തോറ്റത് പൊലിസ്; മിന്‍ഹാജുദ്ദീന്‍ നേടിയത് കണ്ണിന്റെ വിലയുള്ള വിജയം
ന്യൂഡല്‍ഹി: ചെറുതെങ്കിലും മുഹമ്മദ് മിന്‍ഹാജുദ്ദീന്റെ ഈ വിജയത്തിന് പിന്നില്‍ തോല്‍ക്കാത്തൊരു മനസ്സുണ്ട്. കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന ജാമിഅ ടീച്ചേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കലില്‍ ജാമിഅ വിദ്യാര്‍ത്ഥി മുഹമ്മദ് മിന്‍ഹാജുദ്ദീന്‍ ഒന്നാം സ്ഥാനം നേടി.
ജാമിഅയില്‍ നടന്ന പോലിസ് അതിക്രമത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ട വിദ്യാര്‍ഥിയാണ് മിന്‍ഹാജുദ്ദീന്‍. ജാമിഅ ലൈബ്രറിയിലിരുന്ന് ഇതേ കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കാനുള്ള പ്രബന്ധം തയ്യാറാക്കുമ്പോഴാണ് മിന്‍ഹാജുദ്ദീനെ ലൈബ്രറിക്കുള്ളില്‍ അതിക്രമിച്ചു കടന്ന പോലിസ് മര്‍ദ്ദിച്ചത്.
ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടും മിന്‍ഹാജുദ്ദീന്‍ മത്സരത്തില്‍ പങ്കെടുത്തുവെന്ന് മാത്രമല്ല ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ജാമിഅയിലെ രണ്ടാംവര്‍ഷ എല്‍.എല്‍.എം വിദ്യാര്‍ഥിയാണ് മിന്‍ഹാജുദ്ദീന്‍. പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി ബാത്ത്‌റൂമില്‍ ഒളിച്ച മിന്‍ഹാജുദ്ദീനെ പോലിസ് അവിടെയിട്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇരു കണ്ണിനും ലാത്തിയടിയേറ്റ മിന്‍ഹാജുദ്ദിന്റെ ഇരുകണ്ണുകള്‍ക്കും പരിക്കേല്‍ക്കുകയും ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു.
ബാത്ത്‌റൂമില്‍ ബോധമറ്റ് കിടക്കുന്ന മിന്‍ഹാജിന്റെ വീഡിയോ ദൃശ്യങ്ങള്‍ സംഭവം നടന്നയുടന്‍ തന്നെ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു. ഒന്നാം സ്ഥാനം നേടിയ മിന്‍ഹാജിനെ കാംപസിലെ അന്‍സാരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് മിന്‍ഹാജുദ്ദീന്‍. മലയാളി വിദ്യാര്‍ഥി മുഅ്മിന മിന്‍ഹാജുമായി ഒന്നാംസ്ഥാനം പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."