ഗര്‍ഭിണി ഉണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; അപകടത്തിന്റെ കാരണം ഡ്രൈവറുടെ തോന്ന്യവാസം: കല്ലട ബസിനെതിരെ ആരോപണവുമായി യാത്രക്കാരി
കോഴിക്കോടത്: കഴിഞ്ഞ ദിവസം മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ അപകടത്തില്‍പെട്ട കല്ലട ബസ് ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി യാത്രക്കാരി. അമിത വേഗതയിലാണ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നും യാത്രക്കാര്‍ വിലക്കിയിട്ടും ഇയാള്‍ അനുസരിച്ചില്ലെന്നും അപകടം നടന്ന ബസിലുണ്ടായിരുന്ന യാത്രക്കാരി അമൃത ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം നടന്നതെന്ന വിവരം സത്യമല്ലെന്നും ഡ്രൈവറുടെ തോന്ന്യവാസവും വേഗതയുമാണ് അപകടകാരണമെന്നും അമൃത പറഞ്ഞു.
'ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്‌സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9.30നാണ് ബെംഗളൂരുവില്‍ നിന്നും എടുക്കുന്നത്. 9.30ന് ഞങ്ങളെല്ലാം കയറി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ ഓവര്‍സ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങ്ങള്‍ കിടന്നിരുന്നത്. അതിനകത്തുള്ള പാസഞ്ചേഴ്‌സ് രണ്ടു മൂന്നു പേര്‍ !!!ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു. ഫാമിലിയും പ്രഗ്‌നന്റ് ആയിട്ടുള്ള സ്ത്രീയും മറ്റുള്ളവരും ഉള്ള ബസാണ്, നിങ്ങള്‍ കുറച്ച് മെല്ലെ ഓടിക്കണമെന്ന്.
അപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങള്‍ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങള്‍ പോകുന്ന റോഡാണിത്. അതിനുശേഷം പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഈ ആക്‌സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. എന്താണ് ഉണ്ടായതെന്ന് മനസ്സിലായില്ല. ബസിലുള്ള എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തെറിച്ചു വീണു. എന്റെ തലയിടിച്ച് രക്തം കട്ടപിടിച്ചു. ഞാന്‍ താഴത്തെ ബെര്‍ത്തിലാണ് കടിന്നിരുന്നത്. മുകളിലത്തെ ബെര്‍ത്തടക്കം അതിലുള്ള ആളും എന്റെ മേലേക്ക് വീഴുകയായിരുന്നു.
മരിച്ച പെണ്‍കുട്ടിയുടെ മേലേക്കും ഇതെല്ലാം വന്ന് പതിച്ചു. ഉള്ളില്‍ മുറിവുണ്ടായാണ് മരണം സംഭവിച്ചത്. എന്നെ ആരൊക്കെയോ ചേര്‍ന്ന് പൊക്കിയെടുത്ത് കൊണ്ടു പോയപ്പോള്‍ കാണുന്നത് ബസിലെ ക്ലീനര്‍ ഒരു കാലില്ലാതെ കിടക്കുന്നതാണ്. പലരുടെയും കയ്യ്, വിരലുകള്‍ ഒക്കെ നഷ്ടപ്പെട്ടു. ഗര്‍ഭിണിയായ സ്ത്രീക്ക് അരുതാത്തതു സംഭവിച്ചു. ഇതിനെല്ലാം കാരണം ഡ്രൈവറുടെ തോന്ന്യവാസം മാത്രമാണ്.
എന്തിനാണ് ബസ് ഈ റോഡിലേക്ക് തിരിച്ചതെന്നാണ് പൊലിസുകാരന്‍ പോലും ചോദിച്ചത്. ഞങ്ങള്‍ക്ക് നാട്ടിലെത്താനായി കല്ലട മറ്റൊരു ബസ് അയച്ചിരുന്നു. എന്നാല്‍ അതില്‍ കയറാന്‍ ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ, നാട്ടിലേക്കെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ ആ ബസില്‍ കയറി. രാവിലെയാണ് ആ ബസ് അവിടെനിന്നും പുറപ്പെട്ടത്. - അമൃത പറയുന്നു.
ഈ സംഭവം മുന്നില്‍ കണ്ട് സുരക്ഷിത യാത്രയ്ക്കു നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും കേരള പൊലീസിനോടും അമൃത അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."