കെട്ടിനാട്ടി സാങ്കേതികവിദ്യ ജനകീയമാക്കാന്‍ തീരുമാനം
കല്‍പ്പറ്റ: ഉയര്‍ന്ന നെല്ലുല്‍പാദനം സാധ്യമാക്കുന്ന കെട്ടിനാട്ടി കൃഷിരീതി ജനകീയമാക്കാന്‍ അമ്പലവയല്‍ മാളിക ഞാറ്റടി സംഘവും കേരളാ അഗ്രികള്‍ച്ചര്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനും കൈകോര്‍ക്കുന്നു. പ്രത്യേക കളിക്കൂട്ടിലും വളക്കൂട്ടിലും തയാറാക്കുന്ന നെല്‍വിത്ത്(പെല്ലറ്റ്) ഉപയോഗിച്ചുള്ള നെല്‍കൃഷിയിലാണ് കോര്‍പറേഷനും ഞാറ്റടി സംഘവും സഹകരിക്കുന്നത്. അമ്പലവയലിലെ യുവ കര്‍ഷകന്‍ മാളിക കുന്നേല്‍ അജി തോമസ് വികസിപ്പിച്ചതാണ് കെട്ടിനാട്ടി കൃഷിമുറ. അജി തോമസ് പ്രസിഡന്റായി രൂപീകരിച്ചതാണ് ഞാറ്റടി സംഘം. അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം മുന്‍ മേധാവി ഡോ.രാധമ്മ പിള്ള, ഡോ.സിസ്റ്റര്‍ അല്‍ഫോന്‍സ് റോസ്, പ്രസീദ്കുമാര്‍ തയ്യില്‍, വിപിന്‍ മാത്യു കുന്നേല്‍, കെ.എസ്. ഷൈജു, സജീവ് മീനങ്ങാടി, എം. ശിവരാമന്‍ മാളിക, സി.ബി പ്രശാന്ത് എന്നിവരും ഉള്‍പ്പെട്ടതാണ് കേരളം മുഴുവനും പ്രവര്‍ത്തന പരിധിയുള്ള സംഘം. കോര്‍പറേഷന്‍ നിര്‍ദേശിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകകൂട്ടായ്മകള്‍ക്കും ആവശ്യമായ അളവില്‍ ഞാറ്റടി സംഘം പെല്ലറ്റുകള്‍ എത്തിക്കും. കൃഷിരീതിയില്‍ പരിശീലനവും നല്‍കും. കെട്ടിനാട്ടി രീതിയില്‍ ഒരേക്കറില്‍ കൃഷിക്ക് ഏകദേശം 80,000 പെല്ലറ്റാണ് വേണ്ടത്. പണിക്കൂലി ഉള്‍പ്പെടെ പെല്ലറ്റ് തയാറാക്കുന്നതിനുള്ള ചെലവ് മാത്രമാണ് സംഘം കോര്‍പറേഷനില്‍നിന്നു വാങ്ങുക. ഇതുള്‍പ്പെടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ധാരണാപത്രത്തില്‍ കോര്‍പറേഷന്‍ അധികൃതരും ഞാറ്റടി ഭാരവാഹികളും അടുത്ത ദിവസം ഒപ്പിടും. സാങ്കേതിക വിദ്യ കര്‍ഷകര്‍ക്കു സൗജന്യമായി നല്‍കാന്‍ തയാറായ കേരളത്തിലെ ആദ്യ സംഘമാണ് ഞാറ്റടിയെന്നു പ്രസിഡന്റ് പറഞ്ഞു. മെച്ചപ്പെട്ട നെല്ലുല്‍പാദനം സാധ്യമാക്കുന്നതിനു പുറമേ കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായകമാണ് കെട്ടിനാട്ടി കൃഷിരീതി. 2013-14ല്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലും അജി തോമസ് വികസിപ്പിച്ചതാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."