യു.പിയില്‍ ആറാംഘട്ടവും മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പും ആരംഭിച്ചു
ഇംഫാല്‍/ലഖ്‌നോ: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയുടെ രംഗപ്രവേശത്തോടെ രാഷ്ട്രീയശ്രദ്ധ നേടിയ മണിപ്പൂരിലും ഉത്തർപ്രദേശിലും വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ആകെ 60 മണ്ഡലങ്ങളില്‍ 38 ഇടത്താണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആറാംഘട്ടത്തില്‍ ഇന്ന് 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയാണ് മേഖലകളില്‍ ഒരുക്കിയിരിക്കുന്നത്. മണിപ്പൂരില്‍ കിഴക്കന്‍ ഇംഫാല്‍, പടിഞ്ഞാറന്‍ ഇംഫാല്‍, ബിശ്‌നുപൂര്‍, മലയോര ജില്ലകളായ ചുരാചന്ദ്പൂര്‍, കങ്‌പോക്പി എന്നിവിടങ്ങളില്‍ ആകെ 1,643 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 168 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ആകെ 19,02,562 സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 9,28,573 ആണ്‍ വോട്ടര്‍മാരും 9,73,989 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
നൂറിലേറെ ശതകോടീശ്വരന്മാരും ക്രിമിനലുകളും മത്സരരംഗത്തുള്ള ഉത്തര്‍പ്രദേശിലെ ആറാംഘട്ടത്തില്‍ 1.72 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 77.84 ലക്ഷം സ്ത്രീകളും 94.60 ലക്ഷം പുരുഷന്മാരുമാണ്. ആകെ 635 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.
എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ അഅ്‌സംഗഢ്, വിവാദ ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങള്‍ ഈ പരിധിയിലാണു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."