കാസര്‍കോടിനുമുണ്ട് ആവശ്യങ്ങള്‍
മികച്ച പ്രഖ്യാപനങ്ങള്‍ക്കു കാതോര്‍ക്കുന്നു, വിനോദസഞ്ചാര മേഖല
ചെറുവത്തൂര്‍: ടൂറിസത്തിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് മികച്ച പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ജില്ലയിലെ വിനോദസഞ്ചാര മേഖല. ഉത്തരമലബാറിലെ വിനോദസഞ്ചാര വികസനത്തിനു സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയാറാക്കിവരുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജില്ലയില്‍ എത്തിയപ്പോള്‍ പ്രഖ്യാപിച്ചിരുന്നു. നാടിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തുന്ന പ്രദേശമാണു കാസര്‍കോട്. ഇവിടെ ബേക്കലുമായി ബന്ധപ്പെട്ട് വലിയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഉത്തര മലബാറിലെ നദികള്‍ കേന്ദ്രീകരിച്ചു പുതിയ വിനോദസഞ്ചാര പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഇതിനും പ്രതീക്ഷയോടെയാണു കാസര്‍കോട് കാത്തിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കൂടി ഒഴുകുന്ന വളപ്പട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കൗവ്വായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം എന്നീ നദികളിലാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉത്തരമലബാറിന്റെ പാരമ്പര്യകലകള്‍, തനതായ ഭക്ഷണം, പരമ്പരാഗത തൊഴിലുകള്‍, കൃഷി രീതികള്‍, കരകൗശല പാരമ്പര്യം, പ്രകൃതി ഭംഗി, ആയോധനകലകള്‍ ഇവയൊക്കെ വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണു ലക്ഷ്യം. നീലേശ്വരം ബീച്ച്, ചെറുവത്തൂര്‍ വീരമലക്കുന്നു ടൂറിസം പദ്ധതി എന്നിവയെല്ലാം ചേര്‍ത്തുള്ള കാസര്‍കോട് വിനോദസഞ്ചാര പാക്കേജ് ഉണ്ടാകണമെന്നാണു ജനം നേരത്തെ മുന്നോട്ട് വച്ച ആശയം. മന്ത്രി കടകംപള്ളി വീരമലക്കുന്നു സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തീകരിക്കണം
നബാര്‍ഡിന്റെ ധനസഹായത്തോടെ 68 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിക്കു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഭരണാനുമതിയും സാങ്കേതികാനുമതിയും ആദ്യഘട്ട ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിരുന്നെങ്കിലും സര്‍ക്കാര്‍ മാറിയതോടെ തുടര്‍നടപടികള്‍ നിലച്ച നിലയിലാണ്
ബദിയടുക്ക: ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജിനെ ബജറ്റില്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണു ജനം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു 2013 ലാണു ഇതിന്റെ തറക്കല്ലിട്ടത്. തുടര്‍ന്നു അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീടു നടന്ന വിജിലന്‍സ് അന്വേഷണവും മറ്റുമായി പിന്നേയും പണി നടക്കാതായി. തുടര്‍ന്നു നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രഭാകരന്‍ കമ്മിഷനിലുള്‍പ്പെടുത്തി അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണത്തിനായി 28 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.
ആറു മാസത്തിനകം അക്കാദമിക് ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണു അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴും പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുകയാണ്. അതേസമയം നബാര്‍ഡിന്റെ ധനസഹായത്തോടെ 68 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിക്കു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഭരണാനുമതിയും സാങ്കേതികാനുമതിയും ആദ്യഘട്ട ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിരുന്നെങ്കിലും സര്‍ക്കാര്‍ മാറിയതോടെ തുടര്‍നടപടികളും നിലച്ച നിലയിലാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതലുള്ള ജില്ലയിലെ മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനു ഇന്നവതരിപ്പിക്കുന്ന ബജറ്റില്‍ മുന്തിയ പരിഗണന വേണമെന്ന ആവശ്യം ശക്തമാണ്.
പദ്ധതികള്‍ പലതുണ്ട്, വേണ്ടതു പരിഗണന
നീലേശ്വരം: ഇടതുസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണു ജില്ല കാത്തിരിക്കുന്നത്. ജില്ലയുടെ സമഗ്ര വികസനത്തിനു ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ ബജറ്റിന്റെ ഭാഗമായുണ്ടാകുമെന്നാണു പ്രതീക്ഷ.
ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുന്ന പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവശ്യമായ തുക ബജറ്റില്‍ നീക്കിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ ബജറ്റ് പുതുക്കിയ സമയത്തും ഇതിനായി 87 കോടി രൂപ നീക്കിവച്ചിരുന്നു. ആ തുക തന്നെ ഇത്തവണയും വകയിരുത്തുമെന്ന പ്രതീക്ഷയിലാണു ജില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജും ജില്ല പ്രതീക്ഷിക്കുന്നുണ്ട്. ബദിയടുക്ക ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക വികസന പാക്കേജ് എന്ന ആവശ്യവും ശക്തമാണ്.
ബാവിക്കര കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക നൂറുകോടിക്കു മുകളിലെത്തിയെങ്കിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന തരത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിനായി തുക അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബേക്കല്‍ കേന്ദ്രമാക്കി ജില്ലയുടെ വിനോദസഞ്ചാര മേഖലയുടെ സമഗ്രവികസനത്തിനായുള്ള പാക്കേജ് ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയും ജില്ലയ്ക്കുണ്ട്.
ബേക്കല്‍ എയര്‍സ്ട്രിപ്പ്, അഴിത്തല ടൂറിസം വില്ലേജ് എന്നിവയ്ക്കായി തുക നീക്കിവച്ചേക്കും. ചീമേനി ഐ.ടി പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു യുവസംരംഭകര്‍ക്ക് അനുകൂലമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള ജനപ്രിയ ബജറ്റിനാണു ജില്ല കാതോര്‍ക്കുന്നത്.
പ്രതീക്ഷ കൈവിടാതെ തൃക്കരിപ്പൂര്‍ സബ്ട്രഷറി
തൃക്കരിപ്പൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നടപ്പാക്കാതിരിക്കുകയും ചെയ്ത തൃക്കരിപ്പൂര്‍ സബ്ട്രഷറി ഇക്കുറി സംസ്ഥാന ബജറ്റില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണു തൃക്കരിപ്പൂരിലെയും പരിസര പഞ്ചായത്തുകളിലെയും ജനം. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട് തുടങ്ങിയ പഞ്ചായത്തുകളിലുള്ള ഓഫിസുകള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെട്ടിരുന്ന തൃക്കരിപ്പൂര്‍ ഏകാംഗ ട്രഷറി 2011 ല്‍ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതോടെയാണ് ജനം ദുരിതത്തിലായത്. തുടര്‍ന്നു സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ സബ്ട്രഷറി അനുവദിക്കുമെന്നു വാഗ്ദാനവും നല്‍കിയിരുന്നു. 1997ല്‍ ഇടതു സര്‍ക്കാറാണ് തൃക്കരിപ്പൂരില്‍ ഏകാംഗ ട്രഷറി ആരംഭിച്ചത്. പതിമൂന്നാം നിയമസഭയുടെ നാലാം സമ്മേളനത്തില്‍ കെ കുഞ്ഞിരാമന്റെ ചോദ്യത്തില്‍ അന്നു മന്ത്രി കെ.എം മാണി സബ്ട്രഷറി പരിഗണനയിലാണെന്നു മറുപടി നല്‍കുകയും 2014ലെ ബജറ്റില്‍ ട്രഷറി അനുവദിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ വിജയമാണെന്നു കെട്ടിഘോഷിച്ച് യു.ഡി.എഫ് 2014 ജനുവരി 29നു തൃക്കരിപ്പൂരില്‍ ആഹ്ലാദ പ്രകടനം നടത്തി.
കെ കുഞ്ഞിരാമന്റെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് സബ്ട്രഷറി പ്രഖ്യാപനം ഉണ്ടായതെന്ന് അവകാശപ്പെട്ട് കെ കുഞ്ഞിരാമന്‍ എം.എല്‍.എയെ ആനയിച്ച് 2014 ഫെബ്രുവരി രണ്ടിന് തൃക്കരിപ്പൂര്‍ ടൗണില്‍ എല്‍.ഡി.എഫും ആഹ്ലാദ പ്രകടനം നടത്തി. ആഹ്ലാദ പ്രകടനമല്ലാതെ സബ്ട്രഷറി മാത്രം വന്നില്ല.
പൂവണിയണം പ്രതീക്ഷകള്‍...
കാസര്‍കോട്: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും മാര്‍ച്ചുകളും യാത്രകളും ആരംഭിക്കാനും സമാപിക്കാനുമുള്ള സ്ഥലം എന്നതിലുപരി ജില്ലയ്ക്കു മാത്രമുള്ള മറ്റൊരു ശാപമാണ് എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത ഗ്രാമങ്ങള്‍. ഈ ഗ്രാമങ്ങളിലെ ദുരിത ബാധിതരുടെ കണ്ണീരില്‍ ചവിട്ടിയാണ് ഓരോ സര്‍ക്കാരും അധികാരമേല്‍ക്കാറുള്ളത്. ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള പദ്ധതികളും പ്രഖ്യാപനവുമായി കോടികള്‍ അനുവദിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ രോഗികള്‍ക്കിടയിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്നുള്ളുവെന്നാണു പരക്കേയുള്ള ആക്ഷേപം.
പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ ബജറ്റില്‍ തന്നെ പ്രതീക്ഷകള്‍ ഇവയൊക്കെയാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."