സംസ്ഥാനത്ത് അടച്ചുപൂട്ടാന്‍ ഒരുങ്ങി 46 സ്‌കൂളുകള്‍
തിരുവനന്തപുരം: കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് ഇതുവരെ അപേക്ഷ നല്‍കിയത് 46 സ്‌കൂളുകള്‍. ഇതില്‍ 22 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥിപോലും പഠിക്കുന്നില്ലെന്ന് മാനേജ്‌മെന്റുകള്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇതില്‍ 15 സ്‌കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. അടച്ചുപൂട്ടാന്‍ തയാറെടുക്കുന്ന മുഴുവന്‍ സ്‌കൂളുകളും എയ്ഡഡ് മേഖലയില്‍ നിന്നുള്ളവയാണ്.
അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കിയ സ്‌കൂളുകളുടെ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. സ്‌കൂളുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പ് തയാറാക്കികഴിഞ്ഞു. ഇത്തരം സ്‌കൂളുകള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി ഡി.പി.ഐ കണ്ടെത്തിയ പതിനഞ്ച് സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്നത്.
തൃശൂരും പാലക്കാട്ടുമാണ് സ്‌കൂളുകളുടെ എണ്ണത്തില്‍ മുന്നില്‍. മൂന്നു വീതം സ്‌കൂളുകളാണ് ഇരുജില്ലകളിലായുള്ളത്. നേരത്തെയുള്ള സര്‍ക്കാരിന്റെ കണക്കനുസരിച്ച് പത്തോ പത്തില്‍ താഴെയോ വിദ്യാര്‍ഥികളുള്ള 189 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഒരു വിദ്യാര്‍ഥിയും പഠിക്കാനില്ലാത്ത മൂന്നു സ്‌കൂളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തു കുട്ടികള്‍ വീതമുള്ള 41 സ്‌കൂളുകളുണ്ട്. ഒന്‍പത് വിദ്യാര്‍ഥികള്‍ വീതമുള്ള മുപ്പത്തിയാറും എട്ട് വിദ്യാര്‍ഥികള്‍ വീതമുള്ള ഇരുപത്തിയാറും ഏഴ് വിദ്യാര്‍ഥികള്‍ വീതമുള്ള ഇരുപത്തിയൊന്നും സ്‌കൂളുകളുണ്ട്. ഇവകൂടാതെ ആറ് വിദ്യാര്‍ഥികള്‍ വീതമുള്ള ഇരുപത്തിയൊന്നും അഞ്ച് വിദ്യാര്‍ഥികള്‍ വീതമുള്ള പതിനഞ്ചും നാല് വിദ്യാര്‍ഥികള്‍ വീതമുള്ള പതിനാലും മൂന്ന് മൂന്നു വിദ്യാര്‍ഥികള്‍ വീതമുള്ള നാലും സ്‌കൂളുകളുണ്ട്. രണ്ടു വിദ്യാര്‍ഥികള്‍ വീതമുള്ള മൂന്ന് സ്‌കൂളുകളും ഒരു വിദ്യാര്‍ഥി മാത്രമുള്ള നാല് സ്‌കൂളുകളും ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 15ല്‍ താഴെ കുട്ടികളുള്ള ക്ലാസുകള്‍ അനാദായകമാണ്.
എല്‍.പി സ്‌കൂളില്‍ 60 കുട്ടികളും യു.പിയില്‍ നാല്‍പ്പത്തിയഞ്ചും പത്താം ക്ലാസ് വരെയുള്ള സ്‌കൂളില്‍ 150 കുട്ടികളും വേണം. സംസ്ഥാനത്ത് 3,552 സ്‌കൂളുകള്‍ അനാദായകരമാണ്. ഇതില്‍ 1,872 എയ്ഡഡ് സ്‌കൂളുകളും 45 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."