റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച: യു.എസ് അറ്റോര്‍ണി ജനറല്‍ കുരുക്കില്‍
വാഷിങ്ടണ്‍: റഷ്യന്‍ അംബാസഡറുമായി യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് കൂടിക്കാഴ്ച്ച നടത്തിയത് വിവാദത്തില്‍. വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായി എന്ന കാര്യത്തില്‍ അന്വേഷണം നടത്താമെന്ന് യു.എസ് കോണ്‍ഗ്രസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സെഷന്‍സിന്റെ കൂടിക്കാഴ്ച്ച സംബന്ധിച്ച വിവരം പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സെഷന്‍സ് റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തിയത്. രണ്ടു തവണയായിരുന്നു കൂടിക്കാഴ്ച്ച. ഇക്കാര്യം നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അന്വേഷണത്തില്‍ ഡൊണാള്‍ഡ് ട്രംപും റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് യു.എസ് കോണ്‍ഗ്രസിലെ ഇന്റലിജന്‍സ് കമ്മിറ്റി പരിശോധിക്കുക. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് തള്ളിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലും സെപ്തംബറിലും സെനറ്റിലെ ആംഡ് സര്‍വിസ് കമ്മിറ്റിയുടെ ഭാഗമായതിനാലാണ് റഷ്യന്‍ അംബാസിഡറായ സെര്‍ജി കിസ്‌ല്യാക്കുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ആരോപണങ്ങള്‍ സെഷന്‍സ് തള്ളി. രാഷ്ട്രീയ പ്രചാരണത്തിന്റ ഭാഗമായി താന്‍ റഷ്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്നും സെഷന്‍സ് വ്യക്തമാക്കി. വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സെഷന്‍സിനെ വിമര്‍ശിച്ച് രംഗത്തെത്തി.
സെഷന്‍സ് രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു. നേരത്തെ റഷ്യയുമായുള്ള വഴിവിട്ട ബന്ധത്തെ തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്‍ രാജിവച്ചിരുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായി എന്ന ആരോപണത്തിന് കൂടുതല്‍ ബലമേകുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ 25ലധികം രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്കൊപ്പം സെഷന്‍സ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരും സ്വകാര്യ സംഭാഷണം നടത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇരുവരും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ടീമിന്റെ ഭാഗമായ സെഷന്‍സ് രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് എതിരാളികളുടെ ആരോപണം.
അതേസമയം, വൈറ്റ് ഹൗസ് വക്താവ് സെഷന്‍സിന് പിന്തുണയറിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിനെതിരേ നടത്തുന്ന വ്യാജ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."