തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗഹൃദ സൗകര്യങ്ങളൊരുക്കി സഊദി
റിയാദ്: സഊദിയില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യവും സൗഹൃദാന്തരീക്ഷവും ഒരുക്കി നിയമാവലി പരിഷ്‌കരിച്ചു. തൊഴില്‍ മേഖലകളിലേക്ക് കൂടുതല്‍ വനിതകള്‍ തയ്യാറായി മുന്നോട്ടു വരുമ്പോള്‍ അവര്‍ക്ക് വേണ്ട സേവനങ്ങള്‍ മെച്ചപ്പെടുത്തി ഇനിയും കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ജോലിയില്‍ സ്ഥിരപ്പെട്ടു നിര്‍ത്താനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കി സൗഹൃദ മേഖലകളാക്കി മാറ്റാന്‍ നിയമം പരിഷ്‌കരിച്ചത്. സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുറത്തു വിട്ട പരിഷരിച്ച നിയമാവലിയില്‍ ശമ്പള വ്യവസ്ഥയില്‍ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടാകരുതെനും നിഷ്‌കര്‍ഷിക്കുന്നുണ്ട്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു കാര്യവും തൊഴിലിടങ്ങളില്‍ അനുവദിക്കുകയില്ല.ഇത്തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ അത് നിയമ ലംഘനമായി കണക്കാക്കുകയും നടപടി എടുക്കുകയും ചെയ്യും. വനിതകള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് സുഗമമായും സൗഹൃദമായും ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ സ്ഥലം, ആരാധനക്കുള്ള സൗകര്യം, ശുചിമുറി, പരിശീലന കേന്ദ്രം തുടങ്ങിയവ പ്രത്യേകമായൊരുക്കണം. സ്ത്രീകള്‍ക്കു മാത്രമായുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊഴികെ ശുചീകരണം, ബാഗ് ചുമക്കല്‍ പോലുള്ള ജോലികളില്‍ സ്ത്രീകളെ നിയമിക്കാന്‍ അനുവാദമില്ല. പുരുഷന്മാര്‍ മാത്രം ജോലിചെയ്യുന്നിടത്ത് ഒറ്റക്ക് ഒരു വനിതയെ ജോലിക്കായി നിയമിക്കരുത്. സ്ത്രീകള്‍ക്ക് അപകടം വരുത്തുന്ന ജോലികളിലും അവരെ നിയമിക്കാന്‍ അനുവാദമില്ല. വ്യവസായ മേഖലകളില്‍ വൈകീട്ട് 6 മണിവരെയും മറ്റിടങ്ങളില്‍ രാത്രി 11 മണി വരെയും മാത്രമേ പരമാവധി ജോലി സമയം നല്‍കാവൂ തുടങ്ങിയ വ്യവസ്ഥകളും പരിഷ്‌കരിച്ച നിയമാവലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം, ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ആശുപത്രികളിലും വനിതകള്‍ക്ക് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുമ്പോള്‍ അതിനായി പ്രത്യേക സുരക്ഷ ഒരുക്കണമെന്നും നിര്‍ബന്ധമുണ്ട്. ഇതിനായി ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പുടുത്തുന്നതിനും വിലക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."