ജില്ലയിലെ 1119 ജലാശയങ്ങള്‍ മുഖം മിനുക്കുന്നു
കോഴിക്കോട്: കടുത്ത വേനലിനു സാന്ത്വനമേകാന്‍ ജില്ലയില്‍ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയില്‍ 'ജീവജലം' പദ്ധതി നടപ്പാക്കുന്നു. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തിരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. സ്‌കൂളിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ സമിതിയാണു ജലാശയം ശുചീകരിച്ച് സംരക്ഷിക്കുന്നത്.
സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, പി.ടി.എ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരിച്ച ജലാശയത്തിനു സംരക്ഷണസമിതി രൂപീകരിക്കും. ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. 1119 സ്‌കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുകയാണു ലക്ഷ്യം.
ഇതോടൊപ്പം ജില്ലയിലെ ക്ഷേത്ര, പള്ളിക്കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാനുള്ള ശ്രമവും നടത്തും. ക്ഷേത്രകുളങ്ങളുടെ ശുചീകരണത്തിനായി മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും പള്ളിക്കുളങ്ങളുടെ സംരക്ഷണത്തിനായി കോഴിക്കോട് വലിയ ഖാസിയെയും സേവ് പ്രതിനിധികള്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കും. ഇതു മൂന്നാം വര്‍ഷമാണ് സേവ് ജീവജലം പദ്ധതി നടപ്പാക്കുന്നത്.
ജീവജലം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ടി.ടി.ഐ കാംപസിലെ കുളം വൃത്തിയാക്കി ഫെബ്രുവരി രണ്ടാം വാരത്തില്‍ നടക്കും. ഇതിനായി ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടി.സി റോസ്‌മേരി, പി.ടി.എ പ്രസിഡന്റ് എന്‍.കെ ഹാഷിം, യമുനാദേവി, കെ.കെ ശ്രീലത, നിര്‍മല ജോസഫ്, എ.പി ഗിരീഷ്, ഷാജര്‍ഖാന്‍, സി.പി.എം സീനത്ത്, ഇ. ഹംസ, ശ്രീരശ്മി, പി.വി ഷഹനാസ്, എന്‍. ആനന്ദകുമാര്‍, ലോററ്റ, ഇ. ശിവരാമന്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി വാര്‍ഡ് കൗണ്‍സിലര്‍ കിഷന്‍ചന്ദ് (ചെയര്‍മാന്‍), വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇ.കെ സുരേഷ്‌കുമാര്‍ (ജനറല്‍ കണ്‍വീനര്‍), വടയക്കണ്ടി നാരായണന്‍ (കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."