ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ നിസ്സഹകരണം; വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
നാദാപുരം: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരില്‍ 50 പേരെ വില്ലേജ് അസിസ്റ്റന്റുമാരായി സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ നടത്തുന്ന നിസ്സഹകരണം മൂലം ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.പൊതുജനങ്ങള്‍ അശ്രയിക്കുന്ന വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ഇതോടെ തകിടം മറിഞ്ഞ അവസ്ഥയിലായി. കാലപഴക്കം ചെന്ന സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഇവിടെ പിന്തുടരുന്നത്.
വില്ലേജ് ഓഫിസുകളില്‍ ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ രണ്ടു വീതം തസ്തിക കളാണ് നിലവിലുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓഫിസിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലായതോടെയാണ് അസിസ്റ്റന്റുമാര്‍ ജോലി സംരക്ഷണമാവശ്യപ്പെട്ട് നിസ്സഹകരണവുമായി രംഗത്തെത്തിയത്.
പോക്കുവരവ്, വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈന്‍ വഴി ലഭിക്കുമെങ്കിലും ഓഫിസുകളില്‍ നിന്നും ലഭിക്കേണ്ട തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വായ്പക്കും മറ്റുമുള്ള, സര്‍ട്ടിഫിക്കറ്റുകള്‍, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച്, സാക്ഷിപത്രങ്ങള്‍ എന്നിവയ്ക്ക് ഓഫിസിലെത്തുന്നവരാണ് ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്.
കെട്ടിടങ്ങള്‍ക്കുള്ള ഒറ്റത്തവണ നികുതി കണക്കാക്കല്‍ ഉള്‍പ്പെടെയുള്ളവയും നിലച്ചിരിക്കുകയാണ്. ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ചെയ്തു കൊണ്ടിരുന്ന ജോലികളില്‍ മിക്കവയും മാന്വലില്‍ പറയാത്തവയാണ്. വില്ലേജ്മാന്വല്‍ പ്രകാരം ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ഓഫിസില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി പണവും മറ്റും സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കുവാന്‍ വില്ലേജ് ഓഫിസറെ സഹായിക്കുക, നോട്ടിസ് നല്‍കല്‍, വില്ലേജ് ഓഫിസര്‍മാര്‍ പറയുന്ന മറ്റു ജോലികളുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ മാന്വലില്‍ പറയാത്ത വയ്ക്ക് നിയമ പരിരക്ഷ ഇല്ലാത്തതിനാല്‍ ഇനി മുതല്‍ ഇവ ചെയ്യേണ്ട എന്നാണ് ഇവരുടെ തീരുമാനം. 1972 ക്ലാസ് മൂന്ന് വിഭാഗത്തില്‍പ്പെടുത്തിയ ഈ തസ്തികയുടെ കാറ്റഗറി മാറ്റിയിട്ടില്ലന്നും 20 വര്‍ഷത്തിലേറെയായി സ്ഥാനക്കയറ്റം ലഭിക്കാത്തവരുമാണ് അസിസ്റ്റന്റുമാര്‍.ഇവര്‍ക്ക് ചെയ്യുന്ന ജോലികള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ ലഭിച്ചിട്ടുമില്ലെന്നും നിസ്സഹകരണ രംഗത്തുള്ള ജീവനക്കാര്‍ പറയുന്നു. ഓഫിസ് പ്രവര്‍ത്തനം താറുമാറായത് കാരണം സര്‍ക്കാര്‍ ഖജനാവിലേക്കുള്ള പണമൊഴുക്കും നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."