മതങ്ങളെ പരസ്പരം ആദരിക്കുന്നതാണ് ഭാരതീയ സംസ്കാരം: ഉണ്ണികൃഷ്ണന് മാസ്റ്റര്‍
നിരവില്‍പ്പുഴ: ഏറ്റവും ഉദാത്തവും സൗഹൃദ സമ്പന്നമായിരുന്നു ഇന്ത്യയുടെ പൂര്‍വകാല ചരിത്രമെന്നും മതങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും ആദരവും നല്കി എല്ലാവര്‍ക്കുമിടയില്‍ മാനുഷിക പരിഗണന കല്‍പ്പിക്കുന്നതായിരുന്നു ഭാരതീയ സംസ്കാരമെന്നും കോണ്‍ഗ്രസ് പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനത്തില്‍ കല്‍പ്പറ്റയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ഥം ജില്ലാ പ്രസിഡന്റ് മുഹിയുദ്ദീന് കുട്ടി യമാനി നയിക്കുന്ന രാഷ്ട്ര രക്ഷായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്നവര്‍ ഫാഷിസ്റ്റ് അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. മതവൈര്യത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് രാജ്യത്ത് വിഭാവനം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത തകര്‍ന്നു പോവാതിരിക്കാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവില്‍പുഴ, വെള്ളമുണ്ട, തരുവണ, ചുണ്ടമുക്ക്, മാനന്തവാടി, കാട്ടിക്കുളം, തലപ്പുഴ, പേരിയ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി യാത്രയുടെ ഒന്നാംദിനം വാളാട് സമാപിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ശൗഖത്തലി വെള്ളമുണ്ട, ലത്തീഫ് വാഫി, ഖാസിം ദാരിമി, ജംഷീര്‍ ബാഖവി, അനസ് കമ്പളക്കാട്, അലി യമാനി പ്രഭാഷണം നടത്തി. ഇന്ന് അഞ്ചാംമൈലില്‍ നിന്നും ആരംഭിച്ച് പനമരം, പുല്‍പ്പള്ളി, ബീനാച്ചി, സുല്‍ത്താന്‍ ബത്തേരി, നായ്ക്കെട്ടി, ചുള്ളിയോട്, അമ്പലവയല്‍, വടുവഞ്ചാല്‍, മേപ്പാടി, വൈത്തിരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം യാത്ര പൊഴുതനയില്‍ സമാപിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച രാഷ്ട്രരക്ഷാ യാത്രയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ നിര്‍വഹിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."