കെ.എ.എസ് പരീക്ഷ നാളെ; 4,00,014 പേര്‍ പരീക്ഷ എഴുതും
സംസ്ഥാന ഭരണനിര്‍വഹണത്തില്‍ പങ്കുവഹിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കി കേരള പി.എസ്.സി ആദ്യമായി നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേയ്ക്കുള്ള (കെ.എ.എസ്) പ്രിലിമിനറി പരീക്ഷ നാളെ. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. ഒരു ദിവസം ഒരു തസ്തികയ്ക്ക് രണ്ടു പരീക്ഷ പി.എസ്.സി നടത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. പ്രിലിമിനറി പരീക്ഷയിലെ ഓരോ പേപ്പറിലും 100 ചോദ്യങ്ങളുണ്ടാവും. 90 മിനിറ്റാണ് പരീക്ഷാസമയം.
ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാതിരിക്കുന്നത് പരീക്ഷയില്‍ മൊത്തത്തില്‍ ഹാജരാകാതിരുന്നതായി കണക്കാക്കും. വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരിക്കുന്നത് പ്രൊഫൈല്‍ തടസപ്പെടുത്തുന്നതിന് അടക്കമുള്ള നടപടികള്‍ക്ക് കാരണമാകുമെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകര്‍ക്ക് മാത്രമായിരിക്കും ചുമതല.
ശ്രദ്ധിക്കുക
- ഉദ്യോഗാര്‍ഥികളെ രാവിലെ 9.45നു ശേഷവും ഉച്ചയ്ക്ക് 1.15ന് ശേഷവും പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കും
- പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കാത്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം ഉണ്ടായിരിക്കും
- തിരിച്ചറിയല്‍ രേഖ, അഡ്മിറ്റ് കാര്‍ഡ്, ബോള്‍ പോയിന്റ് പേന എന്നിവ മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ ഹാളില്‍ അനുവദിക്കൂ
- വാച്ച്, ഹെല്‍ത്ത് ബാന്‍ഡ്, മൊബൈല്‍ ഫോണ്‍, പഴ്‌സ്, വള, മോതിരം, മാല എന്നിവ പരീക്ഷ ഹാളില്‍ നിരോധിച്ചിട്ടുണ്ട്. ഇവ ക്ലോക്ക് റൂമില്‍ സൂക്ഷിക്കണം
- പരീക്ഷാസമയത്ത് ക്രമക്കേട് നടത്തിയാല്‍ ഉത്തരവാദിത്വം ഇന്‍വിജിലേറ്റര്‍മാര്‍ക്കാണ്
- സംശയം തോന്നുന്ന ഉദ്യോഗാര്‍ഥികളുടെ കണ്ണട, വസ്ത്രത്തിലെ ബട്ടണുകള്‍ എന്നിവ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പരിശോധിക്കാം. സംശയം തോന്നിയാല്‍ പുരുഷ, വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദേഹപരിശോധന നടത്താം
- ഒരു പരീക്ഷാകേന്ദ്രത്തില്‍ രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ വീതം ഉണ്ടായിരിക്കും
- എല്ലാ പരീക്ഷാ സെന്ററുകളിലും പി.എസ്.സിയില്‍നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും
- പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറിമാര്‍ മുതല്‍ സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഒബ്‌സര്‍വര്‍മാരായി പ്രവര്‍ത്തിക്കും. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സ്‌ക്വാഡുകളും ഉണ്ടാകും.
- ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. പരീക്ഷ അവസാനിക്കുന്നത് വരെ ഇവര്‍ ഹാളിനുള്ളില്‍ ഉണ്ടായിരിക്കണം
- പി.എസ്.സി ആസ്ഥാനത്തും ജില്ലാ മേഖലാ ഓഫിസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
- ആസ്ഥാനത്ത് ഹെല്‍പ്‌ലൈനും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."