'ഒറ്റരാത്രികൊണ്ട് കുടിശ്ശികയെല്ലാം അടക്കണമെന്ന് പറഞ്ഞാല്‍ കമ്പനി പൂട്ടേണ്ടി വരും'- പരിവേദനവുമായി വോഡഫോണ്‍
ന്യൂഡല്‍ഹി: ഒറ്റരാത്രികൊണ്ട് കുടിശ്ശികയെല്ലാം അടച്ചുതീര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ. കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന് മുകുള്‍ രോഹത്ഗി വ്യക്തമാക്കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ടെലികോം മേഖലയെ ഒന്നാകെ ബാധിക്കും. രണ്ട് കമ്പനികള്‍ മാത്രം ശേഷിക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടേണ്ടി വന്നാല്‍ 10,000ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും 30കോടി ഉപഭോക്താക്കളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെലികോം സ്ഥാപനങ്ങള്‍ ഉടന്‍ തന്നെ എല്ലാ കുടിശ്ശികകളും സര്‍ക്കാരിന് നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. 7000 കോടി രൂപയുടെ കുടിശ്ശികയാണ് വോഡഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത്. ഇതിന്റെ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതല്‍ 25,000 കോടി വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കമ്പനി ഇതിനകം തന്നെ 2150 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."