വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു
മാനന്തവാടി: ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ രണ്ടുപേര്‍ക്കാണ് ആരോഗ്യവകുപ്പ് പനി സ്ഥിരീകരിച്ചത്. പഞ്ചായത്തിന്റെ വ്യത്യസ്തയിടങ്ങളിലായി 36കാരനും 27കാരനുമാണ് പനി സ്ഥിരീകരിച്ചത്.
36 വയസുള്ള യുവാവിനെ രോഗലക്ഷണങ്ങളോടെ ഈ മാസം 20ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ രക്തസാമ്പിളുകളും മറ്റും മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് രോഗബാധ സ്ഥിരീകരിച്ചത്.
നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്നും മറ്റ് ഭയാശങ്കകള്‍ വേണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്നലെ വൈകിട്ടോടെ പനി സ്ഥിരീകരിച്ച 27കാരന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ നില അല്പം ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന സൂചന. കഴിഞ്ഞ 20ന് പനി ബാധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതാണ് യുവാവും. രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കായി മണിപ്പാലിലേക്ക് അയച്ചത്. രണ്ടുപേര്‍ക്ക് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സത്വര നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."