കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനെ വീണ്ടും ദ്രോഹിക്കുന്നുവെന്ന് ആംആദ്മി
ന്യൂഡല്‍ഹി: 21 എം.എല്‍.എമാര്‍ ശമ്പളം പറ്റാതെ പാര്‍ലമെന്ററി സെക്രട്ടറി തല പദവി വഹിക്കുന്നത് നിയമവിധേയമാക്കി ഡല്‍ഹി നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതി തിരിച്ചയക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി സര്‍ക്കാരിനോടുള്ള എതിര്‍പ്പാണെന്ന് ആംആദ്മി പാര്‍ട്ടി. 2015ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയില്‍ നിന്നേറ്റ തിരിച്ചടി ഉള്‍ക്കൊള്ളാന്‍ ഇനിയും ബി.ജെ.പിക്കായിട്ടില്ലെന്നും ആംആദ്മി നേതാവ് സഞ്ജയ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാഷ്ട്രപതി ബില്ല് തിരിച്ചയച്ചതോടെ 21 ആംആദ്മി എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹിയിലെ എം.എല്‍.എമാര്‍ ശമ്പളം കിട്ടുന്ന പദവികള്‍ വഹിക്കാന്‍ പാടില്ലെന്ന് 1991ലെ നിയമം അനുശാസിക്കുന്നുണ്ട്.
വകുപ്പ് മന്ത്രിമാരെ സഹായിക്കുന്ന പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ച 21 എം.എല്‍.എമാരുടെ കാര്യമാണ് ഇപ്പോള്‍ പരുങ്ങലിലായിരിക്കുന്നത്. ഈ പദവിയെ ആുകൂല്യങ്ങള്‍ ലഭിക്കുന്ന പദവികളുടെ പട്ടികയില്‍ (ഓഫിസ് ഓഫ് പ്രോഫിറ്റ്) നിന്നും ഒഴിവാക്കുന്ന ബില്ലാണ് ഇപ്പോള്‍ രാഷ്ട്രപതി തള്ളിയത്. ഡല്‍ഹി സര്‍ക്കാരുമായി പലപ്പോഴും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ബില്ലില്‍ ഒപ്പിടാതിരുന്നതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ പക്കലെത്തിയത്. എന്നാല്‍ ബില്ലിനോട് ഗവര്‍ണറും രാഷ്ട്രപതിയും പുലര്‍ത്തുന്ന നിഷേധ നിലപാടിന് പിന്നില്‍ മോദിയും കേന്ദ്രസര്‍ക്കാരുമാണെന്നാണ് ആംആദ്മിയുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും പക്ഷം. തങ്ങളുടെ പാര്‍ലമെന്ററി സെക്രട്ടറി പദവിയുള്ള എം.എല്‍.എമാര്‍ കൂടുതലായി യാതൊരു ശമ്പളമോ ആനുകൂല്യമോ കൈപ്പറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.
എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുകയാണ്. ഇത് സംബന്ധമായി കമ്മിഷന്‍ എം.എല്‍.എമാരില്‍ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."