേയും കണ്ടക്ടറിന്റേയും സ്വഭാവം കാണിക്കുന്നവയാണ് അര്‍ധ ചാലകങ്ങള്‍
പ്രതിരോധ മറ
ഇലക്ട്രോണിക്‌സില്‍ സ്വാഭാവിക പ്രതിരോധത്തിനു പുറമേ ചിലപ്പോള്‍ കൃത്രിമ പ്രതിരോധം തീര്‍ക്കേണ്ടി വരാറുണ്ട്. ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്ന സാങ്കേതികതയാണ് റസിസ്റ്റര്‍.
വൈദ്യുതിയുടെ സുഗമമായ ഒഴുക്കിന് തടസമുണ്ടാക്കുന്ന ഘടകമാണ് റസിസ്റ്റര്‍. ക്രോമിയം, നിക്കല്‍, കാര്‍ബണ്‍ ഫിലിം തുടങ്ങിയവ കൊണ്ടാണ് ഇവ നിര്‍മിക്കുന്നത്. വൈദ്യുതി പ്രവാഹം കൊണ്ട് റസിസ്റ്റര്‍ ഉണ്ടാക്കുന്ന പ്രതിരോധം ഓം എന്ന യൂണിറ്റ് കൊണ്ടാണ് അളക്കുന്നത്. ഗ്രീക്ക് അക്ഷരമായ ഒമേഗ ഉപയോഗിച്ചാണ് പ്രതിരോധത്തെ സൂചിപ്പിക്കുന്നത്.
വൈദ്യുതി പ്രവാഹഫലമായി റസിസ്റ്ററില്‍ അനുഭവപ്പെടുന്ന പ്രതിരോധത്തിനനുസരിച്ച് ചാലകത്തിലൂടെയുളള വൈദ്യുതിയുടെ പ്രവാഹത്തിനും വോള്‍ട്ടതയ്ക്കും മാറ്റംവരും.
കപ്പാസിറ്ററുകള്‍
വൈദ്യുതി ശേഖരിച്ചുവയ്ക്കുന്നവരാണ് കപ്പാസിറ്ററുകള്‍. രണ്ടു ലോഹത്തകിടുകളെ ഒരു ഇന്‍സുലേറ്റര്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന ഘടനയാണ് കപ്പാസിറ്ററുകളുടേത്. അലൂമിനിയം, ചെമ്പ് എന്നിങ്ങനെയുള്ള ലോഹത്തകിടുകളും പേപ്പര്‍, ഗ്ലാസ്, മൈക്ക തുടങ്ങിയ ഇന്‍സുലേറ്ററുകളും ഉപയോഗിച്ചാണ് സാധാരണയായി ഇവ നിര്‍മിക്കുന്നത്. കപ്പാസിറ്ററുകളെ സ്ഥിരം കപ്പാസിറ്റുകളെന്നും (ഫിക്‌സഡ്) അസ്ഥിരകപ്പാസിറ്റുകളെന്നും (വേരിയബിള്‍) തരം തിരിച്ചിട്ടുണ്ട്. ഫിക്‌സഡ് കപ്പാസിറ്റുകളെ സെറാമിക്, മൈക്കാ,പോളിസ്റ്ററിന്‍,പോളിസ്റ്റര്‍ ഫിലിം കപ്പാസിറ്ററുകള്‍, ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകള്‍ എന്നിങ്ങനെയും വിഭജിച്ചിട്ടുണ്ട്. വൈദ്യുതി ശേഖരിച്ചുവയ്ക്കാനുള്ള ഓരോ കപ്പാസിറ്ററുകളുടേയും ശേഷിയാണ് കപ്പാസിറ്റന്‍സ്. ഇത് ഫാരഡ് എന്ന യൂണിറ്റില്‍ അളക്കാം. മ്യൂ എന്ന ഗ്രീക്ക് അക്ഷരം കൊണ്ടു സൂചിപ്പിക്കുന്നു. ഫാരഡ് താരതമ്യേന വലിയ അളവായതിനാല്‍ ഫാരഡിന്റെ ചെറിയ അളവുകളായ മൈക്കോ, നാനോ, പൈക്കോ തുടങ്ങിയ അളവുകളാണ് ഉപയോഗിക്കാറുളളത്. കപ്പാസിറ്റന്‍സ് കപ്പാസിറ്ററുകളുടെ മുകളില്‍ എഴുതിയിട്ടുണ്ടാകും.
ട്രാന്‍സിസ്റ്ററുകള്‍
ഇലക്ട്രോണിക്‌സിലെ ഒഴിവാക്കാനാവാത്ത ഘടകമാണ് ട്രാന്‍സിസ്റ്ററുകള്‍. ആംപ്ലിഫയറുകള്‍, ഓസിലേറ്ററുകള്‍ തുടങ്ങിയവയിലെ മുഖ്യഭാഗമാണിത്. പി.എന്‍.പി ട്രാന്‍സിസ്റ്റര്‍, എന്‍.പി.എന്‍ ട്രാന്‍സിസ്റ്റര്‍ എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട് ഇവ. ജര്‍മനീയം കൊണ്ടു നിര്‍മിച്ച ട്രാന്‍സിസ്റ്ററുകളെ ജര്‍മനീയം ട്രാന്‍സിസ്റ്ററുകള്‍ എന്നു വിളിക്കുന്നു. ട്രാന്‍സിസ്റ്ററിന്റെ മൂന്നു പിന്നുകളെ എമിറ്റര്‍, കളക്ടര്‍, ബേസ് എന്നീ പേരുകളില്‍ വിളിക്കുന്നു. പി.ടൈപ്പ,് എന്‍ ടൈപ്പ് സെമികണ്ടക്ടറുകളെക്കുറിച്ച് കൂട്ടുകാര്‍ മനസിലാക്കിയല്ലോ. ഇതില്‍ പി.ടൈപ്പ് സെമി കണ്ടക്ടറിന്റെ കനം കുറഞ്ഞപാളി മധ്യഭാഗത്ത് ഘടിപ്പിച്ച ഇരുവശത്തും എന്‍.ടൈപ്പ് സെമി കണ്ടക്ടറുകള്‍ ഘടിപ്പിച്ചതാണ് എന്‍.പി.എന്‍ ട്രാന്‍സിസ്റ്റര്‍. അപ്പോള്‍ പി.എന്‍.പി ട്രാന്‍സിസ്റ്ററോ കൂട്ടുകാര്‍ക്ക് ഊഹിക്കാമല്ലോ.
ഐ.സി ചിപ്പുകള്‍
അനേകം ട്രാന്‍സിസ്റ്റര്‍, ഡയോഡ്, റസിസ്റ്റര്‍, കപ്പാസിറ്റര്‍ തുടങ്ങിയവയെല്ലാം ഒരു സിലിക്കണ്‍ ഭാഗം കൊണ്ട് നിര്‍മിച്ചെടുത്താണ് ഐ.സി ചിപ്പുകള്‍ നിര്‍മിക്കുന്നത്. ഒരു മില്ലിമീറ്റര്‍ സമചതുരത്തില്‍ തന്നെ നൂറുകണക്കിന് ഇത്തരം ഘടകഭാഗങ്ങളെ ഉള്‍പ്പെടുത്താനാകുന്നതിലേക്കു ശാസ്ത്രം പുരോഗതി പ്രാപിച്ചിരിക്കുന്നു. ട്രാന്‍സിസ്റ്ററുകളുടെ ഒരു ലോകം തന്നെയാണ് ഇന്നു കംപ്യൂട്ടറില്‍ വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോ പ്രൊസസറുകള്‍. ഇന്റര്‍ഗ്രേറ്റഡ് സര്‍കീട്ടുകള്‍ ഉപയോഗിച്ചാണ് പ്രൊസസറുകള്‍ നിര്‍മിക്കുന്നത് .
മൈക്രോ പ്രോസസറും
ട്രാന്‍സിസ്റ്ററും
ഒരു കംപ്യൂട്ടറിന്റെ തലച്ചോറാണ് മൈക്രോ പ്രൊസസര്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ വിവിധ ക്രിയകള്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് പ്രൊസസറിന്റെ ധര്‍മം. ഓരോ മൈക്രോ പ്രൊസസറിലും ലക്ഷക്കണക്കിന് ട്രാന്‍സിസ്റ്ററുകള്‍ അടങ്ങിയിട്ടുണ്ട്. 1972ല്‍ പുറത്തിറങ്ങിയ 8008 പ്രൊസസര്‍ മോഡലുകളില്‍ മൂവായിരത്തി അഞ്ഞൂറോളം ട്രാന്‍സിസ്റ്ററുകളെ ഉള്‍ക്കൊള്ളിച്ചപ്പോള്‍ 1993ല്‍ പുറത്തിറങ്ങിയ പെന്റിയം പ്രൊസസറുകളില്‍ മുപ്പത്തിയൊന്നു ലക്ഷം ട്രാന്‍സിസ്റ്ററുകളാണ് ഉള്‍ക്കൊള്ളിച്ചത്. ഇതേ സീരീസില്‍പ്പെട്ട പെന്റിയം 4 ല്‍ എത്തുമ്പോഴേക്കും അത് അഞ്ഞൂറ്റി അമ്പതു ലക്ഷമായി മാറി. ഏറ്റവും അവസാനമായി ഇന്റല്‍ പുറത്തിറക്കിയ കോര്‍ ഐ സെവന്‍ പ്രൊസസറുകളില്‍ ഏതാണ്ട് നൂറ്റിയെഴുപതു കോടിയോളം ട്രാന്‍സിസ്റ്ററുകള്‍ അടങ്ങിയിട്ടുണ്ടെന്നാണു കണക്ക്. ഇന്റഗ്രേറ്റഡ് സര്‍ക്കീട്ടുകളുടെ മേന്‍മകള്‍- ഉപകരണങ്ങളുടെ വലിപ്പം, ഭാരം എന്നിവ കുറക്കാന്‍ സാധിക്കും. യാന്ത്രിക തകരാറുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും. കുറഞ്ഞ ഊര്‍ജം കൊണ്ട് ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമത ലഭിക്കും.
ഇലക്ട്രോണിക്‌സും ആധുനിക സാങ്കേതിക വിദ്യയും
ഡോപ്പിംഗ്
അര്‍ധചാലകങ്ങളുടെ ക്രിസ്റ്റല്‍ ഘടനയില്‍ മാറ്റം വരത്തക്കവിധത്തില്‍ അപദ്രവ്യങ്ങള്‍ (കാുൗൃശശേല)െ ചേര്‍ത്താല്‍ ഇവയെ ചാലകമാക്കി മാറ്റാന്‍ കഴിയും ഇതാണ് ഡോപ്പിംഗ്.
n ടൈപ്പും p ടൈപ്പും
സിലിക്കണ്‍ ജര്‍മനീയം എന്നീ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലില്‍ നാല് ഇലക്ട്രോണുകളുണ്ട്. ഇവ തൊട്ടടുത്ത നാല് ആറ്റങ്ങളുമായി ഇലക്ട്രോണുകള്‍ പങ്കിട്ട് സഹസംയോജക ബന്ധനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ സ്വതന്ത്ര ഇലക്ട്രോണുകളുടെ അഭാവം കാരണം മൂലകങ്ങളില്‍ വൈദ്യുത ചാലനം സംഭവിക്കുന്നില്ല. ഈ ഘടനയിലേക്ക് ആന്റിമണിയോ ആഴ്‌സനിക്കോ ചേരുന്നതോടുകൂടി ഘടനയില്‍ മാറ്റം സംഭവിക്കും. പുതിയതായിവന്നവ ജര്‍മനീയത്തിന്റെ ഭാഗമാകുകയും ബാഹ്യതമ ഷെല്ലില്‍ അഞ്ച് ഇലക്ട്രോണുള്ള ഇവ ജര്‍മനീയത്തിന്റെ നാല് ആറ്റങ്ങളുമായി ഇലക്ട്രോണ്‍ പങ്കിട്ട് സഹസംയോജക ബന്ധനം സ്ഥാപിക്കുന്നു.
ഇതോടെ ഒരു ഇലക്ട്രോണ്‍ സ്വതന്ത്രമാകുന്നു. ഇവിടെ ശുദ്ധ അര്‍ധചാലകത്തിലേതു പോലെ തെര്‍മല്‍ ഊര്‍ജം പ്രയോജനപ്പെടുത്തി ബോണ്ട് വിച്ഛേദിച്ച് ഇലക്ട്രോണ്‍ സ്വതന്ത്രമാകുന്നില്ലയെന്നതും ശ്രദ്ധേയമാണ്. പകരം ഡോപ്പിംഗ് മൂലമാണ് ഇലക്ട്രോണുകള്‍ ഉണ്ടാകുന്നത്. സ്വതന്ത്രമായ ഇലക്ട്രോണാകട്ടെ നെഗറ്റീവ് ചാര്‍ജ്ജുളളവയും. ഇതിനാല്‍ നമുക്ക് നെഗറ്റീവിന്റെ ആദ്യാക്ഷരം ചേര്‍ത്ത് എന്‍.ടൈപ്പ് സെമികണ്ടക്ടര്‍ എന്നു പറയാം. കൂടാതെ ഇലക്ട്രോണിനൊപ്പം ഹോള്‍ ജോഡികളും സൃഷ്ടിക്കപ്പെടുന്നു. ഇനി ജര്‍മനീയത്തെ ഗാലിയം, ബോറോണ്‍, ഇന്‍ഡിയം തുടങ്ങിയവ ഉപയോഗിച്ച് ഡോപ്പ് ചെയ്താല്‍ ഇവയിലെ ബാഹ്യതമ ഷെല്ലിലെ മൂന്ന് ഇലക്ട്രോണുകള്‍ സമീപത്തുള്ള നാല് ജര്‍മനീയവുമായി സഹ സംയോജക ബന്ധത്തിലേര്‍പ്പെടുകയും തല്‍ഫലമായി ഒരു ബോണ്ട് നിലനില്‍ക്കുകയും ചെയ്യുന്നു. ബോണ്ടില്‍ ഒരു ഇലക്ട്രോണ്‍ കുറവായതിനാല്‍ ഇവ ഒരു ഹോളായാണ് കാണപ്പെടുന്നത്. അതായത് നാലാമത്തെ ജര്‍മനീയം ആറ്റവുമായി ബന്ധനത്തിലേര്‍പ്പെടാന്‍ ഒരാളെ ലഭിക്കാതെ വരും. ഈ വിടവിനെ നമുക്ക് ഹോളെന്നു പറയാം. ഹോളിലേക്ക് എപ്പോളും നെഗറ്റീവ് ചാര്‍ജ്ജുള്ള ഇലക്ട്രോണ്‍ ആകര്‍ഷിക്കപ്പെടുന്നു. ഇനി ദ്വാരത്തിലേക്ക് ഒരു ഇലക്ട്രോണ്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ മറ്റൊരു പോസിറ്റീവ് ചാര്‍ജുള്ള ദ്വാരം സൃഷ്ടിക്കപ്പെടും. ഇത് നെഗറ്റീവ് ചാര്‍ജിനു നേരെ ഒഴുകി വൈദ്യുത പ്രവാഹത്തെ സഹായിക്കുന്നു. ഈ പ്രവര്‍ത്തനം ആവര്‍ത്തിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഹോളുകള്‍ സൃഷ്ടിക്കപ്പെടും. പോസിറ്റീവ് ചാര്‍ജ്ജുള്ള ഹോളുകള്‍ കൂടുതലായി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവയെ പി.ടൈപ്പ് സെമി കണ്ടക്ടര്‍ എന്നു വിളിക്കുന്നു. ജര്‍മനീയം ആറ്റത്തില്‍ ഡോപ്പിംഗ് മൂലം ഹോളുകളുടെ വര്‍ധനവുണ്ടാകുന്നു. എന്‍.ടൈപ്പ് സെമികണ്ടക്ടറില്‍ ഇലക്ട്രോണുകളാണ് മജോരിറ്റി കാരിയേര്‍സ്. അഥവാ വൈദ്യുത പ്രവാഹത്തിന്റെ മുഖ്യപങ്കും ഇവയുടെ പ്രവാഹം മൂലം ഉണ്ടാകുന്നു. എന്നാല്‍ പി.ടൈപ്പില്‍ ഹോളുകള്‍ മജോരിറ്റി കാരിയേര്‍സായി മാറുന്നു.
മറക്കാതിരിക്കാം
=ധവള പ്രകാശം ലഭിക്കാന്‍ ചേര്‍ക്കുന്ന വര്‍ണ ജോഡികളാണ് പൂരക വര്‍ണങ്ങള്‍
=വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാന്‍ ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ ഉപയോഗിക്കുന്നു
=വെളുത്ത പ്രതലം ഒരു ഘടക വര്‍ണത്തേയും ആഗിരണം ചെയ്യുന്നില്ല
=സൂര്യകിരണങ്ങള്‍ക്ക് ജലകണികകളില്‍വച്ച് രണ്ട് അപവര്‍ത്തനങ്ങളും രണ്ട് പൂര്‍ണാന്തര പ്രതിഫലനങ്ങളും നടക്കുന്നതിന്റെ ഫലമായാണ് ദ്വിതീയ മഴവില്ല് രൂപപ്പെടുന്നത്.
=ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ പ്രകാശത്തിന് വിസരണം സംഭവിക്കുന്നില്ല. ഇതിനാല്‍ തന്നെ ചന്ദ്രനിലെ ആകാശം ഇരുണ്ടനിറത്തില്‍ കാണപ്പെടുന്നു.
=ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം വസ്തുവിനെ ദൃഷ്ടിപഥത്തില്‍നിന്നു മാറ്റിയാലും സെക്കന്റിന്റെ പതിനാറിലൊരു ഭാഗം സമയത്തേക്ക് ദൃഷ്ടിപഥത്തില്‍ തങ്ങി നില്‍ക്കുന്നു. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത.
ഡയോഡ്
ഇലക്ട്രോണിക്‌സ് ഹോബി സര്‍ക്യൂട്ടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഡയോഡ്. പോയിന്റ് കോണ്‍ടാക്റ്റ് ഡയോഡുകള്‍, ജംഗ്ഷന്‍ ഡയോഡുകള്‍ എന്നിങ്ങനെ ഡയോഡുകളെ തരം തിരിച്ചിട്ടുണ്ട്. ഇവയെ വീണ്ടും പവര്‍, സിഗ്നല്‍, വരാക്ടര്‍, സെനര്‍, എന്നിങ്ങനെ വിഭജിച്ചിക്കാം. എലിമിനേറ്ററുകള്‍ ,പവര്‍സ്‌റ്റേജുകള്‍ എന്നിവയില്‍ എ.സിയെ ഡി.സിയാക്കി മാറ്റാന്‍ ഉപയോഗിക്കുന്നവയാണ് പവര്‍ ഡയോഡ്. പവര്‍ഡയോഡുകളേക്കാള്‍ തീവ്രത കുറഞ്ഞഘടകമാണ് സിഗ്നല്‍ ഡയോഡുകള്‍. റേഡിയോകളില്‍ സിഗ്നല്‍ ഡയോഡുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നല്‍കുന്ന വോള്‍ട്ടേജ് വ്യതിയാനത്തിനനുസൃതമായി കപ്പാസിറ്റന്‍സ് വ്യത്യസ്തമാക്കുന്ന ഡയോഡുകളാണ് വരാക്ടര്‍ ഡയോഡുകള്‍. സെനര്‍ ഡയോഡുകള്‍ കൃത്യതയുള്ള വോള്‍ട്ടേജുകള്‍ ലഭ്യമാക്കാനാണ് ഉപയോഗിക്കുന്നത്.
ഫോര്‍വേര്‍ഡ് ബയസും റിവേഴ്‌സ് ബയസും
ഒരു ഡയോഡിന്റെ നെഗറ്റീവ്, പോസിറ്റീവ് അഗ്രങ്ങളിലേക്ക് ബാറ്ററിയുടെ സാമാനമായ അഗ്രങ്ങളുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ കറന്റ് ഒഴുകുന്നതായി കാണാം. ഈ രീതിയാണ് ഫോര്‍വേര്‍ഡ് ബയസ്. എന്നാല്‍ ഡയോഡിന്റെ വ്യത്യസ്ത അഗ്രങ്ങളുമായി ബാറ്ററിയുടെ വ്യത്യസ്ത അഗ്രങ്ങള്‍ ബന്ധിപ്പിച്ചാല്‍ കറന്റ് ഒഴുകില്ല. ഇതാണ് റിവേഴ്‌സ് ബയസ്.
ഊര്‍ജ പരിപാലനം
ഹൈഡ്രജന്‍ ഇന്ധനം
ഭാവിയിലെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായാണ് ഹൈഡ്രജന്‍ ഇന്ധനത്തെ ശാസ്ത്രലോകം കണക്കാക്കുന്നത്. ഇനി വരാന്‍ പോകുന്ന കാലം ഹൈഡ്രജന്‍ ഇന്ധനങ്ങളുടേതായിരിക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിന്നു മുക്തമായ ഇവയെ ചെലവു കുറഞ്ഞ രീതിയില്‍ വേര്‍തിരിക്കാനും വാഹനങ്ങളിലും സമാനമായ യന്ത്രങ്ങളിലുപയോഗിക്കാനും ലോകമെങ്ങും പരീക്ഷണങ്ങള്‍ നടന്നു വരുന്നു. ഹൈഡ്രജന്റെ ഉയര്‍ന്ന ലഭ്യതയും ഊര്‍ജ്ജക്ഷമതയും മറ്റ് ഇന്ധനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നു. പക്ഷേ സ്ഥിര ഇന്ധനമാക്കുന്ന കാര്യത്തില്‍ ഇവയുടെ വിതരണവിനിമയത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ശാസ്ത്രലോകത്തിന് ഇന്നും വെല്ലുവിളി തന്നെയാണ്. ഫ്യൂവല്‍ സെല്ലുകള്‍ പോലെ ദ്രാവക രൂപത്തില്‍ ഹൈഡ്രജന്‍ മെച്ചപ്പെട്ട രീതിയില്‍ വിതരണം നടത്താനും ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജമുണ്ടാക്കാനും ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.
പ്രകൃതിവാതകം
ലിക്വിഫൈഡ് നാച്ച്വറല്‍ ഗ്യാസ് (എല്‍.എന്‍.ജി) എന്ന പ്രകൃതി വാതകം വൈദ്യുതോല്‍പ്പാദനം, ഗാര്‍ഹിക ഉപയോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. കല്‍ക്കരി പാടങ്ങളോടു ചേര്‍ന്നു കാണപ്പെടുന്ന പ്രകൃതി വാതകസ്രോതസ്സുകള്‍ ഭൂമിക്കടിയിലെ പാറയിടുക്കുകളില്‍ കുരുങ്ങിക്കിടക്കുന്ന വാതകങ്ങളുടെ ഫലമായാണ് രൂപം കൊള്ളുന്നത്. മീഥെയ്ന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ തുടങ്ങിയവ പ്രകൃതി വാതകത്തില്‍ കാണപ്പെടുന്നു.
ആണവ ഇന്ധനം
ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളാണിത്. സാധാരണയായി യൂറേനിയം ഓക്‌സൈഡിന്റെ രൂപത്തില്‍ യുറേനിയവും ആണവോര്‍ജോല്‍പാദനത്തോടൊപ്പം ന്യൂക്ലിയര്‍ റിയാക്ഷനാവശ്യമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ബ്രീഡര്‍ റിയാക്ടറില്‍ പ്ലൂട്ടോണിയവും ആണവ ഇന്ധനമായി ഉപയോഗിച്ചു വരുന്നു. ന്യൂക്ലിയര്‍ഫ്യൂഷന്‍, ന്യൂക്ലിയര്‍ഫിഷന്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.
ബയോഗ്യാസ്
ജൈവവസ്തുക്കളില്‍ സൂക്ഷ്മാണുക്കള്‍ ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ബയോഗ്യാസ് രൂപം കൊള്ളുന്നത്. മീഥെയ്ന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവയാണ് ഇതിലെ മുഖ്യഘടകങ്ങള്‍. ഇളം നീല നിറത്തിലുള്ള ജ്വാലയാണ് ബയോഗ്യാസ് ഇന്ധനത്തിനുണ്ടാകുക. പാചകാവശ്യങ്ങള്‍ക്കായി ഇന്ന് ലോകവ്യാപകമായി ഉപയോഗിച്ച് വരുന്നു. ചാരം അവശേഷിപ്പിക്കാതെയും പുകയില്ലാതെയും കത്തുന്നുവെന്നതാണ് ബയോഗ്യാസിന്റെ മേന്മ.
മറക്കാതിരിക്കാം
= ഒന്നു മുതല്‍ നൂറു വരെയുള്ള നാനോമീറ്റര്‍ കണങ്ങളെ ഉപയോഗപ്പെടുത്തി പുതിയ പദാര്‍ഥങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ശാസ്ത്ര ശാഖയാണ് നാനോടെക്‌നോളജി
= ചിത്രങ്ങളേയും ദൃശ്യങ്ങളേയും നേരിട്ടു ഡിജിറ്റല്‍ സിഗ്നലുകളാക്കി മാറ്റുന്നവയാണ് ഡിജിറ്റല്‍ കാമറകള്‍
= റോബോട്ടുകളുടെ നിര്‍മാണവും ഉപയോഗവും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് റോബോട്ടിക്‌സ്
=പ്രകാശ കണങ്ങളായ ഫോട്ടോണുകളുടെ സ്വഭാവം, നിയന്ത്രണം, ഉപയോഗം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫോട്ടോണിക്‌സ്
= വൈദ്യുത ചാര്‍ജ് സംഭരിക്കുകയും ആവശ്യാനുസരണം വിട്ടു കൊടുക്കുകയും ചെയ്യുന്നവയാണ് കപ്പാസിറ്ററുകള്‍
മറക്കാതിരിക്കാം
=പുനസ്ഥാപിക്കാന്‍ കഴിയാത്തവയാണ് ഫോസില്‍ ഇന്ധനങ്ങള്‍
=പുരാതന ജീവികളുടെ അവശിഷ്ടങ്ങള്‍ ഉന്നത താപനിലയിലും മര്‍ദ്ദത്തിലും രാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി രൂപപ്പെടുന്നതാണ് പെട്രോളിയം
=ബയോമാസ് പ്ലാന്റില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനഫലമായാണ് ബയോഗ്യാസ് രൂപപ്പെടുന്നത്.
=അപൂര്‍ണ ജ്വലനം മൂലം രൂപപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡും കാര്‍ബണ്‍ഡൈ ഓക്‌സൈഡും കരിയും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു
=ഹൈഡ്രജന്‍ കലോറി മൂല്യമുള്ള ഇന്ധനമാണെങ്കിലും സുരക്ഷിതമായി സംഭരിച്ചുവയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."