കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി: നേതാക്കള്‍ക്ക് വിമര്‍ശനം
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കും വിമര്‍ശനം. മുല്ലപ്പള്ളിക്കെതിരേ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുണ്ടായത്.
പാര്‍ട്ടിയില്‍ ഏകോപനമില്ലെന്നും മുല്ലപ്പള്ളി മറ്റു നേതാക്കളെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറയുന്നില്ലെന്നും ചിലര്‍ യോഗത്തില്‍ തുറന്നടിച്ചു. മുല്ലപ്പള്ളിയെ പരോക്ഷമായി പിന്തുണച്ചിരുന്ന വി.എം സുധീരനും വിമര്‍ശനവുമായി രംഗത്തെത്തി.
നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറയുകയാണെന്നും പല വിഷയങ്ങളിലും പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമില്ലെന്നും കെ.വി തോമസ്, പി.സി ചാക്കോ, വി.എം സുധീരന്‍ എന്നിവര്‍ വിമര്‍ശിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്താറില്ലെന്ന് കെ.സുധാകരന്‍ എം.പി വിമര്‍ശനം ഉന്നയിച്ചു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്ന തന്നെ മുല്ലപ്പള്ളി ഒരിക്കല്‍പ്പോലും വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. സുധാകരന്‍ ഇതേവരെ തന്നെയും വന്നുകണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി മറുപടി നല്‍കി.
വന്നുകണ്ട് തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനായി മൂന്നുവട്ടം ശ്രമിച്ചിട്ടും മുല്ലപ്പള്ളി വഴങ്ങിയില്ലെന്ന് സുധാകരനും വ്യക്തമാക്കി.
പാര്‍ട്ടിയെ നയിക്കുന്നതിലും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടപ്പോഴും നേതാക്കള്‍ എന്തുകൊണ്ട് കൂടിയാലോചന നടത്തുന്നില്ലെന്ന് വി.ഡി സതീശന്‍ ചോദിച്ചു.
പാര്‍ട്ടിയിലും നേതാക്കള്‍ക്കിടയിലും സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റിനാണ്. ആ ഉത്തരവാദിത്വം മുല്ലപ്പള്ളി നിര്‍വഹിക്കുന്നില്ലെന്ന് പറഞ്ഞ വി.ഡി സതീശന്‍ ഈ പാര്‍ട്ടിയെ തുലയ്ക്കാന്‍ ഇറങ്ങിയിരിക്കുകയാണോയെന്നും ചോദിച്ചു. ഏകോപനമില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന കെ.മുരളീധരന്റെ വിമര്‍ശനത്തോട് രാഷ്ട്രീയകാര്യ സമിതി പൊതുവില്‍ യോജിക്കുകയായിരുന്നു.
മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച സുധീരന്‍ സര്‍വപ്രതാപിയായിരുന്ന കെ.കരുണാകരന്‍ പോലും കൂടിയാലോചനകള്‍ നടത്തിയാണ് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ട് പോയിരുന്നതെന്ന് ഓര്‍മിപ്പിച്ചു. അധികാരം നഷ്ടപ്പെട്ട കരുണാകരന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ഓര്‍ക്കണമെന്നും സുധീരന്‍ മുന്നറിയിപ്പും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."