ദേശമംഗലം കാട്ടുതീ ദുരന്തം; വനപാലകരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി മന്ത്രിയെത്തി
എരുമപ്പെട്ടി(തൃശൂര്‍): ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടയില്‍ പൊള്ളലേറ്റ് മരിച്ച വനം വകുപ്പ് ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വനം മന്ത്രി കെ.രാജു കൈമാറി. ഇവരുടെ വീടുകളിലെത്തിയാണ് മന്ത്രി സഹായം കൈമാറിയത്.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ വാഴച്ചാല്‍ ആദിവാസി കോളനിയിലെ ദിവാകരന്‍, താല്‍ക്കാലിക വാച്ചര്‍മാരായ എരുമപ്പെട്ടി കൊടുമ്പ് ചാത്തന്‍ചിറ കോളനിയില്‍ വട്ടപറമ്പില്‍ ശങ്കരന്‍, ഇടമനപ്പടി വേലായുധന്‍ എന്നിവരാണ് തീ അണയ്ക്കുന്നതിനിടയില്‍ പൊള്ളലേറ്റ് മരിച്ചത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കാനുള്ള നടപടി ഉടന്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
വനം വകുപ്പ്, പെരിയാര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ 7.5 ലക്ഷം രൂപയും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു ലക്ഷവും അടക്കം 8.5 ലക്ഷം രൂപയാണ് വനം വകുപ്പ് പ്രഖ്യാപിച്ചത്.
ഇതില്‍ 50,000 രൂപ അടിയന്തര സഹായമായി നല്‍കിയിരുന്നു. ബാക്കി വരുന്ന 8 ലക്ഷം രൂപയാണ് മന്ത്രി നേരിട്ടെത്തി കൈമാറിയത്. ഇതിന് പുറമെ സഹായധനം സ്വരൂപിച്ച് നല്‍കാന്‍ വനം വകുപ്പ് ജീവനക്കാരുടെ സംഘടനയ്ക്ക് മന്ത്രി അനുവാദം നല്‍കി.
വനംവകുപ്പ് ജീവനക്കാരനായിരുന്ന ദിവാകരന്റെ ആശ്രിതന് സ്ഥിരം നിയമനവും, താല്‍ക്കാലിക ജീവനക്കാരായിരുന്ന ശങ്കരന്റേയും വേലായുധന്റേയും ആശ്രിതര്‍ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിയും നല്‍കും. ഇവരുടെ മരണവാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം മരിച്ച നാട്ടുകാരനും സുഹൃത്തുമായ കണ്ണങ്ങത്ത് അയ്യപ്പന്റെ വീട്ടിലും മന്ത്രി സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."