HOME
DETAILS
MAL
പിതാക്കന്മാരുടെ കേരള കോണ്‍ഗ്രസ്; സാമ്രാജ്യം നിലനിര്‍ത്താന്‍ മക്കളുടെ പോരാട്ടം
backup
February 23 2020 | 04:02 AM
യു.എച്ച് സിദ്ദീഖ്
കോട്ടയം: പിതാക്കന്മാര്‍ അടക്കിവാണ കേരള കോണ്‍ഗ്രസുകളുടെ അധികാരം കൈവിടാതിരിക്കാന്‍ മക്കളുടെ പോരാട്ടം. കെ.എം മാണിയും ടി.എം ജേക്കബും കാലയവനികയിലേക്ക് മറഞ്ഞപ്പോള്‍ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ അനന്തരവകാശം ഉറപ്പിക്കാന്‍ ജോസ് കെ. മാണിക്ക് പിന്നാലെ അനൂപ് ജേക്കബും പൊരുതുന്നു.
കെ.എം മാണി നട്ടുനച്ചു വളര്‍ത്തിയ കേരള കോണ്‍ഗ്രസിനെ പി.ജെ ജോസഫും കൂട്ടരും സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ടി.എം ജേക്കബിന്റെ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ജേക്കബ് ) നെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പി.ജെ ജോസഫിന്റെ ആലയില്‍ കെട്ടാനുള്ള ശ്രമത്തിലും. രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരായി പിതാക്കന്മാര്‍ അവരോധിച്ച ജോസ് കെ. മാണിക്കും അനൂപ് ജേക്കബിനും രാഷ്ട്രീയ അസ്തിത്വം നിലര്‍ത്താന്‍ നന്നായി തന്നെ അധ്വാനിക്കേണ്ട ഗതികേടിലാണിപ്പോള്‍.
കേരള കോണ്‍ഗ്രസ് (എം) തലപ്പത്ത് സുഗമമായി എത്താമെന്ന് കരുതിയ ജോസ് കെ. മാണിയുടെ മോഹത്തെ മാണിയുടെ വിശ്വസ്ഥരായ മുതിര്‍ന്ന നേതാക്കളെ മുന്‍നിര്‍ത്തിയാണ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് തല്ലിത്തകര്‍ത്തത്. സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടി ജോസ് കെ. മാണി ചെയര്‍മാനായി അവരോധിക്കപ്പെട്ടുവെങ്കിലും കോടതി കയറിയ കളിയില്‍ തോറ്റു നില്‍ക്കുകയാണിപ്പോള്‍.
ആദ്യം ജോസഫിന്റെ കൈയിലായ രണ്ടില ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലില്‍ ഫ്രീസറിലാക്കാനായത് മാത്രമാണ് ജോസ് കെ. മാണിക്ക് ആശ്വാസം. അധികാരത്തര്‍ക്കം അന്തിമ തീര്‍പ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലാണ്.
തെളിവെടുപ്പും വിചാരണയും പൂര്‍ത്തിയാക്കിയ കമ്മിഷന്‍ അന്തിമവിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. വിധി എതിരായാല്‍ കെ.എം മാണിയുടെ പേരിലുള്ള പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസഫ് സ്വന്തമാക്കുന്നത് ജോസ് കെ. മാണിക്ക് കനത്ത തിരിച്ചടിയാവും. സ്വന്തം പേര് ബ്രാക്കറ്റില്‍ ചേര്‍ത്ത് ജോസ് കെ. മാണിക്ക് പുതിയ കേരള കോണ്‍ഗ്രസിന് ജന്മം നല്‍കാം. വിധി അനുകൂലമായാല്‍ പിതാവിന്റെ സാമ്രാജ്യം കൈവിടാതെ കാത്ത മകനെന്ന ഖ്യാതി കേരള കോണ്‍ഗ്രസുകളുടെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കാം.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനായിരുന്ന കെ.എം ജോര്‍ജിനെ അപ്രസക്തനാക്കി കെ.എം മാണി സ്വന്തം വരുതിയിലാക്കിയ പാര്‍ട്ടിയെ പുത്രന്‍ ജോസ് കെ. മാണിക്ക് നഷ്ടപ്പെടുമോയെന്നതാണ് ഇനി അറിയാനുള്ളത്. കെ.എം മാണിയോട് പിണങ്ങി 1993 ല്‍ ടി.എം ജേക്കബ് സ്ഥാപിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്).
ആദ്യം കെ. കരുണാകരന്റെ ഡി.ഐ.സിയില്‍ ലയിച്ചു സ്വയം ഇല്ലാതായി. രാഷ്ട്രീയ നിലനില്‍പ്പ് പ്രതിസന്ധിയിലായതോടെ സ്വന്തം പേരിലുള്ള പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച ടി.എം ജേക്കബ് യു.ഡി.എഫിലേക്ക് മടങ്ങി. ജേക്കബിന്റെ മരണശേഷം ജോണി നെല്ലൂരിനെ അപ്രസക്തനാക്കി അനൂപ് ജേക്കബ് എം.എല്‍.എയും മന്ത്രിയും പാര്‍ട്ടി ലീഡറുമൊക്കെ ആയി.
എന്നാല്‍ ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഉറപ്പിച്ചു സര്‍വാധിപതിയായി. ഒടുവില്‍ ചെയര്‍മാനായ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോസഫ് നയിക്കുന്ന മാണി ഗ്രൂപ്പില്‍ ലയിക്കാനൊരുങ്ങുന്നു.
ജോണി നെല്ലൂര്‍ വിഭാഗം ലയിക്കുമ്പോള്‍ പാര്‍ട്ടിയെ അതേ പേരില്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് അനൂപ് ജേക്കബ്. കേരള കോണ്‍ഗ്രസ് ( ജേക്കബ് ) എന്ന പേരില്‍ പാര്‍ട്ടിയെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അനൂപിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍പില്‍ നിയമപോരാട്ടം നടത്തേണ്ടി വരുമോയെന്നതും കാത്തിരുന്ന് കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."