അക്ഷരമുറ്റത്ത് തീ പടര്‍ന്നാല്‍ ഇനി ഇവര്‍ ഭയക്കില്ല
മുക്കം: അപ്രതീക്ഷിതമായി ബെല്ലടിച്ചതോടെ മുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആദ്യം അമ്പരന്നു. ഗ്രൗണ്ടിന് തീപിടിച്ചെന്നറിഞ്ഞതോടെ അമ്പരപ്പ് പരിഭ്രാന്തിക്ക് വഴിമാറി. ഉടന്‍ സമീപത്തെ ഒഴിഞ്ഞ ഗ്രൗണ്ടില്‍ എത്തുകയം ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ഫയര്‍ എന്‍ജിന്‍, ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ കുതിച്ചെത്തുകയും തീ അണക്കുകയും ചെയ്തു. വിവിധ ക്ലാസ് മുറികളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതും ഓഫിസര്‍ ക്ലാസ് അധ്യാപകരോടും ക്ലാസ് ലീഡര്‍മാരോടും ഇനിയാരെങ്കിലും രക്ഷപ്പെടുവാന്‍ ഉണ്ടെങ്കില്‍ നിര്‍ദേശം നല്‍കണമെന്ന് ഉച്ചഭാഷിണിയില്‍ അറിയിക്കുന്നതും ഗ്രൗണ്ടിലെത്തിയ കുട്ടികളുടെ എണ്ണം രേഖപ്പെടുത്തി എല്ലാ കുട്ടികളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതും അവര്‍ കണ്ണിമ വെട്ടാതെ നോക്കിനിന്നു. വിവരമറിഞ്ഞ് പരിഭ്രാന്തരായെത്തിയ നാട്ടുകാരോടൊപ്പം നടന്നതെല്ലാം ആപത്ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ കാണിക്കുന്നതിനായുള്ള മോക്ഡ്രില്‍ ആണെന്ന് ബോധ്യമായപ്പോള്‍ പരിഭ്രാന്തി വിട്ട്മാറി അവര്‍ തങ്ങള്‍ക്ക് ലഭിച്ച പുതിയ അറിവുകളെല്ലാം ഒരു തവണകൂടി ഓര്‍ത്തെടുക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഫയര്‍ ആന്‍ഡ് ഇവാക്വേഷന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഗ്‌നി സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് മുക്കം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. രക്ഷാ പ്രവര്‍ത്തനം നേരില്‍കണ്ട വിദ്യാര്‍ഥികള്‍ സമാനമായ അപകട ഘട്ടം വന്നാല്‍ തങ്ങള്‍ക്ക് രക്ഷപ്പെടുവാനുള്ള മാര്‍ഗവും ഒപ്പം മനോധൈര്യവും കൈവരിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പല വിദ്യാര്‍ഥികളും അഗ്നിശമന സേനയുടെ പ്രവര്‍ത്തനം ആദ്യമായാണ് നേരില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."