HOME
DETAILS
MAL
സി ടെറ്റ് ജൂലൈ 5 ന്
backup
February 20 2020 | 03:02 AM
കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, സെന്‍ട്രല്‍ ടിബറ്റന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ യോഗ്യതാ പരീക്ഷയായ സിടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 5നു ദേശീയ തലത്തില്‍ നടക്കും.
സി.ബി.എസ്.ഇയാണ് പരീക്ഷ നടത്തുന്നത്. ഈ മാസം 24 വരെ www.ctet.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. മലയാളം, ഹിന്ദി, ഇംഗ്‌ളീഷ്, സംസ്‌കൃതം, ഉറുദു, തമിഴ്, തെലുങ്ക്, കന്നട ഉള്‍പ്പടെ ഇരുപത് ഭാഷകളിലാണ് പരീക്ഷ.
ഏതെങ്കിലും രണ്ടു ഭാഷകള്‍ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാം. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്റെയും നിയമനത്തിനു മാത്രമല്ല സംസ്ഥാന സ്‌കൂളുകളിലും സിടെറ്റ് യോഗ്യത ആവശ്യമുള്ള പക്ഷം ഉപയോഗിക്കാം.
നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷനാണ് (എന്‍.സി.ടി.ഇ) അധ്യാപക യോഗ്യത സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഏഴുവര്‍ഷം വരെ സിടെറ്റ് യോഗ്യതയ്ക്കു സാധുതയുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കവരത്തി, കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവയടക്കം 97 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
ഫലം ഓഗസ്റ്റ് അവസാനത്തോടെ പ്രസിദ്ധീകരിക്കും. രണ്ടര മണിക്കൂര്‍ വീതമുള്ള രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. നെഗറ്റീവ് മാര്‍ക്കിങ് ഇല്ലാത്ത മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒബ്ജക്ടീവ് ചോദ്യങ്ങളായിരിക്കും. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ അധ്യാപകര്‍ക്ക് ഒന്നാം പേപ്പറും ആറു മുതല്‍ എട്ടുവരെ ക്ലാസുകാര്‍ക്കു രണ്ടാം പേപ്പറുമായിരിക്കും. വേണമെങ്കില്‍ രണ്ടു പേപ്പറും എഴുതാം.
ഒരു പേപ്പറിന് 1000 രൂപയും, രണ്ടു പേപ്പറിന് 1,200 രൂപയുമാണ് അപേക്ഷ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍, മറ്റു സംവരണ വിഭാഗക്കാര്‍ക്ക് യഥാക്രമം ഒരു പേപ്പറിന് 500 രൂപയും രണ്ടു പേപ്പറിന് 600 രൂപയുമാണ് ഫീസ്. 60 ശതമാനം എങ്കിലും മാര്‍ക്കുള്ളവര്‍ക്ക് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടും. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ വീണ്ടും എഴുതുന്നതിനും തടസമില്ല.
ഒന്നു മുതല്‍ അഞ്ചാം ക്ലാസുവരെ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവും രണ്ടു വര്‍ഷ ഡിപ്ലോമ ഇന്‍ എലിമന്ററി എജ്യുക്കേഷനും (അഥവാ സമാന യോഗ്യത). ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളെയും പരിഗണിക്കും. ആറു മുതല്‍ എട്ടുവരെ 45 ശതമാനം മാര്‍ക്കോടെ ബിരുദവും ബി.എഡും നേടിയിരിക്കണം. പട്ടികജാതി പിന്നോക്ക ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."