കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 18 മരണം
കോയമ്പത്തൂര്‍: അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ട്. 25 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kl 15 A 282 ബസാണ് അപകടത്തില്‍പ്പെട്ടത്.വാഹനം വെട്ടിപ്പൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്.അവിനാശിയിലും തിരുപ്പൂരിലുമായി പോസ്റ്റ്്‌മോര്‍ട്ടം നടക്കും. മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്‌നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. പാലക്കാട് നിന്നുള്ള കെ എസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.തിരിപ്പൂര്‍ ജില്ലാ കളക്ടര്‍ അപകട സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്
അപകടത്തില്‍ പെട്ടവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിക്കേറ്റവര്‍ എത്രയുണ്ടെന്നതു സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസായതിനാല്‍ അതില്‍ മലയാളികള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഫെബ്രുവരി 17 നാണ് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് പോയത്. 18ന് വൈകിട്ട് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഇന്നലെ രാത്രി ആണ് തിരിച്ചത്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."