അപകടങ്ങള്‍ വിളിച്ചുവരുത്തി വാഹനങ്ങളുടെ അമിതവേഗത
പിരായിരി: പാലക്കാട്-പെരുങ്ങോട്ടുക്കുറിശ്ശി സംസ്ഥാന പാതയിലെ പിരായിരി-പൂടൂര്‍-കോട്ടായി റോഡ് കുരുതിക്കളമാകുമ്പോഴും വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ കടലാസില്‍ മാത്രമാകുന്നു. പിരായിരി-ചുങ്കം മുതല്‍ വാവുള്ള്യാല്‍ വരെയുള്ള ഭാഗമാണ് കൂടുതലായും അപകടമേഖല. ഇതില്‍ അയ്യപ്പന്‍കാവിനും പള്ളികുളത്തിനു മിടയ്ക്ക് മാത്രം നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഇതുവഴിയുള്ള റോഡ് രണ്ടു വര്‍ഷം മുന്‍പ് വീതികൂട്ടി റെബറൈസ്ഡ് ചെയ്തതാണ്.
ഇതോടെ സ്വകാര്യബസുകളുല്‍പ്പെടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലാണ്. ഇതിനു പുറമെ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായ ഇവിടം നായക്കള്‍ കുറുകെ ചാടിയുള്ള അപകടങ്ങളും നിരവധിയുണ്ടായിട്ടുണ്ട്.
റോഡരികിലെ നിലം പൊത്താറായ മരങ്ങളും സന്ധ്യ മയങ്ങിയാല്‍ തെരുവുവിളക്കുകള്‍ കത്താത്തതും ഇവിടെ വാഹന യാത്രക്കാര്‍ക്കു ദുരിതം തീര്‍ക്കുന്നുണ്ട്. റോഡിനിരുവശങ്ങളിലുമായി ചുങ്കം മുതല്‍ ആനിക്കോട് വരെ നിരവധി ആരാധനാലയങ്ങളും വിദ്യാലയങ്ങളുമാണുള്ളത്. ഇത്രയേറെ ആരാധനാലയങ്ങളും വിദ്യാലയങ്ങളുമുള്ള പാതയില്‍ കാലങ്ങളായി വേഗത കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങളോ സ്‌കൂള്‍ സമയങ്ങളില്‍ പൊലിസ് സേവനമോ ഇല്ലാത്തതാണിവിടം വാഹനങ്ങളുടെ മരണപ്പാച്ചിലിനു കാരണം.
മിക്കയിടത്തും കാല്‍ നടയാത്രക്കാര്‍ റോഡുമുറിച്ചു കടക്കുന്നത് പ്രാണഭയത്തോടെയാണ്. റോഡ് നവീകരണം കഴിഞ്ഞതോടെ ചിലയിടങ്ങളില്‍ സീബ്രാലൈന്‍ വരച്ചിട്ടുണ്ടെങ്കിലും സ്‌കൂളുകളില്‍നിന്നും വരുന്ന കുട്ടികളടക്കം റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുകയാണ്.
മേഴ്‌സി കോളേജിനു സമീപത്തെ കാണിക്കമാതാ കോണ്‍വെന്റിനു സമീപം മാത്രമാണ് സ്‌കൂള്‍ സമയത്ത് നിയമപാലകരുടെ സേവനമുള്ളത്. പൂടൂര്‍ വഴി ദൂരം കുറവായതിനാല്‍ ചരക്കു വാഹനങ്ങളും പത്തിരിപ്പാല ഭാഗത്തേയ്ക്ക് പോകുന്നതും ഇതുവഴിയാണ്.
മുന്‍പ് പള്ളിക്കുള്ളത്ത് മരം കയറ്റിയ ലോറിയിടിച്ചു രണ്ടു വയസുകാരന്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ട് യുവാക്കളുടെ മരണത്തിനു കാരണമായ ദീര്‍ഘദൂര ബസുള്‍പ്പെടെയുള്ള ഇതുവഴി സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അമിത വേഗതയെപ്പറ്റി നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും മരണപാതയായി മാറിയ പാലക്കാട്-പൂടൂര്‍-കോട്ടായി റോഡില്‍ വേഗതാ നിയന്ത്രണ സംവിധാനങ്ങളും സ്‌കൂള്‍ സമയത്ത് പൊലിസുകാരുടെ സേവനവും വേണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."