ബിഹാറില്‍ വിശാല സഖ്യത്തിന് പ്രശാന്ത് കിഷോറിന്റെ നീക്കം
പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരേ തിരക്കിട്ട നീക്കങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജെ.ഡി.യുവില്‍നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം യുവാക്കളെ ലക്ഷ്യമിട്ട് 'ബാത്ത് ബിഹാര്‍ കി' എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെ സഖ്യ രൂപീകരണത്തിന് മറ്റ് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായാണ് റിപോര്‍ട്ട്.
രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ, എച്ച്.എ.എം.എസ് (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍) സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി, ബിഹാര്‍ പി.സി.സി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, എന്നിവരുമായി ഇക്കഴിഞ്ഞ ദിവസം പ്രശാന്ത് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയില്‍ ആര്‍.ജെ.ഡിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.
പ്രശാന്ത് കിഷോര്‍ തങ്ങളുമായി നേരിട്ട് സഹകരിച്ചില്ലെങ്കിലും ജെ.ഡി.യുവിന്റെ തന്ത്രങ്ങളെ കുറിച്ച് ബോധ്യമുള്ളയാളെന്ന നിലയില്‍ അദ്ദേഹത്തില്‍നിന്ന് സഹായം തേടാന്‍ ശ്രമം നടത്തുമെന്ന് ആര്‍.എല്‍.എസ്.പി, എച്ച്.എ.എം(എസ്) നേതാക്കള്‍ പറഞ്ഞു. ഞങ്ങളുടെ നേതാവ് ഉപേന്ദ്ര കുശ്‌വാഹയ്ക്ക് പ്രശാന്ത് കിഷോറിനോട് നല്ല മതിപ്പാണുള്ളത്. നിതീഷിനെതിരായ പ്രശാന്തിന്റെ ആക്രമണങ്ങളെ അദ്ദേഹം ട്വീറ്റുകളിലൂടെ പിന്തുണച്ചിരുന്നു. ശക്തമായ ആസൂത്രണമാണ് ആവശ്യം. കോണ്‍ഗ്രസ് ഇതിനു മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ആര്‍.എല്‍.എസ്.പി നേതാവ് പറഞ്ഞു.
എല്ലാ എന്‍.ഡി.എ ഇതരകക്ഷികളെയും ചേര്‍ത്ത് സഖ്യം രൂപവത്കരിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രശാന്ത് കിഷോറില്‍നിന്ന് സഹായം സ്വീകരിക്കുന്നതിനോട് ആര്‍.ജെ.ഡി വിമുഖത പ്രകടിപ്പിച്ചതും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടണമെന്ന ഉപാധിയുംസഖ്യത്തില്‍ കല്ലുകടിയാവുകയായിരുന്നു.
ആര്‍.ജെ.ഡി നിലപാടില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ പുതിയ സാധ്യതകള്‍ രൂപപ്പെട്ടേക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. എന്‍.ഡി.എയെ പരാജയപ്പെടുത്തുന്ന ഏതൊരു ആശയത്തെയും വ്യക്തിയെയും സ്വാഗതം ചെയ്യുന്നുവെന്നും മാഞ്ചിയുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
ജെ.ഡി.യുവില്‍നിന്ന് പുറത്താക്കിയ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം നിതീഷ്‌കുമാറിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയും 'ബാത്ത് ബിഹാര്‍ കി' എന്ന പേരില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു.
നൂറുദിവസം കൊണ്ട് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പത്തുലക്ഷം പേരെ ഒരുമിച്ച് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് കാംപയിന്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള മൂന്നുലക്ഷം പേര്‍ കാംപയിനില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നൂറുദിവസത്തിനുള്ളില്‍ ഏഴുലക്ഷം പേര്‍ കൂടി ചേരുമെന്നും പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."