വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി; സിസ്റ്റര്‍ ലൂസിയ്ക്ക് മുന്നറിയിപ്പുമായി സഭ
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി കടുപ്പിച്ച് സഭ. അടിയന്തരമായി വിശദീകരണം നല്‍കാനാണ് സഭയുടെ നിര്‍ദ്ദേശം.
ഫെബ്രുവരി ആറിനകം വിശദീകരണവുമായി മദര്‍ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ മുന്നറിയിപ്പാണ് ലൂസി കളപ്പുരയ്ക്ക് ലഭിക്കുന്നത്.
സിസ്റ്റര്‍ സഭാ നേതൃത്വത്തിനും സന്യാസ സമൂഹത്തിനുമെതിരായി പ്രവര്‍ത്തിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും നോട്ടിസിലുണ്ടായിരുന്നു.
എറണാകുളത്തെ ഹൈക്കോടതി ജങ്ഷനില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ സുപ്പീരിയരുടെ അനുമതിയില്ലാതെ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സഭാ വസ്ത്രത്തിന് പകരം ചൂരിദാറണിഞ്ഞ് സിസ്റ്റര്‍ ലൂസി സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിയ പരാമര്‍ശങ്ങളെപ്പറ്റിയും കത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."