എച്ച് 1 എന്‍ 1 : ജാഗ്രത പാലിക്കണം
കൊല്ലം: കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ എച്ച് 1 എന്‍ 1 പനിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി.വി ഷേര്‍ലി അറിയിച്ചു. ഇന്‍ഫ്ളുവന്‍സ എ വിഭാഗത്തിലെ വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് എച്ച് 1 എന്‍ 1 പനി. സാധാരണ പകര്‍ച്ച പനിയുടെയും എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഒന്നു തന്നെയാണ്. പനി, ചുമ, ശ്വാസം മുട്ടല്‍, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയല്‍, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ ചര്ദിയും വയറിളക്കവും കണ്ട് വരുന്നുണ്ട്.
രോഗി തുമ്മുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിന്റെ സാന്നിധ്യമുള്ള വസ്തുക്കളുമായി സമ്പര്ക്കത്തിലേര്പ്പെടുമ്പോഴുമാണ് രോഗപകര്‍ച്ച ഉണ്ടാകുന്നത്. ഗര്‍ഭിണികള്‍, ശ്വാസകോശം, ഹൃദയം, കരള്‍ സംബന്ധിയായ രോഗമുള്ളവര്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ട് വയസ്സില്‍ താഴെപ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ബാധിച്ചാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.
ആവശ്യാനുസരണം ധാരാളം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, സോപ്പുപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ വിശ്രമിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകള്‍കൊണ്ട് വായും മൂക്കും പൊത്തുക തുടങ്ങിയതാണ് പ്രധാന നിര്‍ദേശങ്ങള്‍. തൊണ്ടയില്‍ നിന്നെടുക്കുന്ന സ്രവപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."