ശരണ്യയുടേത് മാതൃത്വത്തെ നാണിപ്പിക്കുന്ന ക്രൂരത, ഒന്നര വയസ്സുള്ള മകനെ പാറക്കെട്ടുകളില്‍ എറിഞ്ഞു കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍, കരച്ചില്‍ സമീപവാസികള്‍ കേള്‍ക്കുമോ എന്ന് ഭയന്ന് വീണ്ടും വെള്ളത്തിലേക്കിട്ട് മരണം ഉറപ്പാക്കി
കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനായ വിയാനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാതാവ് ശരണ്യ (21) കുറ്റം താനുമായി അകല്‍ച്ചയിലുള്ള ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചതായി പൊലിസ്. മൂന്നുമാസമായി അകല്‍ച്ചയിലുള്ള ഭര്‍ത്താവ് പ്രണവാണു കൊലപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്തയുടന്‍ ശരണ്യയുടെ മൊഴി. തിങ്കളാഴ്ച രാവിലെ മുതല്‍ ഇന്നലെ വൈകിട്ട് വരെ ശരണ്യയെയും പ്രണവിനെയും ഒരുമിച്ചും വെവ്വേറെയും ചോദ്യംചെയ്ത പൊലിസിനു ശരണ്യയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ തോന്നി. ഒടുവില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി പൊലിസ് ചോദ്യംചെയ്തപ്പോള്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ശരണ്യയ്‌ക്കൊപ്പം കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്നു ശരണ്യയുടെ അമ്മ നിലവിളിച്ചതിനെ തുടര്‍ന്നാണു സമീപവാസികള്‍ സംഭവറിയുന്നത്. ഈസമയം ഭാവമാറ്റമൊന്നുമില്ലാതെ കുടുംബാംഗങ്ങള്‍ക്കൊപ്പം തിരച്ചില്‍ നടത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്നതും ശരണ്യ തന്നെയായിരുന്നു. പുലര്‍ച്ചെ ആരുമറിയാതെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തി വീട്ടില്‍ തിരിച്ചെത്തി ശരണ്യ കിടന്നുറങ്ങുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. അടുത്തിടെ ഫേസ്ബുക്ക് വഴി പരിചയത്തിലായ കാമുകനൊപ്പം ജീവിക്കാന്‍ അകല്‍ച്ചയിലായിരുന്ന ഭര്‍ത്താവ് പ്രണവിനു മേല്‍ കൊലക്കുറ്റം ചാര്‍ത്താനായിരുന്നു ശരണ്യയുടെ ശ്രമം. കുഞ്ഞിന്റെ മരണവാര്‍ത്തയറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയപ്പോഴും കുടുംബാംഗങ്ങളും സമീപവാസികളും പ്രണവിനെതിരായിരുന്നു മൊഴിനല്‍കിയിരുന്നത്. പ്രണവുമായി അകല്‍ച്ചയിലായ ശേഷം ശരണ്യ തയ്യിലിലെ തന്റെ വീട്ടിലാണു കഴിഞ്ഞിരുന്നത്. പ്രണവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നപ്പോഴാണു അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ കാമുകനുമായി ശരണ്യ അടുപ്പത്തിലായതെന്നും പൊലിസ് പറഞ്ഞു.
മകന്‍ വിയാനെ വീടിനു സമീപത്തെ കടല്‍തീരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ വച്ചാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. രണ്ടു ദിവസമായി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണു ശരണ്യയെ രാത്രി പൊലിസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണു ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: ശരണ്യയും പ്രണവും തമ്മില്‍ മൂന്നു മാസത്തോളമായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടിലെത്തിയപ്പോള്‍ പിതാവുള്ളതിനാല്‍ അടുത്തദിവസം വരാന്‍ ശരണ്യ ആവശ്യപ്പെട്ടു. ഞായറാഴ്ച ശരണ്യയുടെ പിതാവ് മത്സ്യബന്ധനത്തിനു പോയതിനാല്‍ വീണ്ടുമെത്തിയ പ്രണവ് വീട്ടില്‍ കല്ലുമ്മക്കായ വാങ്ങിക്കൊടുത്ത ശേഷം പുറത്തുപോയി രാത്രി തിരിച്ചെത്തി. ഇരുവരും വിയാനൊപ്പം രാത്രി ഒരു മുറിയില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ 2.30ന് കുഞ്ഞിന്റെ കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ ശരണ്യ വീടിന്റെ നടുത്തളത്തില്‍ കൊണ്ടുപോയി പാലുകൊടുത്ത ശേഷം മൂന്നു മണിയോടെ വീടിന്റെ പിന്നിലെ വാതില്‍ തുറന്ന് കടല്‍തീരത്തു കൊണ്ടുപോയി പാറക്കെട്ടുകള്‍ക്കിടയില്‍ ഇടുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ സമീപവാസികള്‍ കേള്‍ക്കുമോ എന്നു ഭയന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നെടുത്ത് വീണ്ടും വെള്ളത്തിലേക്കിട്ട് മരണം ഉറപ്പാക്കി ശരണ്യ വീട്ടിലെത്തി കിടന്നുറങ്ങി. രാവിലെ ആറരയോടെ മാതാവ് വിളിച്ചപ്പോള്‍ ഉറക്കമുണര്‍ന്ന ശരണ്യ, കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്നു കുടുംബാംഗങ്ങള്‍ക്കൊപ്പം തിരച്ചിലിനു കൂടി.
പ്രണവ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ശരണ്യയുടെ സഹോദരന്‍ തയ്യില്‍ പ്രദേശത്തും തിരച്ചില്‍ നടത്തിയപ്പോള്‍ ശരണ്യ കടല്‍തീരത്തു പോയി തിരിച്ചില്‍ നടത്തിയതായും പൊലിസ് വ്യക്തമാക്കി. ശരണ്യ ഗര്‍ഭിണിയായ സമയത്ത് അകല്‍ച്ചയിലായിരുന്ന പ്രണവ് ഗള്‍ഫില്‍ പോയി ഒരുവര്‍ഷം മുമ്പാണ് തിരിച്ചെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടായിരുന്നു ശരണ്യയുടെയും പ്രണവിന്റെയും വിവാഹം. ആറു മാസം മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ പരിചയപ്പെട്ട പ്രണവിന്റെ നാട്ടുകാരനായ കാമുകനുമായി നിരന്തരം ശരണ്യ ചാറ്റിങ് നടത്തിയതായും പൊലിസ് കണ്ടെത്തി. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്തപ്പോഴും ശരണ്യയുടെ ഫോണിലേക്കു നിരവധി തവണ കാമുകന്റെ വിളികള്‍ എത്തിയിരുന്നു.
വീഴ്ചയില്‍ തലയ്‌ക്കേറ്റ പരുക്കേറ്റാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെ അംശം കണ്ടെത്തി. സാഹചര്യത്തെളിവുകളും കുഞ്ഞിന്റെ മരണശേഷം ഭാവമാറ്റമില്ലാത്തതും മൊഴിയിലെ പൊരുത്തക്കേടുകളുമാണ് അന്വേഷണം ശരണ്യയിലേക്ക് എത്തിച്ചത്. കൊലയ്ക്കു പിന്നില്‍ പ്രണവാണെന്നു ശരണ്യ പൊലിസിനു മൊഴിനല്‍കിയിരുന്നു. പ്രണവിനെയും ശരണ്യയുടെ കാമുകനെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബുധനാഴ്ച്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ സംസ്‌കാരം മൈതാനപ്പള്ളി അരയസമാജ ശ്മശാനത്തില്‍ നടന്നു.
കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി സി.ഐ പി.ആര്‍ സതീശന്‍, എസ്.ഐമാരായ നെല്‍സണ്‍, സുനില്‍കുമാര്‍, എ.എസ്.ഐമാരായ അജയന്‍, ഷാജി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷാജി, സന്ദീപ്, ഗഫൂര്‍, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുജിത്, മിഥുന്‍, സുഭാഷ്, മഹേഷ്. അജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."