ടെസ്റ്റിനൊരുങ്ങി ഇന്ത്യ
വെല്ലിംഗ്ടണ്‍: കുട്ടി ക്രിക്കറ്റിനോട് വിടചൊല്ലി ഇന്ത്യയും ന്യൂസിലാന്‍ഡും ഇനി ക്രിക്കറ്റിന്റെ വിശ്വരൂപത്തിലേക്ക് ഇന്ന് പാഡ് കെട്ടും. ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ അങ്കം ഇന്ന് വെല്ലിംഗ്ടണില്‍ തുടങ്ങും. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയതിനു പിന്നാലെ ഏകദിന പരമ്പര ന്യൂസിലന്‍ഡും സമ്പൂര്‍ണ്ണ ജയം നേടിയിരുന്നതിനാല്‍ ടെസ്റ്റ് പരമ്പര വിട്ടുകൊടുക്കാന്‍ ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഈവര്‍ഷത്തെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ചാംപ്യന്‍ഷിപ്പില്‍ കളിച്ച ഏഴിലും ജയിച്ച് 360 പോയന്റോടെ പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യ വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മറുഭാഗത്ത് ചാംപ്യന്‍ഷിപ്പിലെ ന്യൂസിലന്‍ഡിന്റെ നില അതി ദയനീയമാണ്. കളിച്ച അഞ്ച് കളിയില്‍ നാലിലും തോല്‍വി രുചിച്ചു. ഒരു ജയത്തോടെ 60 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് കിവികള്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരമാണിതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടണ്ട്. ആദ്യ ദിവസങ്ങളില്‍ ബൗളിങിനെ പിന്തുണക്കുന്ന പിച്ചായതിനാല്‍ ടോസ് ലഭിക്കുന്നവര്‍ ആദ്യം ഫില്‍ഡ് ചെയ്യാനാണ് സാധ്യത.
പരുക്കേറ്റ് പിന്മാറിയ രോഹിത് ശര്‍മ്മക്ക് പകരം പൃഥിഷായോ ശുഭ്മാന്‍ഗില്ലോ മായങ്കിനൊപ്പം ഓപ്പണറായി ടീമിലെത്തും. മൂന്നാമനായി ചേതേശ്വര്‍ പൂജാരയും പിന്നാലെ കോഹ്‌ലിയും രഹാനെയും ഹനുമ വിഹാരിയുമെത്തുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാകും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും സ്പിന്നറായി അശ്വിനോ ജഡേജയോ ഒരാളും കളത്തിലിറങ്ങും.മൂന്ന് പേസര്‍മാരുമായിട്ടായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. പരുക്ക് മാറി എത്തിയ ഇശാന്ത് ശര്‍മ്മ കളിക്കുന്നില്ലെങ്കില്‍ ബുമ്രക്കും ശമിക്കുമൊപ്പം ഉമേഷ് യാദവും ടീമിലെത്തും. സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ടീം നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
മറുഭാഗത്ത് കെയ്ന്‍ വില്ല്യംസണിന്റെ നേതൃത്വത്തില്‍ ഏകദിന പരമ്പരയിലെ വിജയത്തുടര്‍ച്ച കൈവിടാതിരിക്കാനാണ് ന്യൂസിലാന്‍ഡ് ഇറങ്ങുന്നത്. ട്രെന്റ് ബോള്‍ട്ടിന്റെ മടങ്ങിവരവാണ് ന്യൂസിലന്‍ഡ് ടീമിലെ സവിശേഷത. വില്ല്യംസണെ കൂടാതെ റോസ് ടെയ്‌ലറും ടോം ലാതമുമടങ്ങുന്ന പരിചയ സമ്പന്നരടങ്ങുന്നതാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിര. ബോള്‍ട്ടിന് പുറമെ മാറ്റ് ഹെന്‍ട്രിയും ടിം സൗത്തിയും ചേരുന്നതോടെ കിവികളുടെ പേസ് പട ഇന്ത്യന്‍ ബാറ്റിങ്ങിന് വെല്ലുവിളിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."