യു.ഡി.എഫ് ഐക്യം ലീഗിന്റെ മാത്രം ബാധ്യതയോ ?
# ഇഖ്ബാല്‍ വാവാട്
പേരിലെ മുസ്‌ലിം കാരണം വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നിരന്തരം ഇരയായിട്ടുള്ള പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം വോട്ടുകള്‍ മാത്രം നേടാന്‍ കഴിവുള്ള പാര്‍ട്ടി എന്ന രീതിയില്‍ മുസ്‌ലിം ലീഗിനെ ഒതുക്കാനും വില കുറച്ച് കാണിക്കാനുമുള്ള ശ്രമങ്ങള്‍ പതിവാണ്. മാത്രമല്ല, മുസ്‌ലിം ലീഗിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും വര്‍ഗീയതയുടെയും സാമുദായികതയുടെയും പേരില്‍ വിമര്‍ശിക്കപ്പെടുന്നതും വിലക്കപ്പെടുന്നതും അഞ്ചാം മന്ത്രി വിവാദത്തിലടക്കം ദൃശ്യമായതാണ്. നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവും പതിവ് പല്ലവികളില്‍ തട്ടി നിഷേധിക്കപ്പെടാറാണ് പതിവ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ വേളയില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന സീറ്റ് കൂടുതല്‍ വേണമെന്ന ലീഗിന്റെ ആഗ്രഹം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഒരു പ്രതിരോധം മാത്രമാണ്. യുഡിഎഫിന്റെ ഐക്യം എന്ന ഉമ്മാക്കി കാട്ടി ലീഗിനെ നിരന്തരം പ്രതിരോധത്തിലാക്കുന്ന കോണ്‍ഗ്രസ് തന്ത്രം തന്നെയാണ് മുല്ലപ്പള്ളി ഇത്തവണയും പുറത്തെടുത്തിരിക്കുന്നത്. യുഡിഎഫിനപ്പുറത്ത് ലീഗിന്റെ സാധ്യതകള്‍ പരിമിതമാണെന്ന വസ്തുത മുന്‍നിര്‍ത്തിയുള്ള ഈ പ്രസ്താവന ലീഗ് അനുഭവിക്കുന്ന അനീതിയുടെ തുടര്‍ച്ചയാവാതിരിക്കാന്‍ നേതാക്കളും അണികളും ശക്തമായി രംഗത്തിറങ്ങേണ്ടത് അനിവാര്യമായിരിക്കുന്നു.
മുസ്‌ലിം ലീഗ് മൂന്നാമതൊരു ലോക്‌സഭാ സീറ്റ് ചോദിക്കും എന്ന വസ്തുതക്കപ്പുറം നാല് സീറ്റിനെങ്കിലും അര്‍ഹതയുണ്ട് എന്ന സത്യം ഇനിയും മൂടിവെക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ക്രൂരമാണ്. യുഡിഎഫ് ഐക്യം എന്നത് മുസ്‌ലിം ലീഗിന്റെ മാത്രം ബാധ്യതയല്ല. കോണ്‍ഗ്രസിന്റെ മനോഭാവം ലീഗ് അണികളെ എത്ര മാത്രം പ്രകോപിപ്പിക്കാം എന്നതും ഗൗരവമായി കാണേണ്ടതുണ്ട്. നിയമസഭയില്‍ 140ല്‍ 24 സീറ്റുകളില്‍ മല്‍സരിക്കുന്ന ലീഗിന് ലോക്‌സഭയില്‍ കൂടുതല്‍ അര്‍ഹതയുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. 17 ശതമാനം സീറ്റുകളില്‍ നിയമസഭയിലേക്ക് മല്‍സരിക്കുന്ന പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 10 ശതമാനം സീറ്റ് മാത്രമാകുന്നതിന്റെ യുക്തി എന്താണ്? രാജ്യസഭയിലെ ഒരു സീറ്റ് കൂടി ചേര്‍ത്താലും അത് 10 ശതമാനത്തില്‍ തന്നെ നില്‍ക്കും. മാത്രമല്ല, മുന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം പോലെയുള്ള വിഷയത്തിലെ ലീഗ് നിലപാട് കോണ്‍ഗ്രസുമായി വിത്യാസപ്പെട്ടിരിക്കെ അംഗങ്ങള്‍ കൂടുതല്‍ വേണമെന്നത് ലീഗിന്റെ രാഷ്ട്രീയ ആവശ്യം കൂടിയായി മാറുന്നു. നാലു ലോക്‌സഭാ സീറ്റുകള്‍ക്ക് അര്‍ഹതയുള്ള പാര്‍ട്ടിയെ മുടന്തന്‍ ന്യായം പറഞ്ഞ് എത്ര കാലം വഞ്ചിക്കാന്‍ കഴിയും.
എല്‍ ഡി എഫി ലെ രണ്ടാം കക്ഷിയായ സിപിഐക്ക് നാലു സീറ്റ് നല്‍കാന്‍ ഒരു മടിയും കാണിക്കാത്ത സിപിഎമ്മിന്റെ നിലപാട് കോണ്‍ഗ്രസും കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. 27 നിയമസഭാ സീറ്റിലും സിപിഐ മല്‍സരിക്കുന്നുണ്ട്. ഇനി കുറച്ച് കൂടി കണക്കുകള്‍ പരിശോധിച്ചാല്‍ ലീഗിന്റെ ആവശ്യം ന്യായമാണെന്ന് കൂടുതല്‍ വ്യക്തമാവും. മലപ്പുറം ജില്ലക്ക് പുറത്ത് ലീഗിന്റെ സ്വാധീനം കുറവാണെന്ന വാദം സീറ്റ് നല്‍കാതിരിക്കാനുള്ള ന്യായീകരണമാവുന്നില്ല. മുന്നണി സംവിധാനം ഉപയോഗിച്ച് ലീഗിനെ വിജയിപ്പിക്കേണ്ട തുല്യ ബാധ്യത കോണ്‍ഗ്രസിനും ഉണ്ട്. തോല്‍ക്കാനുള്ള അവകാശം കോണ്‍ഗ്രസിന് മാത്രം നിക്ഷിപ്തമാക്കാതെ ജയസാധ്യതയുള്ള ഒരു സീറ്റും മല്‍സര സാധ്യതയുള്ള ഒരു സീറ്റും ലീഗ് ചോദിച്ച് വാങ്ങേണ്ടിയിരിക്കുന്നു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റില്‍ മല്‍സരിച്ച് നൂറ് ശതമാനം വിജയം നേടിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. പക്ഷെ 15 മണ്ഡലങ്ങളില്‍ മല്‍സരിച്ച് 8 എണ്ണം വിജയിച്ച കോണ്‍ഗ്രസിന്റെ വിജയ ശതമാനം 53 മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നില ഇതിലും ദയനീയവും പരിതാപകരവുമാണ്. 24 സീറ്റില്‍ മല്‍സരിച്ച് 18 എണ്ണത്തില്‍ വിജയിച്ച് 75 ശതമാനം വിജയം ലീഗ് നേടിയപ്പോള്‍ 87 എണ്ണത്തില്‍ മല്‍സരിച്ച് 22 മാത്രം വിജയിച്ച കോണ്‍ഗ്രസിന്റെ വിജയം 25 ശതമാനം മാത്രം. ഒരു മുന്നണിയാവുമ്പോള്‍ തോല്‍ക്കാനുള്ള അവകാശം കൂടി പങ്ക് വെക്കാനുള്ള മനസ് കോണ്‍ഗ്രസ് കാണിക്കേണ്ടതുണ്ട്. ശേഷം, കെഎം ഷാജി അഴീക്കോട് നടത്തിയ പോലെ ഒരു പ്രകടനത്തിലൂടെ സീറ്റ് വിജയിപ്പിച്ചെടുക്കാന്‍ ലീഗിന് സാധിച്ചാല്‍ ഗുണം യുഡിഎഫിന് തന്നെ എന്നത് കൂടി കോണ്‍ഗ്രസ് ഓര്‍ക്കണം.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാന്‍ ലീഗിന് വലിയ പരിശ്രമങ്ങളൊന്നും വേണ്ടിവരില്ല. മലപ്പുറം മണ്ഡലത്തിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളും ലീഗിന്റെ കയ്യിലാണ്. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന് കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചു എന്ന ആരോപണമുണ്ടായിട്ടും 25000ത്തിലധികം വോട്ടിനാണ് ഇടി ബഷീര്‍ ജയിച്ചുകയറിയത്. മാത്രമല്ല, തിരൂരങ്ങാടി, തിരൂര്‍, കോട്ടക്കല്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ലീഗ് ജയിച്ചവയാണ്. താനൂരില്‍ ഒരു തിരിച്ചുവരവ് ലീഗിന് അപ്രാപ്യവുമല്ല.
മലബാറിലെ മറ്റ് മണ്ഡലങ്ങളായ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട് എന്നിവയും ലീഗിന് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ തന്നെയാണ്. ലീഗ് വിജയിച്ച മണ്ണാര്‍ക്കാട് ഉള്‍പ്പെടുന്ന പാലക്കാടും ലീഗ് സാന്നിധ്യം കുറവല്ല. ഈ സീറ്റുകളില്‍ ഒറ്റക്ക് ജയിക്കാനാവില്ലെങ്കിലും കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ലീഗ് നിഷ്‌ക്രിയമായാല്‍ മാത്രം മതിയാവും. കാരണം തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ലീഗ് കാണിക്കുന്ന ആവേശവും താല്‍പര്യവും ആര്‍ക്കും അവഗണിക്കാനാവില്ല. ചില കണക്കുകള്‍ കൂടി ഇതോട് ചേര്‍ത്തുവെക്കുമ്പോള്‍ ലീഗിന്റെ അര്‍ഹത ബോധ്യപ്പെടും.
കാസര്‍ഗോഡ് മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ കൈവശം ഉള്ളത് രണ്ട് എണ്ണമാണ്, മഞ്ചേശ്വരവും കാസര്‍ഗോഡും. ഇവിടെ വിജയിച്ചിട്ടുള്ളത് ലീഗാണ്. കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫിന്റെ കൈവശമുള്ള മൂന്ന് മണ്ഡലങ്ങളില്‍ അഴീക്കോട് ലീഗിന്റെതാണ്. സതീശന്‍ പാച്ചേനി ആയിരത്തോളം വോട്ടുകള്‍ക്ക് തോറ്റ കണ്ണൂര്‍ അടക്കം മറ്റു സ്ഥലങ്ങളിലും ലീഗിന് സ്വാധീനമുണ്ട്. വടകര മണ്ഡലത്തിലെ യുഡിഎഫ് വിജയിച്ച ഏക മണ്ഡലം ലീഗിന്റെ കുറ്റ്യാടിയാണ്. വയനാട് മണ്ഡലത്തിലെ യുഡിഎഫ് വിജയിച്ച മൂന്നു സീറ്റുകളില്‍ ലീഗിന്റെ ഉറച്ച കോട്ടയായ ഏറനാടും ഉണ്ട്. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫിന്റെ ഏക സീറ്റ് ലീഗിന്റെ കോഴിക്കോട് സൗത്ത് ആണ്. മാത്രമല്ല, എംകെ രാഘവന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലീഗിന്റെ ഉറച്ച കോട്ടയായ കൊടുവള്ളിയെ കൂടി ഇവിടെ കണക്കിലെടുക്കണം.
ചില തെറ്റായ തീരുമാനത്തിന്റെ പേരില്‍ ലീഗ് ബലി കഴിച്ച കൊടുവള്ളി ഇത്തവണയും യുഡിഎഫിന്റെ നട്ടെല്ലായിരിക്കും. ഇടത് ശക്തി കേന്ദ്രങ്ങളിലെ ഭൂരിപക്ഷം മറികടക്കാന്‍ യുഡിഎഫിന്റെ ആവനാഴിയിലുള്ള തുറുപ്പ് ചീട്ടാണ് കൊടുവള്ളി. ഇടത് മുന്നണി അധികാരത്തിലെത്തിയ 2016 നിയമസഭാ തിരഞ്ഞെടുപ്പിനെ മാത്രം അവലംബിച്ച് ലീഗിന്റെ അവകാശം ഉയര്‍ത്തിക്കാണിക്കുന്നതില്‍ അയുക്തി ഉണ്ടെങ്കിലും ലീഗിന്റെ വോട്ടുകള്‍ എത്ര സുരക്ഷിതവും സുദൃഢവുമാണെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, മലപ്പുറത്തിന് പുറത്തും ലീഗിന് സ്വാധീനമുണ്ടെന്ന വസ്തുത ഇനിയും മറച്ചുവെക്കാതിരിക്കാനും ഇത് വഴിവെക്കും.
അത് കൊണ്ട് തന്നെ ലീഗിന് 4 സീറ്റ് ചോദിക്കാന്‍ അധികം ആലോചനയുടെ ആവശ്യം ഇല്ല. കോഴിക്കോട് മണ്ഡലത്തില്‍ നിലവിലെ എംപി എംകെ രാഘവന്‍ വീണ്ടും മല്‍സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ സീറ്റ് ചോദിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പക്ഷെ, കെപിസിസി പ്രസിഡന്റ് ആയതിനാല്‍ മുല്ലപ്പള്ളി ഇനി മല്‍സരിക്കില്ലെന്ന സാധ്യത കണക്കിലെടുത്ത് വടകരയും എല്‍ഡിഎഫിന്റെ കയ്യിലുള്ള കാസര്‍ഗോടും കണ്ണൂരും എംഐ ഷാനവാസിന്റെ നിര്യാണത്തിലൂടെ ഒഴിവുവന്ന വയനാടും ലീഗിന് ആവശ്യപ്പെടാവുന്നതാണ്. ബിജെപി ശക്തമായ കാസര്‍ഗോഡ് ലീഗ് മല്‍സരിക്കുന്നത് വര്‍ഗീയ ചേരിതിരിവുകള്‍ക്ക് വഴി വെച്ചേക്കുമെന്ന ആരോപണത്തെ ചെറുക്കാനായി അത് ഒഴിവാക്കി വടകരയും കണ്ണൂരും വയനാടും ലീഗിന്റെ സാധ്യതാ ലിസ്റ്റില്‍ പെടുത്താം. ഇവ മൂന്നും വിജയ സാധ്യതയുള്ള സീറ്റാണെന്നിരിക്കേ ഒന്ന് മാത്രം തിരഞ്ഞെടുത്ത് പാലക്കാട് പോലെ അര്‍ധ സാധ്യതയുള്ള ഒരു സീറ്റും ആവശ്യപ്പെടാവുന്നതാണ്.
ഇത്തരം കണക്കുകളെ മാറ്റി നിര്‍ത്തിയാല്‍ തന്നെ യുഡിഎഫിലെ ഏറ്റവും ഉറച്ചതും വിശ്വസ്തവുമായ കക്ഷി എന്ന നിലക്ക് സുപ്രധാന തീരുമാനങ്ങളില്‍ ലീഗിന് ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട്. യുഡിഎഫ് വിട്ട്, ഗതിയില്ലാതെ തിരിച്ച് വന്ന മാണിയുടെ കേരള കോണ്‍ഗ്രസിനേക്കാളും മറ്റേത് പാര്‍ട്ടിയേക്കാളും ഒരു പടി മുന്നില്‍ തന്നെയാണ് ലീഗ്. മുന്നണി മാറ്റത്തിന്റെ ആശാന്‍ ആയിട്ടും കഴിഞ്ഞ തവണ വീരേന്ദ്രകുമാറിന്റെ എസ്‌ജെഡിക്ക് പാലക്കാട് സീറ്റ് നല്‍കാന്‍ കാണിച്ച താല്‍പര്യമെങ്കിലും കോണ്‍ഗ്രസ് ലീഗിനോട് കാണിക്കേണ്ടതുണ്ട്.
നാല് എന്ന അര്‍ഹതാസംഖ്യ ഇല്ലെങ്കിലും മൂന്ന് എങ്കിലും നേടാന്‍ ലീഗ് നേതൃത്വത്തിന് സാധിച്ചില്ലെങ്കില്‍ അണികളില്‍ അത് സൃഷ്ടിക്കുന്ന പ്രതിലോമ വികാരം തീവ്രമായിരിക്കും. ലീഗിനെ മലപ്പുറം ലീഗാക്കുന്നതില്‍ വല്യേട്ടന്‍ കളിച്ചും യുഡിഎഫ് ഐക്യം പറഞ്ഞും ഒതുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. ലീഗിന്റെ ആവശ്യം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുമെങ്കിലും ഇതിന് ഒരു പരിഹാരം വേണമെന്ന അണികളുടെ അഭിലാഷത്തെ ഇനിയും കാണാതിരിക്കാനാവില്ല. യുഡിഎഫ് ഐക്യം മുസ്‌ലിം ലീഗിന്റെ ബാധ്യതയല്ലെന്നും മുന്നണി എന്ന രീതിയില്‍ ഒരുമിച്ച് നില്‍ക്കുപോഴേ എല്ലാവര്‍ക്കും നേട്ടമുണ്ടാക്കാനാവൂ എന്നും കോണ്‍ഗ്രസ് കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."