അറബ് മേഖലയിലെ അസ്ഥിരതക്ക് പിന്നിൽ ഇറാനാണെന്ന് സഊദി
ജിദ്ദ: അറബ് മേഖലയിലെ അസ്ഥിരതക്ക് പിന്നിൽ ഇറാനാണെന്ന് സഊദി മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. പ്രാദേശിക, ആഗോള സമ്പദ്‌വ്യവസ്ഥക്ക് ഭീഷണി സൃഷ്ടിക്കുന്ന വീണ്ടുവിചാരമില്ലാത്ത പെരുമാറ്റമാണ് ഇറാന്റേത്. യെമനിൽ രാഷ്ട്രീയ പരിഹാരത്തിന് സഊദി എക്കാലവും പിന്തുണ നൽകുന്നുണ്ട്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.
വരുംതലമുറകളുടെ ശോഭനമായ ഭാവിക്കും മനോഹരമായ വർത്തനമാനത്തിനും ഐക്യരാഷ്ട്ര സഭയുടെ '2030 സുസ്ഥിര വികസന' ലക്ഷ്യങ്ങൾ നേടുന്നതിന് യു.എന്നുമായും ആഗോള സമൂഹവുമായും സഹകരിച്ച് സഊദി അറേബ്യ പ്രവർത്തിക്കും. യെമൻ ജനതക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സഊദി അറേബ്യ നൽകും. കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ വഴി യെമനികൾക്ക് ജീവകാരുണ്യ സഹായങ്ങൾ നൽകുന്നത് തുടരുകയും ചെയ്യും. ഹൂത്തി മിലീഷ്യകൾ നടത്തുന്ന പ്രകോപനപരമായ പ്രവർത്തനങ്ങൾ റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കുകയാണ്. യെമനുള്ള ജീവകാരുണ്യ സഹായങ്ങൾ നിർത്തിവെക്കുന്നതിലേക്ക് ഹൂത്തികളുടെ അക്രമങ്ങളും പ്രകോപനങ്ങളും നയിച്ചേക്കുമെന്നും മന്ത്രിസഭാ യോഗം മുന്നറിയിപ്പ് നൽകി.
സഊദി-അൾജീരിയ സുപ്രീം കോ-ഓർഡിനേഷൻ കൗൺസിൽ രൂപീകരണ കരാർ മന്ത്രിസഭ അംഗീകരിച്ചു. കരാർ ഒപ്പുവെക്കുന്നതിന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സഊദി കയറ്റുമതി, ഇറക്കുമതി ബാങ്ക് സ്ഥാപന നിയമവും മന്ത്രിസഭ അംഗീകരിച്ചു. കിരീടാവകാശി അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി സമർപ്പിച്ച ശുപാർശകൾ പരിശോധിച്ചാണ് ബാങ്ക് സ്ഥാപന നിയമം മന്ത്രിസഭ അംഗീകരിച്ചത്. മയക്കുമരുന്ന് കടത്ത് മേഖലയിൽ സഹകരിക്കുന്നതിന് ഒമാനുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻസൗദ് രാജകുമാരനെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."