സ്‌കൂളുകളില്‍ ഇനി പഠനം ഉത്സവമാകും
ബഷീര്‍ എടച്ചേരി
എടച്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു പിന്നാലെ വിദ്യാലയങ്ങളില്‍ 'പഠനോത്സവം' സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ഓരോ സ്‌കൂളില്‍ നിന്നും ഒരധ്യാപകനു വീതം പരിശീലനം നല്‍കിക്കഴിഞ്ഞു. സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് കണ്‍വീനര്‍മാരായ അധ്യാപകര്‍ക്കാണു പരിശീലനം നല്‍കിയത്. കുട്ടികളുടെ പഠനമികവുകള്‍ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്‍പാകെ പ്രകടിപ്പിക്കാനും അതുവഴി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിപ്പിക്കുകയുമാണു പഠനോത്സവത്തിലൂടെ ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കാരണം പൂട്ടിപ്പോകുന്ന സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളിലേക്ക് മക്കളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രചോദനമാകാനും കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതു വിജയകരമായി വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ വിപുലമായ സംഘാടകസമിതി രൂപീകരിക്കും.
വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തണം. ഈ മാസം മുതല്‍ മെയ് വരെ നീണ്ടുനില്‍ക്കുന്ന അഞ്ചു മാസമാണ് പദ്ധതിയുടെ കാലാവധി. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരി 26നും ഫെബ്രുവരി 16നും ഇടയിലുള്ള രണ്ടാഴ്ചയ്ക്കുള്ളിലെ ഏതെങ്കിലും ദിവസം സ്‌കൂളില്‍ പഠനോത്സവ പരിപാടി സംഘടിപ്പിക്കണം. ഇതില്‍ ഓരോ ക്ലാസിലെയും മുഴുവന്‍ വിദ്യാര്‍ഥികളുടെയും കഴിവ് നാട്ടുകാര്‍ക്കു മുന്നില്‍ പ്രകടിപ്പിക്കണം. ഇതൊരു മത്സര പരിപാടിയല്ലെന്നും യാതൊരു മാനസിക പിരിമുറുക്കവും കുട്ടികളില്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും ഇതുസംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നുണ്ട്. അതേസമയം എസ്.എസ്.എല്‍.സി, വാര്‍ഷിക പരീക്ഷകളും എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളും അടുത്ത സാഹചര്യത്തില്‍ പഠനോത്സവം വിജയകരമായി നടത്താന്‍ എങ്ങനെ സമയം കണ്ടെത്തുമെന്ന ആശങ്കയിലാണ് അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."