ഗതാഗതക്കുരുക്കും റോഡ് മുറിച്ച് കടക്കാനകാതെ ഡിവൈഡറുകളും ജനങ്ങള്‍ വലയുന്നു
ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്കും, ഡിവൈഡറുകളും ജനങ്ങളെ വലയ്ക്കുന്നു. ഒറ്റപ്പാലത്തെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് ആരംഭത്തില്‍ കുളപ്പുള്ളി പാലക്കാട് റോഡില്‍ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഡിവൈഡറുകള്‍ സ്ഥാപിച്ചതാണ് ജനരോഷത്തിന് ഇടയാക്കുന്നത്. ഡിവൈഡറുകള്‍ സ്ഥാപിച്ചതോടെ വര്‍ഷങ്ങളായി കാല്‍നടക്കാര്‍ ഉപയോഗിച്ചിരുന്ന വഴി അടയുകയായിരുന്നു.
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടന്ന് പൊലിസ് സ്റ്റേഷന്‍, താലൂക്ക് ഓഫിസ്, പോസ്റ്റ് ഓഫിസ്, കോടതി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന വഴിയാണ് ഇതോടെ അടഞ്ഞത്. നിലവില്‍ റോഡ് മുറിച്ച് കടക്കാന്‍ ടി.ബി റോഡ് ജങ്ഷന്‍ വരെയോ, നഗരസഭ ബസ് സ്റ്റാന്റ് കവാടത്തിന് മുന്‍വശം വരെയോ നടന്ന് വരേണ്ട അവസ്ഥയാണുള്ളത്. സ്ത്രീകളും, കുട്ടികളും വൃദ്ധരും, ഏറെ പ്രയാസപ്പെടുന്ന ഈ സംവിധാനം മാറ്റണമെന്ന് വാദമാണ് ഏറെ ശക്തമായത്. ഗാന്ധിപ്രതിമയുടെ മുന്‍വശത്തുകൂടിയാണ് വര്‍ഷങ്ങളായി ആര്‍.എസ് റോഡിലേക്ക് ജനങ്ങള്‍ പ്രവേശിച്ചിരുന്നത്.
ടി.ബി റോഡില്‍നിന്നും എളുപ്പത്തില്‍ ആര്‍.എസ് റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത്. വഴിയടഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് 28ന് തിങ്കളാഴ്ച രാവിലെ 11ന് ഒറ്റപ്പാലം ഡവലപ്‌മെന്റ് ഫോറം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."