തളിപ്പറമ്പ് നഗരസഭയില്‍ നിര്‍മാണം തകൃതി
തളിപ്പറമ്പ്: നഗരസഭയില്‍ സ്ത്രീകള്‍ക്കു മാത്രമായി രണ്ട് ടോയ്‌ലറ്റുകളുടെയും ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ്, ടൗണ്‍ സ്‌ക്വയര്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനവും മുലയൂട്ടല്‍ കേന്ദ്രം നിര്‍മാണവും പുരോഗതിയില്‍. 2016-17 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവിലാണ് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും കൂവോട് ആയുര്‍വേദ ആശുപത്രിയിലും ഷീ-ടോയ്‌ലറ്റ് എന്ന പേരില്‍ പുതിയ ഇ-ടോയ്‌ലറ്റ് പണിയുന്നത്. നാലു ലക്ഷം രൂപ ചെലവിലാണ് ടൗണ്‍ സ്‌ക്വയറിന്റെയും ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍.
ദിനംപ്രതി ആയിരക്കണക്കിന് ആള്‍ക്കാര്‍ വന്നുപോകുന്ന രണ്ട് പ്രധാന സ്ഥലങ്ങളില്‍ സ്ത്രീകള്‍ ടോയ്‌ലറ്റുകളില്‍ പോകുന്നതിന് ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കു മാത്രമായി പുതിയ ഇ-ടോയ്‌ലറ്റ് പണിയുന്നത്. ഒരു യൂനിറ്റിന് ഏഴ് ലക്ഷം രൂപ ചെലവു വരും.
കരാര്‍ ഏറ്റെടുത്ത തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സി മാര്‍ച്ച് 31നകം പ്രവൃത്തി പൂര്‍ത്തീകരിക്കാനുളള ശ്രമത്തിലാണ്. തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ മുലയൂട്ടല്‍ കേന്ദ്രം വേണമെന്ന വളരെ കാലത്തെ ആവശ്യവും ഇതോടൊപ്പം യാഥാര്‍ഥ്യമാകുകയാണ്.
അതേ സമയം ടോയ്‌ലറ്റ് നിര്‍മിക്കുന്നതിന് തെരഞ്ഞെടുത്ത സ്ഥലത്തെക്കുറിച്ച് തര്‍ക്കം ഉടലെടുത്തിട്ടുണ്ട്.
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാനിരിക്കുന്ന സ്ഥലത്തേക്കും എട്ട് കുടുംബങ്ങള്‍ താമസിക്കുന്ന ഗവ.ആശുപത്രി ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാനുമുള്ള വഴിയിലാണ് പുതിയ ഇ-ടോയ്‌ലറ്റ് പണിയുന്നത്. കോണ്‍ക്രീറ്റ് ചെയ്ത ടാങ്കിന് പകരം സിമന്റ് കട്ടകള്‍ നിരത്തി തട്ടിക്കൂട്ട് പണിയാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ആശുപത്രി ബസ്‌സ്റ്റോപ്പില്‍ നൂറുകണക്കിന് സ്ത്രീകളും കോളജ് വിദ്യാര്‍ഥിനികളും ബസ് കാത്തുനില്‍ക്കാറുണ്ട്. അവര്‍ക്ക് കൂടി ഇ-ടോയ്‌ലറ്റിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."