മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം: പുരോഗതി വിലയിരുത്തി
കണ്ണൂര്‍: മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസവുമായി ബന്ധപ്പെട്ട കല്യാശ്ശേരി മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ടി.വി രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ ഒന്നാംഘട്ട പ്രവൃത്തികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 80.4 കോടിയും സംസ്ഥാനസര്‍ക്കാര്‍ 40 കോടിയും നേരത്തേ അനുവദിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളെ കൂട്ടിയിണക്കിയും തീരങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുമാണ് റിവര്‍ ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്. തെയ്യം ടൂറിസത്തിന്റെ ഭാഗമായി പഴയങ്ങാടി, വാടിക്കല്‍, തെക്കുമ്പാട്, മാട്ടൂല്‍, മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, മടക്കര എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന കലാകാരന്‍മാരുടെ ആലകള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, തെയ്യം പ്രദര്‍ശന കേന്ദ്രം, ബോട്ട് ടെര്‍മിനലുകള്‍, സൈക്കിള്‍ ട്രാക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലെത്തിയതായി എം.എല്‍.എ പറഞ്ഞു. 25 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ആവശ്യമായ ഭൂമി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ആവശ്യമായി വരുന്ന ഇടങ്ങളില്‍ ഇതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാന്‍ ബാക്കിയുള്ള പഞ്ചായത്തുകള്‍ക്ക് വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി.
സി.എന്‍ അനിതാ കുമാരി, പി. മുരളീധരന്‍, ജിതേഷ് ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പ്രതിനിധികള്‍, പദ്ധതി ആര്‍ക്കിട്ടെക്റ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."