കശ്മീരില്‍ മധ്യസ്ഥത: യു.എന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദേശം തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നിര്‍ദേശം തള്ളുകയും ചെയ്തു. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും അത് അങ്ങനെത്തന്നെ തുടരുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
തന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഇസ്‌ലാമാബാദില്‍ വച്ചാണ് മധ്യസ്ഥ വാഗ്ദാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ രംഗത്തെത്തിയത്. 'സൈനികമായും വാക്കുകള്‍കൊണ്ടും സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇരു രാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാം,' എന്നായിരുന്നു അന്റോണിയോ ഗുട്ടറസിന്റെ പറഞ്ഞത്.
എന്നാല്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. പാകിസ്താന്‍ കൈയേറിയിരിക്കുന്ന പ്രദേശം ഒഴിയുകയാണ് വേണ്ടത്. ഇതിനു പുറമെയുള്ള എന്ത് വിഷയവും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷികളുടെ ഇടപെടല്‍ വേണ്ടെന്നും ഇന്ത്യ അറിയിച്ചു.
അതിര്‍ത്തി കടന്ന് പാകിസ്താന്‍ ഇന്ത്യക്കെതിരേ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാക് അധികാരികളില്‍ സമ്മര്‍ദം ചെലുത്തണമെന്നും യുഎന്‍ സെക്രട്ടറിയോട് ഇന്ത്യ ആവശ്യപ്പെട്ടു. പാക് സൈന്യത്തിന്റെ പിന്തുണയോടെ അതിര്‍ത്തി കടന്ന് നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ജീവിതത്തിനും അടിസ്ഥാന മനുഷ്യവകാശങ്ങള്‍ക്കും വെല്ലുവിളിയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."