യുവാവിന് സ്‌നേഹഭവനില്‍ അഭയമൊരുക്കി ജനമൈത്രി പൊലിസ്
കൂത്തുപറമ്പ്: തെരുവില്‍ അലയുകയായിരുന്ന യുവാവിന് സ്‌നേഹഭവനില്‍ അഭയമൊരുക്കി കൂത്തുപറമ്പ് ജനമൈത്രി പൊലിസ്. ആമ്പിലാട് സ്വദേശി സിദ്ദീഖിനെ (30)യാണ് ജേസീസ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ പൊലിസ് ആലച്ചേരിയിലെ സ്‌നേഹ ഭവനിലെത്തിച്ചത്.
കൂത്തുപറമ്പ് ടൗണിലെത്തുന്നവരുടെ വര്‍ഷങ്ങളായുള്ള നൊമ്പരക്കാഴ്ച്ചയായിരുന്നു ടൗണില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ആമ്പിലാട് സ്വദേശി സിദ്ദീഖ്. ജീവിതയാത്രക്കിടയില്‍ മനസിന്റെ സമനില നഷ്ടപ്പെട്ടു പോയ സിദ്ദീഖ് കൂത്തുപറമ്പ് ടൗണിലെ കട തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. വീടുമായി ബന്ധമില്ലാത്ത യുവാവിന് പരിചയക്കാര്‍ വല്ലപ്പോഴും നല്‍കിയിരുന്ന ആഹാരമായിരുന്നു ഏക ആശ്രയം. അടുത്ത കാലത്തായി അക്രമ സ്വഭാവം കാണിക്കാന്‍ തുടങ്ങിയ യുവാവിനെ കുട്ടികളും മറ്റും ഭയപ്പാടോടെയാണ് കണ്ടിരുന്നത്. യുവാവിന്റെ അഭ്യാസ പ്രകടനങ്ങള്‍ അതിരുവിടാന്‍ തുടങ്ങിയതോടെ കൂത്തുപറമ്പ് ജനമൈത്രി പൊലിസ് ഇടപെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് ടൗണില്‍ നിന്നും സിദ്ദീഖിനെ പിടികൂടിയ ജനമൈത്രി പൊലിസ് സംഘം ആലച്ചേരിയിലെ സ്‌നേഹഭവനിലെത്തിക്കുകയായിരുന്നു. പൊലിസ് ജീപ്പില്‍ കയറാന്‍ മടിച്ച സിദ്ദീഖിനെ ബന്ധുക്കളുടെ സഹായത്തോടെ തന്ത്രപൂര്‍വം സ്റ്റേഷനിലെത്തിച്ചാണ് സ്‌നേഹഭവനിലേക്ക് കൊണ്ടുപോയത്. ജെ.സി.ഐ.പ്രവര്‍ത്തകര്‍ പുതിയ വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു. കൂത്തുപറമ്പ് സി.ഐ.ബി രാജേന്ദ്രന്‍, എസ്.ഐ കെ.വി നിഷിത്ത്, അഡീഷനല്‍ എസ്.ഐ കെ.എ സുധി, ജെ.സി.ഐ ഭാരവാഹികളായ അഖില്‍ മുരിക്കോളി, എന്‍.പി പ്രകാശന്‍, കെ. രഞ്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിദ്ദീഖിനെ സ്‌നേഹഭവനില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."