വൈദികന്റെ പീഡനം: പ്രസവം മറച്ചുവച്ച ആശുപത്രിക്കും അഗതി മന്ദിരത്തിനുമെതിരേ കേസ്
കൊട്ടിയൂര്‍ (കണ്ണൂര്‍): കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരിയായ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രസവം മറച്ചുവച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിക്കെതിരേയും വയനാട് വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരീസ് അഗതി മന്ദിരത്തിനെതിരേയും കേസ്.
പ്രസവ വേളയില്‍ ആശുപത്രിയിലെത്തി സഹായിക്കുകയും കുഞ്ഞിനെ ഒളിപ്പിക്കുകയും ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. എല്ലാവര്‍ക്കെതിരേയും ബാലപീഡന കുറ്റമായ പോക്സോ നിയമം ചുമത്തി.
കൊട്ടിയൂരിലെ മാതൃവേദി പ്രവര്‍ത്തക തങ്കമ്മയാണു പ്രതിപ്പട്ടികയിലുള്ള സ്ത്രീകളിലൊരാള്‍. പ്രതിചേര്‍ക്കപ്പെട്ടവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. കുഞ്ഞിനെ ഏല്പിച്ചിട്ട് 10 ദിവസം കഴിഞ്ഞിട്ടും വിവരം ശിശുക്ഷേമ സമിതിക്കു കൈമാറാത്തതിനാണു അഗതി മന്ദിരത്തിനെതിരേ കേസ്.
സംഭവത്തില്‍ വയനാട് ശിശുക്ഷേമ സമിതിക്കു വീഴ്ചപറ്റിയെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍ സുനില്‍കുമാര്‍ ബാലാവകാശ കമ്മിഷനും ജില്ലാകലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്കി. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയ വികാരിയായിരുന്ന ഫാ. റോബിന് വടക്കുംചേരിയാണു പതിനാറുകാരിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ക്രിസ്തുരാജ ആശുപത്രിയിലാണു കുഞ്ഞിനു ജന്മംനല്കിയത്. എറണാകുളത്ത് വച്ച് അറസ്റ്റിലായ ഫാ. റോബിന് വടക്കുംചേരി കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതിക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടി ഇന്നുമുതല്‍ പ്രത്യേക അന്വേഷണസംഘം ആരംഭിക്കും. ഇതിനുശേഷം പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്തദിവസം കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."