അറബിക് ഭാഷാധ്യാപക പരീക്ഷ: ഇത്തവണ സേ ഇല്ല, ദുരിതത്തിലാകുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍
പെരിന്തല്‍മണ്ണ: എസ്.സി.ഇ.ആര്‍.ടി നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടും വിദ്യഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ അറബിക് ഭാഷാധ്യാപക പരീക്ഷയില്‍ ഇത്തവണ സേ പരീക്ഷയ്ക്കുള്ള അവസരവും നിഷേധിക്കുന്നതിലൂടെ ദുരിതത്തിലാകുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍. പ്രൈമറി വിദ്യാലയങ്ങളിലേക്ക് പരീക്ഷാ ഭവന്‍ നേരിട്ടു നടത്തിയ അറബിക് ഭാഷാധ്യാപക പരീക്ഷയുടെ ഭാഗമായി കഴിഞ്ഞ മെയ് 16 മുതല്‍ 27 വരെ നടത്തിയ പരീക്ഷയില്‍ പരാജയപ്പെട്ടവരാണ് ഫലത്തില്‍ മൂല്യനിര്‍ണയത്തിനു പോലും അവസരമില്ലാതെ അവഗണിക്കപ്പെട്ടിരിക്കുന്നത്.
പ്രൈമറി അധ്യാപക നിയമനത്തിന് ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) അടിസ്ഥാന യോഗ്യതയാക്കി പരിഷ്‌ക്കരിക്കാനിരിക്കെ, അവസാനമായി നടത്തിയ ഭാഷാധ്യാപക പരീക്ഷയില്‍ സേ പരീക്ഷയ്ക്കുള്ള അവസരം ഉണ്ടാവില്ലെന്ന് ഇതിനകം പരീക്ഷാഭവന്‍ അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഭാഷാധ്യാപക പരീക്ഷകളില്‍ സേ പരീക്ഷകള്‍ക്ക് അനുമതി നല്‍കിയിരുന്നിടത്താണ് ഇത്തവണ യാതൊരു മുന്നറിയിപ്പുമില്ലാതെ പുതിയ തീരുമാനം കൈക്കൊണ്ടത്. സേ പരീക്ഷയില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒരു വര്‍ഷത്തോളം പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളിപ്പോള്‍ ആശങ്കയിലാണ്.
നേരത്തെ ഡിസംബര്‍ അവസാനവാരത്തില്‍ അറബിക് ഭാഷാധ്യാപക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പരീക്ഷയെഴുതിയവരില്‍ കേവലം അഞ്ചുശതമാനം പേര്‍ മാത്രമാണ് വിജയിച്ചിരുന്നത്. ഇതോടെ കൂട്ടത്തോല്‍വി മറികടക്കാന്‍ മുന്‍ വര്‍ഷങ്ങളിലെന്ന പോലെ സേ പരീക്ഷ പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണിപ്പോള്‍ അതിനുള്ള അവസരനിഷേധം തിരിച്ചടിയാകുന്നത്. പരീക്ഷയുടെ സൂക്ഷ്മ പരിശോധനാ ഫലം ഈ മാസം അഞ്ചിന് പുറത്ത് വിട്ടപ്പോള്‍ വിവിധ വിഷയങ്ങളിലാണ് മാര്‍ക്കുകളില്‍ മാറ്റമുണ്ടായത്. പരീക്ഷാ ഫലപ്രഖ്യാപനത്തിനെതിരെ തുടക്കത്തിലേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കും വിധമായിരുന്നു മാര്‍ക്കുകളിലെ ഈ മാറ്റങ്ങള്‍.
ഇതുകൂടി കണക്കിലെടുത്ത് ഫലത്തില്‍ പുനര്‍മൂല്യ നിര്‍ണയത്തിന് അവസരം നല്‍കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. ഭാഷാധ്യാപക നിയമനത്തിന് ഡി.എല്‍.എഡ് അടിസ്ഥാന യോഗ്യതയാക്കി പരിഷ്‌കരിച്ചാല്‍ നിലവിലുള്ള ഒരു വര്‍ഷ കോഴ്‌സ് രണ്ടുവര്‍ഷമാക്കി മാറ്റും. എന്നിരുന്നാലും അവസാനമായി നടത്തിയ പരീക്ഷയില്‍ പരാജയപ്പെട്ട വിഷയങ്ങള്‍ എഴുതി വിജയിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.ഇക്കാര്യം സൂചിപ്പിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."