നിരോധിത കീടനാശിനി ഉപയോഗം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം വരുന്നു
#തമീം സലാം കാക്കാഴം
കൊച്ചി: നിരോധിത കീടനാശിനി ഉപയോഗം ക്രിമിനല്‍ കുറ്റമാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ തയാറെടുത്ത് സര്‍ക്കാര്‍. ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. നെല്‍വയലുകളിലെ മാരക കീടനാശിനി പ്രയോഗം കണ്ടില്ലെന്ന് നടിക്കുന്ന വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍വയലുകളാല്‍ സമൃദ്ധമായ കുട്ടനാട്ടിലുള്‍പ്പടെ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി വ്യാപകമായി മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ലെന്ന കൃഷിവകുപ്പ് നിര്‍ദേശവും നടപ്പിലാവുന്നില്ല.
അതേസമയം തിരുവല്ലയില്‍ ഉപയോഗിച്ചത് സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനിയാണെന്ന് കൃഷി മന്ത്രി വ്യക്തമാക്കി. ഇത് കാര്‍ഷിക സര്‍വകലാശാല നിര്‍ദേശിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടതല്ല. കൃഷി ഓഫിസറുടെ കുറിപ്പോടെ മാത്രമേ വാങ്ങാനും അനുവാദമുള്ളൂ. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇത് കേരളത്തിലെത്തിയതെന്നത് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു.
നിരോധിത കീടനാശിനികള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നുണ്ട്. ഇതു കണ്ടുപിടിക്കുന്നതിന് കര്‍ഷകര്‍ തന്നെ മുന്നോട്ടുവരേണ്ടതാണ്. തിരുവല്ലയില്‍ ഉപയോഗിച്ച കീടനാശിനി പല സ്ഥലത്തും ഉപയോഗിക്കുന്നതായി പിന്നീട് നടന്ന റെയ്ഡില്‍ മനസിലായി. പല കടകളില്‍ നിന്നും ഇത് കണ്ടെടുത്തു. ഒരിക്കലും റീട്ടെയില്‍ ഷോപ്പില്‍ വരാന്‍ പാടില്ലാത്ത ഒന്നാണിത്. കീടനാശിനി ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ 2016 മുതല്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. 1289 മെട്രിക് ടണ്‍ കീടനാശിനി ഉപയോഗിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 850 മെട്രിക് ടണ്ണായി കുറഞ്ഞത് അങ്ങനെയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."