വീടുകള്‍ നശിക്കുന്നു; വെള്ളവും വെളിച്ചവുമില്ലാതെ ഒരു ദേശം
മേപ്പയ്യൂര്‍: നരക്കോട് പുലപ്രക്കുന്ന് സാംബവ കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളായിട്ടും പരിഹാരവുമായില്ല. വെള്ളവും വെളിച്ചവും വീടുമുള്‍പ്പടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഈ ദുരിത ജീവിതത്തിന് അറുതി വരുത്തേണ്ടവര്‍ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് കോളനിവാസികളുടെ പരാതി.
2015ലാണ് ഭൂമിയും, വീടുമില്ലാത്ത റേഷന്‍ കാര്‍ഡില്ലാത്ത, വോട്ടര്‍ ഐ.ഡി കാര്‍ഡുമാത്രമുള്ള അരിക്‌വല്‍കരിക്കപ്പെട്ട ദലിത് ജീവിതം പൊതു സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്നത്. ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് നിദാനമായത്. തുടര്‍ന്ന് അന്നത്തെ കലക്ടര്‍ എന്‍. പ്രശാന്ത് കോളനി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കി. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2015 ഒക്ടോബര്‍ 15ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ റവന്യൂ അധികൃതര്‍, ജനപ്രതിനിധി കള്‍, പഞ്ചായത്ത് അധികൃതര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കോളനി നിവാസികള്‍ എന്നിവരുടെ സിറ്റിങ് നടന്നു.
ഈ യോഗത്തില്‍ കോളനിയില്‍ അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും, സ്ഥലം അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് വേഗത കൂട്ടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു തെരുവുവിളക്കും 2000 ലിറ്ററിന്റെ ഒരു താല്‍ക്കാലിക വാട്ടര്‍ ടാങ്കും സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് തീരുമാനങ്ങളൊന്നും മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി കിണര്‍ നിര്‍മിക്കാന്‍ മൂന്നു ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ താമസക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും റേഷന്‍ കാര്‍ഡും തൊഴിലുറപ്പ് ജോലി പോലും ലഭ്യമാകാത്ത സ്ഥിതിയാണ്. ശുദ്ധജല ക്ഷാമം മൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഒരു കിലോമീറ്റര്‍ ദൂരെയുള്ള പാറക്കുളത്തെ ആശ്രയിക്കേണ്ട നിലയാണ് ഇപ്പോഴും. സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.2016ല്‍ പാതി വച്ച് നിര്‍ത്തിയ താലൂക്ക് സര്‍വേ സംഘത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ നടപടി ഇന്നലെ പൂര്‍ത്തിയായത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സഹായകമാവുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."