കൊച്ചാമിനയുടെ ദുരിതം ആര് പരിഹരിക്കും?
കയ്പമംഗലം: സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം കഴിഞ്ഞ പഞ്ചായത്തില്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ വയോധിക ദുരിതത്തില്‍. എടത്തിരുത്തി പഞ്ചായത്ത് പതിനട്ടാം വാര്‍ഡില്‍ ചൂലൂര്‍ വലിയകത്ത് പരേതനായ സെയ്തുവിന്റെ ഭാര്യ 80 വയസ് കഴിഞ്ഞ കൊച്ചാമിനയാണ് കുടിവെള്ളവും ശൗചാലയവുമില്ലാതെ ബുദ്ധിമുട്ടുന്നത്.
പരസഹായമില്ലാത്ത ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി അയല്‍വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് ശൗചാലയം ഇല്ലാത്ത അവസ്ഥയിലാണ് പഞ്ചായത്ത് സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം നടത്തുന്നത് എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഒമ്പത് കുടുംബങ്ങള്‍ക്ക് മാത്രം ശൗചാലയം പണിത് സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം നടത്താനുള്ള പഞ്ചായത്ത് ശ്രമത്തെ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മര്‍ദനവും ഇറങ്ങിപ്പോക്കും ഹര്‍ത്താലും വരെ നടക്കുകയുണ്ടായി.
എത്രയും പെട്ടെന്ന് വയോധികയായ കൊച്ചാമിനക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പഞ്ചായത്ത് ചെയ്തു കൊടുക്കണമെന്ന് പഞ്ചായത്തംഗം എ.കെ ജമാല്‍ ആവശ്യപ്പെട്ടു. അതേസമയം കൊച്ചാമിനയുടെ വീട്ടിലേക്ക് വഴി സൗകര്യം ഇല്ലാത്തതാണ് പല സൗകര്യങ്ങളും എത്താതിരിക്കാന്‍ കാരണമെന്ന് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ സലിം വലിയകത്ത് പറഞ്ഞു. ഒരാഴ്ച മുമ്പ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ഇവരുടെ വീട്ടിലേക്ക് വൈദ്യുതി എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."