സഊദിയില്‍ പ്രവാചകനെയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശിയുടെ ശിക്ഷ ഇരട്ടിയാക്കി
റിയാദ്: സഊദിയില്‍ പവാചകനെയും രാജ്യത്തെയും സാമൂഹിക മാധ്യമം വഴി അപകീര്‍ത്തി നടത്തിയ കേസില്‍ മലയാളി എഞ്ചിനീയര്‍ക്ക് കോടതി നേരത്തെ വിധിച്ച ശിക്ഷാ കാലാവധി ഉയര്‍ത്തി. ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെയുള്ള ശിക്ഷയാണ് പത്തു വര്‍ഷമാക്കി വര്‍ധിപ്പിച്ചത്. അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ (28 ലക്ഷം രൂപ) മാണ് നേരത്തെ വിധിച്ചിരുന്നത്. ഇതാണ് ദമാം ക്രിമിനല്‍ കോടതി പത്തു വര്‍ഷമാക്കി ഇരട്ടിയാക്കിയത്. ശിക്ഷ പുനഃപരിശോധിക്കാന്‍ അപ്പീല്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ കോടതി പ്രതി മുസ്‌ലിമായിരുന്നുവെങ്കില്‍ ഐക്യകണ്ഡേന വധശിക്ഷ വിധിക്കുമായിരുന്നുവെന്ന് മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കിയ ശൈഖ് അഹ്മദ് അല്‍ഖുറൈനി പറഞ്ഞു.
സഊദി അരാംകോയുടെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായ വിഷ്ണു ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണ് ദഹ്‌റാന്‍ പൊലിസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ കേസില്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ നിയമ വ്യവസ്ഥിതിക്കെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ അധിക്ഷേപിച്ച കേസിലാണ് ദമാം ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്താല്‍ മൂന്നു ലക്ഷം റിയാല്‍ വരെ പിഴയടക്കണം. കനത്ത ശിക്ഷ നല്‍കാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. ഇതിനു ശേഷം ഇത്തരം കേസില്‍ ആദ്യത്തെ വിധിയാണിതെന്നാണ് അറിയുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ് തുടങ്ങി സോഷ്യല്‍ മീഡിയ വഴി ദുരുപയോഗം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."