പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം: രണ്ട്് സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മിലുണ്ടായ രൂക്ഷമായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു അഫ്ഗാന്‍ സൈനികനും പാക് സൈനിക മേജറുമാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ വെടിവയ്പ്പിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി അടിച്ചിട്ടുണ്ടെങ്കിലും സൈനികര്‍ തമ്മിലുള്ള വെടിവയ്പ്പു തുടരുകയാണ്. സംഘര്‍ഷത്തില്‍ 10 തദ്ദേശീയരുള്‍പ്പെടെ 22 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരില്‍ കുട്ടികളും ഖൈബര്‍ ഏജന്‍സി ഭരണവിഭാഗം മേധാവി ഖാലിദ് മഹ്മൂദും ഉള്‍പ്പെടും.
കഴിഞ്ഞ ഞായറാഴ്ച രാത്രി മുഴുവന്‍ അഫ്ഗാന്‍-പാക് രാജ്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന തുര്‍ഖാം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തി അടച്ചിരുന്നത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ജനങ്ങള്‍ക്കു യഥേഷ്ടം കടക്കാമെന്ന രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഗേറ്റ് സ്ഥാപിച്ചതാണു സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണു വിവരം. പാകിസ്താന്‍ സ്ഥാപിച്ച ഗേറ്റ് നീതിപൂര്‍വകമായി കണക്കാക്കുന്ന അതിര്‍ത്തിയല്ലെന്ന് അഫ്ഗാനിസ്താന്‍ ആരോപിക്കുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് പട്ടണമായ ലാന്‍ഡി കോട്ടലില്‍ സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നഗരത്തിനോടു ചേര്‍ന്ന ഖൈബര്‍ ചുരമാണ് അഫ്ഗാനിസ്താന്റെ പ്രധാന പ്രവേശന കവാടം. അതിര്‍ത്തിയില്‍ രൂപം കൊണ്ട സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടതില്‍ അനുശോചിച്ച പാക് സര്‍ക്കാര്‍, പ്രകോപനപരമായ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ക്കിടയാക്കുമെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അഫ്ഗാനിസ്താന്‍ തയാറാകണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പാക്‌സിതാനുമായി വെടിനിര്‍ത്തലിന് തയാറാണെന്ന് അഫ്ഗാനിസ്താന്‍ സര്‍ക്കാറിലെ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. ആരുടേയെങ്കിലും താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ളതല്ല അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന പ്രകോപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടുന്നതിനെ അഫ്ഗാനിസ്ഥാന്‍ എതിര്‍ത്തതോടെ ഇതിന്റെ നിര്‍മാണം പാകിസ്താന്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ദിനംപ്രതി അതിര്‍ത്തി കടക്കുന്ന ഇരുരാജ്യത്തേയും ജനങ്ങള്‍ക്ക് പാകിസ്താന്‍ നിര്‍മിച്ച വേലിയും പ്രവേശന കവാടവും വലിയതോതിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്നും അഫ്ഗാനിസ്ഥാന്‍ ആരോപിക്കുന്നു.
അതേസമയം അഫ്ഗാനിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വേലിനിര്‍മിക്കുകയെന്നതാണ് ഏകപോംവഴിയെന്നാണ് പാകിസ്താന്‍ പറയുന്നത്. അതിര്‍ത്തി കടക്കുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കാനും ഇത് അനിവാര്യമാണ്. കാബൂളിനു നേരെ അക്രമം നടത്തുന്നത് പാകിസ്താനില്‍ നിന്നുള്ളവരാണെന്ന വാദത്തിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തിയില്‍ പാകിസ്താന്‍ വേലി നിര്‍മിക്കുന്നതിനെ തുടര്‍ച്ചയായി എതിര്‍ക്കുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ 2,200 കി.മീറ്റര്‍ ദൂരമാണ് അതിര്‍ത്തി പങ്കിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."