അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 59 കോടി തിരൂര്‍ നഗരസഭാ സ്റ്റേഡിയം
തിരൂര്‍: അത്യാധുനിക സൗകര്യങ്ങളോടെ തിരൂര്‍ നഗരസഭാ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ വകയിരുത്തിയത് 59 കോടി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സമര്‍പ്പിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാണ് ബജറ്റില്‍ തുക വകയിരുത്തിയത്.
ഈ ആവശ്യമുന്നയിച്ച് നഗരസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. അത്യാധുനിക സജ്ജീകരണങ്ങളൊരുക്കി തിരൂര്‍ താഴെപ്പാലത്തെ സ്റ്റേഡിയത്തിന്റെ നിലവാരം ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. ഇതിന് മുമ്പ് സി മമ്മൂട്ടി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് കോടിയോളം രൂപ വിനിയോഗിച്ച് സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടു കൂടി നവീകരിച്ചിരുന്നു. എന്നാല്‍ പദ്ധതി പിന്നീട് വിവാദത്തിലാകുകയും സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് നിബന്ധനകളോടെ നഗരസഭ സ്റ്റേഡിയം ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്നാണ് സ്റ്റേഡിയം വികസനത്തിനായി നഗരസഭ സര്‍ക്കാറിനെ സമീപിച്ചത്.
ഓരോ നിയോജക മണ്ഡലത്തിലെയും പ്രധാനപ്പെട്ട ഒരു സര്‍ക്കാര്‍ സ്കൂള്‍ ഹൈടെക്കാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരൂര്‍ തെക്കുംമുറിയിലെ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വികസനത്തിനും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മമ്മൂട്ടി എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് കല്‍പ്പകഞ്ചേരി ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിന് നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."