HOME
DETAILS
MAL
കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം കൈയാങ്കളിയായി; മേയര്‍ ആശുപത്രിയില്‍
backup
February 20 2020 | 04:02 AM
സ്വന്തം ലേഖിക
കണ്ണൂര്‍: മേയര്‍ സുമാ ബാലകൃഷ്ണനെ കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ പൂട്ടിയിട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധം വാക്കേറ്റത്തിലും കൈയാങ്കളിയും കലാശിച്ചു. പ്രതിപക്ഷത്തിന്റെ കൈയേറ്റ ശ്രമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മേയറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയായാണു പ്രതിഷേധമുണ്ടായത്. സംഘടനാ പ്രവര്‍ത്തനം ഓഫിസ് കോപൗണ്ടില്‍ അനുവദിക്കാത്തതിലും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ ഡെപ്യൂട്ടി മേയര്‍ നിര്‍ബന്ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ ജീവനക്കാരുടെ സമരം നടക്കുകയായിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ സന്ദര്‍ശിച്ചതാണു സംഭവങ്ങളുടെ തുടക്കം.
കൗണ്‍സില്‍ യോഗത്തിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന മറുപടിയില്‍ തൃപ്തരാകാതെ എല്‍.ഡി.എഫ് അംഗങ്ങള്‍ മേയറെ തടയാന്‍ ശ്രമിച്ചതാണു കൈയാങ്കളിയില്‍ അവസാനിച്ചത്. മേയറുടെ റൂമില്‍ നിന്ന് കൗണ്‍സില്‍ ഹാളില്‍ പ്രവേശിക്കുന്ന വാതില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അടയ്ക്കുകയും ചെയ്തു. ഇതോടെ മറ്റൊരു വാതിലിലൂടെ റൂമിനകത്ത് കയറിയ യു.ഡി.എഫ് കൗണ്‍സിലര്‍മാരും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷും തന്നെ കൗണ്‍സില്‍ ഹാളിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ കെ. പ്രമോദ് കൈയേറ്റം ചെയ്യുകയായിരുന്നുവെന്നു മേയര്‍ സുമാ ബാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നു കൗണ്‍സില്‍ ഹാളില്‍ മണിക്കൂറുകളോളം അരങ്ങേറിയ കൈയാങ്കളിക്കും വാക്കേറ്റത്തിനുമൊടുവില്‍ പൊലിസിന്റെ അനുനയ ശ്രമത്തിലാണ് സംഭവങ്ങള്‍ അവസാനിച്ചത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയര്‍ സുമാ ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനനും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ മുന്‍ മേയര്‍ ഇ.പി ലത, കെ. റോജ, വി.ജി വിനീത, കെ. കമലാക്ഷി, കെ. പ്രമോദ് എന്നിവര്‍ എ.കെ.ജി ആശുപത്രിയിലും ചികിത്സതേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."