HOME
DETAILS

പൗരത്വ പ്രക്ഷോഭങ്ങളുടെ മതേതര സന്ദേഹങ്ങള്‍; ചന്ദ്രശേഖര്‍ ആസാദും അരവിന്ദ് കെജ്‌രിവാളും

  
backup
February 19 2020 | 18:02 PM

chandrashekhar-azad-and-kejrival312

പൗരത്വ പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങളെപ്പറ്റി നിശബ്ദത പാലിച്ചും 'എനിക്കു ഡല്‍ഹി പൊലിസ് അധികാരം കിട്ടിയാല്‍ രണ്ടു മണിക്കൂറിനകം ഷഹീന്‍ ബാഗ് ഒഴിപ്പിക്കും' എന്ന് പ്രഖ്യാപിച്ചുമാണ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി തെരഞ്ഞെടുപ്പിനെ അതിജയിച്ചത്. റാം ഭക്തരായ ബി.ജെ.പിയോട് ഹനുമാന്‍ ഭക്തിയെ രാഷ്ട്രീയമായിത്തന്നെ മുന്നോട്ടുവച്ചയാളാണ് കെജ്‌രിവാള്‍. ആക്രോശിക്കുന്ന സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് പകരം ന്യൂനപക്ഷ പ്രശ്‌നങ്ങളെപ്പറ്റി നിശബ്ദമാവുന്ന സവര്‍ണ മേല്‍ക്കൊയ്മയെ പ്രതിനിധീകരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സമവാക്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ തീര്‍ച്ചയായും ബി.ജെ.പിക്കെതിരേ അദ്ദേഹം നേടിയ വിജയം ആശ്വാസം തന്നെയാണ്. അതിന്റെ പ്രാധാന്യം കുറച്ചു കാണാതെ തന്നെ പൗരത്വ സമരത്തിലെ മത, മതേതര പ്രതിനിധാനത്തെക്കുറിച്ച് ചില ആലോചനകള്‍ അത്യാവശ്യമാണ്.


അരവിന്ദ് കെജ്‌രിവാളിന്റെ പ്രഛന്ന സവര്‍ണ രാഷ്ട്രീയത്തെ പുതിയ മതേതര ബദലായി കാണണമെന്നും മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളെ 'പുതിയ ഹിന്ദു വിമോചന രാഷ്ട്രീയമായി' കാണണമെന്നും പറയുന്ന മതേതര വായനകള്‍ ഇപ്പോള്‍ ധാരാളമായി പുറത്തുവരുന്നു. ഈ വിമര്‍ശകര്‍ വെളിപ്പെടുന്ന സമയം വളരെ പ്രധാനമാണ്.

യാന്ത്രിക മതേതര വാദികള്‍ പൗരത്വ പ്രക്ഷോഭത്തിന് ഒരു മതേതര ഭാവുകത്വം മുന്നോട്ടുവച്ചിട്ടുണ്ട്. മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള അരികുവല്‍ക്കരണത്തെപ്പറ്റി നിശബ്ദത പാലിക്കുകയും മുസ്‌ലിം ഇടപെടലുകളിലെ മതാത്മകതയെപ്പറ്റി അജ്ഞത നടിക്കുകയും ചെയ്യുകയായിരുന്നു ഇതുവരെ അവര്‍. മാത്രമല്ല, പൗരത്വ പ്രക്ഷോഭത്തില്‍ മുസ്‌ലിം ചിഹ്നങ്ങളും 'ലാഇലാഹ ഇല്ലല്ലാഹ്', 'അല്ലാഹു അക്ബര്‍' തുടങ്ങിയ മുദ്രാവാക്യങ്ങളും വര്‍ജിക്കണം എന്ന വാശിയുള്ളവരുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ വിമോചനപരമായ മറ്റൊരു സവര്‍ണ ഹിന്ദു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന കെജ്‌രിവാളിനെ ആഘോഷിക്കുന്ന ചില മതേതരവാദികള്‍ എന്തുകൊണ്ടാണ് മുസ്‌ലിം മുദ്രാവാക്യങ്ങളെയും ചിഹ്നങ്ങളെയും സംഘടനകളെയും മാറ്റിവയ്ക്കാന്‍ ആഹ്വാനം ചെയ്തത് ? ഫാസിസ്റ്റ് അടിച്ചമര്‍ത്തലിനെതിരേ അതിന്റെ പ്രാഥമിക ഇരകളുടെ ആവിഷ്‌കാരത്തില്‍ മതത്തിന്റെ വിമോചനപരമായ രാഷ്ട്രീയപ്രയോഗം ദൃശ്യമാകുന്നത് മതേതര സവര്‍ണ പുരോഗമാനകാരികള്‍ക്ക് എന്തുകൊണ്ടാണ് സ്വീകാര്യമാവാത്തത് ? ഇന്ത്യന്‍ മതേതരത്വത്തിന്റെ വിഷയി മേല്‍ജാതി സവര്‍ണ പുരുഷനാണെന്ന കാര്യം നിരന്തരം തെളിഞ്ഞുവരുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്.


ഈ ചോദ്യങ്ങള്‍ വ്യക്തമാകാന്‍ ഡല്‍ഹിയില്‍ തന്നെ പൗരത്വ പ്രക്ഷോഭത്തില്‍ ഇടപെട്ട ചന്ദ്രശേഖര്‍ ആസാദിന്റെ മത, മതേതര ഇടപാടുകള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചന്ദ്രശേഖര്‍ ആസാദിന്റെ ഇടപെടലുകളെ ആവേശത്തോടെ സ്വീകരിച്ച മുസ്‌ലിം രാഷ്ട്രീയം അദ്ദേഹത്തെ 'ഇമാം' എന്ന പേരിട്ടാണ് വിളിച്ചത്. അതാവട്ടെ, കെജ്‌രിവാളിന്റെ മതേതര രാഷ്ട്രീയ വായനകള്‍ക്ക് പുറത്ത് വ്യത്യസ്തമായ ഒരു ബഹുസ്വര രാഷ്ട്രീയത്തെ മുന്നോട്ടുവച്ചു.

ഇമാമും മത അപരത്വവും


ഡല്‍ഹി ജുമാമസ്ജിദില്‍ ചന്ദ്രശേഖര്‍ ആസാദ് കടന്നു വന്നപ്പോള്‍, ഒരേ സമയം അത് പരമ്പരാഗത മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള വായനകള്‍ക്കും സവര്‍ണ പശ്ചാത്തലമുള്ള മതേതര ഐക്യദാര്‍ഢ്യ രാഷ്ട്രീയ വായനകള്‍ക്കും ചില പുതിയ പാഠഭേദങ്ങള്‍ നല്‍കുകയായിരുന്നു. മതത്തിന്റെ നിര്‍ണയ വാദങ്ങളെയും അതേസമയം മതത്തെ ഭീതിയോടെ കാണുന്ന മതേതര വരട്ടുവാദങ്ങളെയും 'ഇമാം' എന്ന വിളി ഒരു പോലെ പ്രതിസന്ധിയിലാക്കി. 'ഇമാം' എന്ന് അദ്ദേഹം സ്വയം വിളിച്ചതല്ല. മറിച്ച്, പ്രാഥമികമായും ഡല്‍ഹി ജുമാ മസ്ജിദിലെ അധികാരിയായ ഇമാമിന്റെ വിമര്‍ശനമായാണ് മുസ്‌ലിം ജനസാമാന്യം അദ്ദേഹത്തെ 'ഇമാം' എന്ന് വിളിച്ചത്.

മതവും മതേതരത്വവും സ്ഥാപിത ഫാസിസ്റ്റ് അധികാരത്തിന്റെ പക്ഷത്തു നില്‍ക്കുന്ന സന്ദര്‍ഭത്തെയും അതിനെതിരേ വിമോചന രാഷ്ട്രീയത്തിന്റെ പക്ഷത്തു നില്‍ക്കുന്ന സാഹചര്യത്തെയും ആസാദിന്റെ ഇടപെടലും അദ്ദേഹത്തെപ്പറ്റിയുള്ള 'ഇമാം' വിളിയും വെളിച്ചത്തുകൊണ്ടുവന്നു. പ്രസ്തുത പേരിടല്‍ സാധ്യമാക്കിയ അര്‍ഥത്തിന്റെ മാറ്റങ്ങള്‍ മത, മതേതര വരട്ടുവാദങ്ങളുടെ പ്രതിസന്ധിയാണ്. മത അധികാരത്തെയും മത അപരത്വത്തെയും പുനര്‍നിര്‍ണയിച്ച 'ഇമാം' എന്ന പദത്തിന്റെ സങ്കീര്‍ണത ആ അര്‍ഥത്തില്‍ പല വായനകള്‍ക്ക് വഴങ്ങുന്ന ഒന്നായി മാറി.


ഇമാം എന്ന വിളി മതപരമല്ല എന്ന നിര്‍ബന്ധവും എന്നാല്‍ അത് തികച്ചും ഭരണഘടനാപരവും മതേതരവുമാണെന്ന തീര്‍ച്ചകളും പുതിയ കീഴാള രാഷ്ട്രീയത്തിന്റെ ഇടര്‍ച്ചകളെയും ഇടകലരുകളെയുമാണ് കാണാതെ പോകുന്നത്. ഈയൊരു രീതി കെജ്‌രിവാളിന്റെ സവര്‍ണ രാഷ്ട്രീയത്തിനും അതില്‍ വിമോചന രാഷ്ട്രീയം മാത്രം കാണുന്ന സെക്കുലര്‍ വായനകള്‍ക്കും ഒട്ടും മനസിലാകാത്ത, സന്ദിഗ്ദ്ധതകള്‍ ധാരാളമുള്ള രാഷ്ട്രീയ ഭാഷയാണ്. മാത്രമല്ല മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ശബ്ദത്തെ പ്രധാനമായി കാണുന്ന ചന്ദ്രശേഖര്‍ 'ഇന്‍ഷാ അല്ലാഹ്' അടക്കമുള്ള മുദ്രാവാക്യങ്ങളെയും മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പ്രതീകങ്ങളെയും പ്രധാനമായി കാണുന്നുവെന്നതും മനസ്സിലാക്കേണ്ടതുണ്ട്.

ഐക്യദാര്‍ഢ്യത്തിന്റെ ഇമാം


'ഇമാം' എന്ന് ചന്ദ്രശേഖര്‍ ആസാദിനെ വിളിക്കുന്ന മുസ്‌ലിം വിശ്വാസിയുടെ രാഷ്ട്രീയ സാധ്യത എന്താണ്? സ്വന്തം മതത്തിനു പുറത്തുള്ള അപരന്റെ (religious other) ജീവിത വീക്ഷണത്തെ ബഹുമാനിച്ചുകൊണ്ടുതന്നെ, ചന്ദ്രശേഖര്‍ ആസാദിനെ പൗരത്വ പ്രക്ഷോഭത്തിന്റെ വഴിയില്‍ നേതാവായി കൂടെക്കൂട്ടാനും, അങ്ങനെ പുതിയ ഐക്യദാര്‍ഢ്യത്തിന്റെ വഴികള്‍ തുറക്കാനും ഈ പ്രക്ഷോഭ കാലത്ത് സാധ്യമായി.

പുതിയ കാല ഇസ്‌ലാമിക വിമോചന രാഷ്ട്രീയത്തിന് മത അപരത്വത്തെ ഭാവനാത്മകമായി പരിഗണിക്കാന്‍ കഴിയുന്നുവെന്ന നിരീക്ഷണത്തെ ശക്തിപ്പെടുത്തുന്ന പ്രയോഗമായിരുന്നു 'ഇമാം'. ആഫ്രോഅമേരിക്കന്‍ ഇസ്‌ലാമിക ചിന്തകനായ ഷെര്‍മന്‍ ജാക്‌സന്റെ വായന പ്രകാരം ഇസ്‌ലാമിലെ ദൈവികമായ കാര്യങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നത് വെളിപാടാണ്. അതില്‍ മനുഷ്യന് പങ്കില്ല. എന്നാല്‍ ഭൗതിക ജീവിതത്തിലെ ഇസ്‌ലാം വെളിപാടില്‍ പൂര്‍ത്തിയാവുന്നില്ല എന്നാണ് ജാക്‌സന്‍ എടുത്തുകാട്ടുന്നത്. ഇസ്‌ലാം ജീവിതത്തിന്റെ സമസ്ത മേഖലയും കൈകാര്യം ചെയ്യുന്നു. ദൈവിക വെളിപാടുകള്‍ ഇസ്‌ലാമികമാണ്, പക്ഷേ ഇസ്‌ലാം ദൈവിക വെളിപാടിന്റെ മാത്രം പ്രശ്‌നമല്ല കൈകാര്യം ചെയ്യുന്നത്. ആ അര്‍ഥത്തില്‍ ദൈവിക വെളിപാടിന്റെ മണ്ഡലത്തില്‍ ഇസ്‌ലാം കൈകാര്യം ചെയ്യാത്ത കാര്യങ്ങളും മുസ്‌ലിംകള്‍ക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതൊക്കെ ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതാണ്.


ദൈവിക വെളിപാടിന്റെ 'പുറത്തുള്ള' ലോകത്തിന് ഭൗതിക സ്വഭാവമാണുള്ളത്. ആ ഭൗതിക സ്വഭാവത്തെ ദൈവിക വെളിപാടിന്റെ പുറത്തുള്ള ലോകപരതയായിട്ടാണ് ഷെര്‍മന്‍ ജാക്‌സണ്‍ വിശദീകരിക്കുന്നത്. അങ്ങനെ, ഇസ്‌ലാമിന് ഒരു ലോകപരതയുണ്ട്. അത് ദൈവിക വെളിപാടിന്റെ പുറത്തുള്ള ലോകപരതയാണ്. ഇസ്‌ലാമിന്റെ പുറത്തുള്ള ഈ ലോകത്തെ കൈകാര്യം ചെയ്യാനുള്ള മുസ്‌ലിംകളുടെ ശ്രമത്തെ മനസ്സിലാക്കാന്‍ യൂറോസെന്റ്രിക് മാതൃകയിലുള്ള മതത്തെയും മതേതരത്വത്തെയും പറ്റിയുള്ള നിര്‍ണയ വാദങ്ങള്‍ തടസ്സമാണെന്നു ജാക്‌സന്‍ കരുതുന്നു. അതിനാല്‍ തന്നെ മതത്തിന്റെ എതിരായിട്ടല്ല, മതത്തിന്റെ ഉള്ളില്‍ തന്നെ സാധ്യമായ ലോക അനുഭവവും ലോകത്തോടുള്ള ഇടപെടലുമായിട്ടാണ് 'ഭൗതികം' എന്ന അനുഭവത്തെ പുതിയ രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുക.


'ഇമാം' എന്ന സൂചന പറയുന്നത്, പൗരത്വ പ്രക്ഷോഭത്തില്‍ കൂട്ടായ മുന്നേറ്റങ്ങള്‍ രൂപപ്പെടുത്താന്‍ മതേതരമാവുക, മതത്തെ സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയ വഴികള്‍ മാത്രമല്ല ഉള്ളത്. പൊതുരാഷ്ട്രീയത്തിനകത്ത് ഇടപെടുമ്പോഴും സ്വന്തം മതത്തെ പ്രധാനമായി കാണുമ്പോഴും മറ്റുള്ള മത, മതേതര വീക്ഷണങ്ങളുമായി ഐക്യത്തിന്റെ സാധ്യത അന്വേഷിക്കാന്‍ കഴിയുമെന്നാണ് 'ഇമാം' എന്ന സംബോധന സൂചിപ്പിക്കുന്നത്.


ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി ജുമാമസ്ജിദില്‍ ഏറ്റുവാങ്ങിയ സംഭവം ഒരേസമയം ഇസ്‌ലാമിന്റെ തന്നെ വിമോചന ദൈവശാസ്ത്ര വായനയും മതേതരാധുനികതയുടെ അപരിചിത ലോകത്തിനു പുറത്തെ പോസ്റ്റ്‌സെക്കുലര്‍ രാഷ്ട്രീയ പരീക്ഷണവുമാണ്. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിലൂടെ സവര്‍ണ രാഷ്ട്രീയത്തിന്റെ സാസ്‌കാരികാധിപത്യം ഉറപ്പാകുന്ന മതേതര വായനകള്‍ മതേതരത്വത്തെ കൂടുതല്‍ സവര്‍ണമാക്കുകയും അതുവഴി മുസ്‌ലിം മതന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ നിശബ്ദത ഉറപ്പുവരുത്തുകയും ചെയ്യുന്നുവെന്നതാണ് പ്രശ്‌നം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago