ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; വന്‍മരങ്ങള്‍ കടപുഴകി
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍നിന്ന് വമ്പന്‍ താരങ്ങള്‍ പുറത്തായി. റോജര്‍ ഫെഡറര്‍, മരിയ ഷറപ്പോവ, കെര്‍ബര്‍ എന്നിവരാണ് തോറ്റ് പുറത്തായത്. ഇരുപതുകാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനോടാണ് സ്വിസ് താരം റോജര്‍ ഫെഡറര്‍ പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡറര്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 6-7(11), 7-6(3), 7-5, 7-6(5). ഇതോടെ തുടര്‍ച്ചയായി മൂന്ന് തവണ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാമെന്ന സ്വിസ് താരത്തിന്റെ സ്വപ്നം പൊലിഞ്ഞു.
മത്സരത്തില്‍ ഒട്ടേറെ അവസരങ്ങള്‍ നഷ്ടമാക്കിയതും അനാവശ്യപിഴവുകള്‍ വരുത്തിയതുമായിരുന്നു ഫെഡററുടെ തോല്‍വിക്ക് കാരണം. കണിശതയാര്‍ന്ന കളിമികവ് കൊണ്ട് സിറ്റ്‌സിപാസ് കാണികളെയും ഫെഡററേയും അമ്പരപ്പിച്ചു. 22-ാം സീഡ് സ്പാനിഷ് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റ ഓഗട് ആണ് ഗ്രീക്ക് താരത്തിന്റെ അടുത്ത എതിരാളി. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ സെമിയില്‍ പ്രവേശിക്കും.
മറ്റൊരു മത്സരത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ടിച്ചിനെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്നു. 6-0, 6-1, 6-7(4-6) എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം. അതേസമയം, വനിതാ വിഭാഗത്തില്‍ മുന്‍ ചാംപ്യന്‍ ആഞ്ചലിക്വെ കെര്‍ബറും മരിയ ഷറപ്പോവയും പുറത്തായി. അഷ്‌ലെയ്ഗ് ബാര്‍ട്ടിയാണ് പ്രീക്വാര്‍ട്ടറില്‍ ഷറപ്പോവയെ അട്ടിമറിച്ചത്. ഡാനിയേല റോസി കോളിന്‍സ് കെര്‍ബറെയും തട്ടിപ്പുറത്തിട്ടു.
പരുക്കിന്റെ പിടിയിലായിരുന്ന നദാല്‍ മികച്ച പ്രകടനത്തിലൂടെ വീണ്ടും കളത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയായിരുന്നു കണ്ടത്.
തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുന്‍ ചാംപ്യന്‍ തോല്‍പ്പിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും നദാലിനെ വിറപ്പിക്കാന്‍ ബെര്‍ഡിച്ചിന് കഴിഞ്ഞില്ല. അനാവശ്യ പിഴവുകളും ബെര്‍ഡിച്ചിന്റെ തോല്‍വിക്കിടയക്കി. അമേരിക്കന്‍ താരം ഫ്രാന്‍സിസ് ടിയാഫോയിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രിഗര്‍ ദമിത്രോവിനെ 7-5, 7-6, 6-7, 7-5 എന്ന സ്‌കോറിനാണ് ടിയാഫോയി കീഴടക്കിയത്.
വനിതാ വിഭാഗത്തില്‍ കെര്‍ബറിന്റെ തോല്‍വി ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.
6-0, 6-2 എന്ന സ്‌കോറില്‍ ദയനീയമായാണ് കെര്‍ബര്‍ സീഡില്ലാത്ത അമേരിക്കന്‍ താരം കോളിന്‍സിനോട് അടിയറവ് പറഞ്ഞത്. ഇതാദ്യമായാണ് കോളിന്‍സ് ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തുന്നത്. ഷറപ്പോവ 4-6, 6-1, 6-4 എന്ന സ്‌കോറിന് ബാര്‍ട്ടിയോടും തോറ്റു. ഇതോടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി സ്വന്തം നാട്ടില്‍ ഗ്രാന്‍ഡ്‌സ്‌ലാം ക്വാര്‍ട്ടറില്‍ എത്തുന്ന ആസ്‌ത്രേലിയന്‍ വനിതാ താരമായി ബാര്‍ട്ടി. അമേരിക്കന്‍ താരം വീനസ് വില്യംസും ക്രൊയേഷ്യന്‍ താരം സിലിച്ചും നേരത്തെതന്നെ തോറ്റ് പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."